ജിഎസ്ടി കോമ്പോസിഷന്‍ സ്‌കീം ചെറുകിടക്കാര്‍ക്ക് മുന്നിലെ ചതിക്കുഴി!

Update: 2018-07-06 07:24 GMT

ചെറുകിട കച്ചവടക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് ചരക്ക് സേവന നികുതിയിലെ കോമ്പോസിഷന്‍ സ്‌കീം. ഈ സ്‌കീം സ്വീകരിക്കാന്‍ അധികൃതരും ചെറുകിട കച്ചവടക്കാരോട് നിര്‍ദേശിക്കാറുണ്ട്. പൊതുവേ കണക്കെഴുതുന്നതില്‍ മടി കാണിക്കുന്ന ചെറുകിട കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള വഴിയാണിത്. അതുകൊണ്ട് കൂടുതലൊന്നും ആലോചിക്കാതെ കോമ്പോസിഷന്‍ സ്‌കീം സ്വീകരിക്കുകയും ചെയ്യും. സാധാരണ കച്ചവടക്കാരെ നികുതി പരിധിയില്‍ കൊണ്ടുവരാനായി അധികൃതരും ഇതിനെ എളുപ്പവഴിയായി കാണും.

പക്ഷേ സാധാരണ കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഈ വഴി അത്ര സുഖമുള്ള ഒന്നല്ല. സൂക്ഷിച്ചില്ലെങ്കില്‍ ബിസിനസില്‍ നിന്ന് തുടച്ച് നീക്കപ്പെടാന്‍ പോലും ഇതുമതി.

പതിയിരിക്കുന്നത് അപകടം?

ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് കോമ്പോസിഷന്‍ സ്‌കീമിന് അര്‍ഹതയുണ്ടെന്നാണ് പൊതുവേ സാധാരണ കച്ചവടക്കാരുടെ ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് സിജിഎസ്ടി ആക്റ്റില്‍ പത്താം സെക്ഷനില്‍ ഭേദഗതി ഇപ്പോഴുമായിട്ടില്ല. അതിന് ഇനിയും സമയമെടുക്കുമെന്നാണ് സൂചന. അതായത് ഇപ്പോള്‍ കോമ്പോസിഷന്‍ ഡീലറുടെ വിറ്റുവരവ് പരിധി ഒരു കോടി രൂപ മാത്രമാണ്.

കോമ്പോസിഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് കിട്ടില്ല. മാത്രമല്ല ഇവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഇന്‍പുട്ട് കിട്ടില്ല.

മാത്രമല്ല ഇപ്പോഴത്തെ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം (ആര്‍സിഎം) കോമ്പോസിഷന്‍ ഡീലേഴ്‌സിനെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്ന തരത്തിലുള്ളതാണ്.

സാധാരണ ഇന്‍വോയ്‌സുകളില്‍ നികുതി സമാഹരിച്ച് അടയ്ക്കുന്നത് സപ്ലയര്‍ തന്നെയാണ്. എന്നാല്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ സപ്ലയര്‍ക്ക് പകരം സ്വീകര്‍ത്താവ് (Receipient) തന്നെ നികുതി ഒടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. അങ്ങനെ സ്വീകര്‍ത്താവ് സ്വന്തം കൈയില്‍ നിന്നും നികുതി അടയ്ക്കുന്നതാണ് ആര്‍സിഎം. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തവരില്‍ നിന്നും സാധനങ്ങളോ സേവനങ്ങളോ സ്വീകരിക്കുമ്പോള്‍, സ്വീകരിക്കുന്ന ആള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തി ആണെങ്കില്‍, സ്വീകരിക്കുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചിത നിരക്കുകളില്‍ നികുതി സ്വന്തം കൈയില്‍ നിന്നും എടുത്തടയ്ക്കണം. ഇതാണ് ആര്‍സിഎം. ഇതിന് 2017 ഒക്‌റ്റോബര്‍ 13 മുതല്‍ 2018 ജൂണ്‍ 30 വരെ ഒഴിവുണ്ട്.

കോമ്പോസിഷന്‍ സ്‌കീമിലുള്ള വ്യാപാരികളില്‍ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവര്‍ക്ക് ആര്‍സിഎം വന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍ ഇവരില്‍ നിന്ന് ആരും ഒന്നും വാങ്ങാത്ത അവസ്ഥ വരും. അതോടെ ബിസിനസ് പോകും. മാത്രമല്ല, ഒരു കോടി വിറ്റുവരവ് എന്ന പരിധിയില്‍ നിന്ന് ഉയര്‍ന്നാല്‍ വന്‍ നികുതി ബാധ്യത വരികയും ചെയ്യും.

കള്ളകച്ചവടക്കാരനെന്ന ദുഷ്‌പേര്!

സാധാരണ ഡീലര്‍മാരുടെ കൈയില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്ന കണ്‍സ്യൂമര്‍ക്ക് സാധനത്തിന്റെ വിലയും നികുതിയും എത്രയെന്ന് അയാള്‍ക്ക് കിട്ടിയ ഇന്‍വോയ്‌സില്‍ നിന്നും മനസിലാക്കാം. എന്നാല്‍ കോമ്പോസിഷന്‍ സ്‌കീമിലെ നികുതിദായകരെ സംബന്ധിച്ച് ഒരു സാധനത്തിന്റെ യഥാര്‍ത്ഥ ചെലവും വിലയും എവിടെയും സുതാര്യമാകുന്നില്ല. ഇത് സാധാരണ കച്ചവടക്കാരന്റെ വ്യക്തിത്വത്തെയും സുതാര്യതയേയും പെട്ടെന്ന് ബാധിക്കുമെന്ന് മാത്രമല്ല, സാമ്പത്തിക ഇടപാടുകളിലെ സാമൂഹ്യ വ്യവസ്ഥിതിയനുസരിച്ച് അവനെ കൊള്ള ലാഭം എടുക്കുന്നവനെന്ന് സമൂഹം ചിത്രീകരിക്കുന്നു. ആ ചെറുകിട കച്ചവടം ആ പ്രദേശത്തിനും വ്യക്തിക്കും നഷ്ടപ്പെടുവാനും സാധ്യത വളരെ കൂടുതലാണ്.

ലേഖകന്‍ കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമസംബന്ധിയായ ട്രെയ്‌നിംഗ് പ്രോഗ്രാമുകളില്‍ ട്രെയ്‌നറാണ്. ട്രൈബ്യൂണലുകള്‍, അപ്പീല്‍ ഫോറങ്ങള്‍ ടാക്‌സേഷന്‍ മറ്റ് ബിസിനസ് നിയമങ്ങള്‍ എന്നിവയില്‍ സ്‌പെഷലൈസ് ചെയ്ത് പ്രാക്റ്റീസ് ചെയ്യുന്ന അഭിഭാഷകനും എറണാകുളത്തെ കെ.എസ് ഹരിഹരന്‍ & അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്.

Similar News