ആദായ നികുതി: ശമ്പളക്കാര്‍ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ

ഇൻകം ടാക്സ് റിട്ടേൺ ഫോം തിരഞ്ഞെടുക്കുന്നത് മുതൽ ശ്രദ്ധിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്‌

Update:2024-05-21 19:15 IST

ആദായ നികുതി റിട്ടേണുകൾ അടയ്ക്കാനുള്ള അവസാന തീയതിയായ ജൂലൈ 31 ഇങ്ങെത്താറായി. റിട്ടേൺ സമർപ്പിക്കാൻ  ആവശ്യമായ രേഖകളും ഫോമുകളും മറ്റും ശേഖരിക്കുന്ന തിരക്കിലായിരിക്കും  നികുതിദായകർ. അവസാന നിമിഷത്തേക്ക് വയ്ക്കാതെ നേരത്തെ തന്നെ റിട്ടേണുകൾ ഫയൽ ചെയ്യുന്നതാണ് ഉത്തമം. കാരണം നികുതി റിട്ടേണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധികാര്യങ്ങള്‍ നികുതിദായകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവസാന നിമിഷത്തെ തിരക്കിൽ ഇവയെല്ലാം വിട്ടു പോകാനും റിട്ടേൺ അസാധുവാകാനും സാധ്യതയുണ്ട്. 

നികുതി റിട്ടേണുകൾ അടക്കുന്നതിന് മുൻപേ  പാൻ നമ്പറും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടെന്ന് നികുതിദായകർ ഉറപ്പ് വരുത്തണം. റീഫണ്ട് ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് സജീവമാക്കി വയ്ക്കണം. ശമ്പളക്കാരായ നികുതിദായകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം: 

ശരിയായ ഫോം തിരഞ്ഞെടുക്കുക 

ശമ്പളക്കാരായ നികുതിദായകർ ഇൻകം ടാക്സ് റിട്ടേൺ 1 ആണ് ഫയൽ ചെയ്യേണ്ടത്. തെറ്റായ ഫോം തിരഞ്ഞെടുത്താൽ പിന്നീട് പുതുക്കി വീണ്ടും റിട്ടേണുകൾ അടക്കേണ്ടി വരും.  സേവിങ്സ് ബാങ്ക് അക്കൗണ്ട് പലിശയിൽ നിന്നോ ശമ്പളം, വീട്, പുരയിടം, കുടുംബ പെൻഷൻ, കാർഷിക വരുമാനം തുടങ്ങിയ സ്രോതസുകളിൽനിന്നോ പ്രതിമാസം  അമ്പത് ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ളവരാണ് ഐ.ടി.ആർ-1 ഫോം ഫയൽ ചെയ്യേണ്ടത്. ഒന്നിൽ കൂടുതൽ വീടുകളുള്ളവരും പ്രവാസികളും, ലോട്ടറി പോലുള്ള നിയമപരമായ വാതുവയ്പ് തുടങ്ങിയവയിൽ നിന്ന് വരുമാനമുള്ളവരും ഐ.ടി.ആർ-1 ഫയൽ ചെയ്യാൻ അർഹരല്ല.

എന്തെല്ലാം രേഖകൾ കരുതണം 

ഇൻകം ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യാനൊരുങ്ങുമ്പോൾ വാർഷിക ഇൻഫർമേഷൻ സ്റ്റേറ്മെന്റ് (എ.ഐ.എസ്) ഡൗൺലോഡ് ചെയ്യണം. ഫോം 16 നൽകാൻ ബാധ്യതയുള്ളവർ  വീടിന്റെ വാടക ചീട്ട്, നിക്ഷേപ പേയ്മെന്റ്റ് പ്രീമിയം റെസിപ്റ്റ് തുടങ്ങിയവയുടെ പകർപ്പുകൾ തയ്യാറാക്കണം. റിട്ടേണിനൊപ്പം രേഖകളൊന്നും ചേർക്കേണ്ടതില്ലെങ്കിലും അധികാരികളുടെ മുന്നിൽ ഹാജരാക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ നൽകാനായി ഇവ കരുതി വയ്ക്കണം. 

 ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വാർഷിക ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് ഫോം 26എ.എസ് എന്നിവ ഡൗൺലോഡ് ചെയ്ത ശേഷം യഥാർത്ഥത്തിൽ പിരിച്ചതോ കിഴിച്ചതോ ആയ നികുതിയുമായി (ടി.സി.എസ്/ടി.ഡി.എസ്) പൊരുത്തക്കേടുണ്ടെങ്കിൽ അതാദ്യം തിരുത്തുക.

2. ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌/ പാസ്‌ബുക്ക്, പലിശ സർട്ടിഫിക്കറ്റുകൾ, ഇളവുകൾ അല്ലെങ്കിൽ കിഴിവുകൾ ക്ലെയിം ചെയ്യാനുള്ള രസീതുകൾ, ഫോം 16, ഫോം 26AS തുടങ്ങിയ രേഖകൾ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തുക.

3. പാൻ, മേൽവിലാസം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങി മുൻകൂട്ടി പൂരിപ്പിക്കേണ്ട വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തുക.

4. റിട്ടേണുകൾ ഇ-ഫയൽ ചെയ്ത ശേഷം ഇ-വെരിഫൈ ചെയ്യാൻ ശ്രദ്ധിക്കുക. റിട്ടേൺ മാനുവലായി പരിശോധിക്കണമെന്നുണ്ടെങ്കിൽ ഐ.ടി.ആർ.വിയുടെ ഒപ്പിട്ട ഫിസിക്കൽ കോപ്പി സപീഡ് പോസ്റ്റ് വഴി ആദായ നികുതി വകുപ്പിന്റെ സെൻട്രലൈസ്ഡ് പ്രോസസ്സിംഗ് സെന്റർ, ബാംഗ്ലൂർ 560500 എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണ്.

Tags:    

Similar News