ഒറ്റ ജിഎസ്ടി നിരക്ക് സാധ്യമാണോ? അതെയെന്ന് ജെയ്റ്റ്ലി

Update: 2018-12-24 08:57 GMT

ഭാവിയിൽ രാജ്യത്ത് ഒരൊറ്റ ജിഎസ്ടി നിരക്ക് മാത്രമായുള്ള നികുതി സംവിധാനം കൊണ്ടുവരുമെന്ന സൂചന നൽകി ധനമന്ത്രി അരുൺ ജെയ്റ്റ്ലി.

വരും നാളുകളിൽ 12 ശതമാനം, 18 ശതമാനം എന്നീ രണ്ട് നിരക്കുകൾക്ക് പകരം ഒരൊറ്റ നിരക്ക് കൊണ്ടുവരാനുള്ള പദ്ധതിക്കായി നടപടികൾ എടുക്കേണ്ടതുണ്ട്, ധനമന്ത്രി തന്റെ ബ്ലോഗ്ഗിൽ പറഞ്ഞു.

ഈ രണ്ട്  നിരക്കുകളുടെയും ഏകദേശം മധ്യത്തിലായിരിക്കും പുതിയ നിരക്ക്. എന്നാൽ ഇത്തരമൊരു തീരുമാനത്തിലെത്തണമെങ്കിൽ ജിഎസ്ടി വരുമാനത്തിൽ വലിയ വളർച്ച ഉണ്ടാകണം. അങ്ങനെ വന്നാൽ, ഭാവിൽ രാജ്യത്തിൽ ആകെ പൂജ്യം, 5 ശതമാനം, പിന്നെ പുതുതായി തീരുമാനിക്കാൻ പോകുന്ന നിരക്ക് എന്നിങ്ങനെ മൂന്ന് തരം സ്ലാബുകൾ മാത്രമേ ഉണ്ടാകൂ.

നിലവിൽ ആഡംബര വസ്തുക്കൾക്ക് മാത്രം ഏർപ്പെടുത്തിയിരിക്കുന്ന 28 ശതമാനം ജിഎസ്ടി സ്ലാബ് പടിപടിയായി ഒഴിവാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചു. 

സിമന്റ്, ഓട്ടോ പാർട്ടുകൾ എന്നീ രണ്ട് വിഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ 28 ശതമാനം സ്ലാബിൽ ഉള്ള പൊതു ഉപയോഗത്തിലുള്ള വസ്തുക്കൾ. സർക്കാരിന്റെ അടുത്ത ലക്ഷ്യം സിമന്റിനെ കുറഞ്ഞ സ്ലാബിലേക്ക് എത്തിക്കുക എന്നതാണ്.     

Similar News