സംസ്ഥാന ദുരിതാശ്വാസഫണ്ടുകള്‍ക്ക് സിഎസ്ആര്‍ ഇളവില്ല; ആനുകൂല്യം പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കിടുന്നവര്‍ക്കു മാത്രം

Update: 2020-04-17 07:24 GMT

മുഖ്യമന്ത്രിമാരുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നവരുടെ സിഎസ്ആര്‍ഫണ്ടുകള്‍ക്ക് നികുതി ഇളവ് ലഭിക്കില്ല എന്ന് റിപ്പോര്‍ട്ട്. പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള (പ്രൈം മിനിസ്റ്റേഴ്സ് സിറ്റസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ് ഫണ്ട്) സംഭാവനകള്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ചെലവുകളായിരിക്കുമെന്നും സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്കുള്ള സംഭാവനകള്‍ സിഎസ്ആര്‍ ചെലവായി കണക്കാക്കില്ലെന്നും കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്.

കമ്പനീസ് ആക്റ്റ്, 2013-ലെ ഷെഡ്യൂള്‍ VII -ല്‍ 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് അല്ലെങ്കില്‍ കൊവിഡ് 19-നുള്ള സംസ്ഥാന ദുരിതാശ്വാസ നിധി' എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. കമ്പനീസ് ആക്റ്റ് അനുസരിച്ച്, കുറഞ്ഞത് 500 കോടി രൂപയുടെ ആസ്തി അല്ലെങ്കില്‍ 1,000 കോടി രൂപയുടെ ലാഭമുള്ള കമ്പനികള്‍ അവരുടെ അറ്റാദായത്തിന്റെ രണ്ട് ശതമാനമെങ്കിലും സിഎസ്ആറിനായി ചെലവഴിക്കാന്‍ നിര്‍ബന്ധിതരാണ്. മാത്രമല്ല, പിഎം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകള്‍ 1961 -ലെ ആദായനികുതി നിയമപ്രകാരം 80ജി ഇളവിന് അര്‍ഹമാണ്.

2020 മാര്‍ച്ച് 28 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. കൊവിഡ് 19 മഹാമാരിക്കെതിരായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഇതിലേക്ക് സംഭാവനകള്‍ നല്‍കാന്‍ സാധിക്കും.

ദുരിതാശ്വാസ നടപടികള്‍ മിക്കതും നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളായതിനാല്‍ പണം അവരിലേക്കാണ് പോകേണ്ടതെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്കിനെ പോലുള്ള നിരവധി സംസ്ഥാനതല മന്ത്രിമാര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര തീരുമാനം അനുസരിച്ച് ഇതുവരെ സംസ്ഥാന ഫണ്ടുകളിലേക്ക് പോകുന്ന പണത്തിന് കമ്പനികള്‍ക്ക് നിലവില്‍ ഇളവ് ലഭിക്കില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News