എന്താണ് അപ്‌ഡേറ്റഡ് റിട്ടേണ്‍? മനസിലാക്കാം ഇക്കാര്യങ്ങള്‍

അപ്‌ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാരണങ്ങള്‍ എന്തൊക്കെ? അറിയാം

Update: 2022-05-05 06:33 GMT

പുതിയ ഒരു റിട്ടേണ്‍ കൂടി ഏപ്രില്‍ 29ന് ആദായികുതി വകുപ്പ് വിജ്ഞാപനം ചെയ്തിരിക്കുന്നു. 'ITR-U' (അപ്‌ഡേറ്റഡ് റിട്ടേണ്‍) എന്ന പുതിയ റിട്ടേണ്‍ എന്താണ്? എപ്പോഴാണ് ഫയല്‍ ചെയ്യുക? തുടങ്ങിയ കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

(1) 2022 ലെ ഫിനാന്‍സ് ആക്ടിലാണ് അപ്‌ഡേറ്റഡ് റിട്ടേണ്‍ എന്ന ഒരു ആശയം അവതരിപ്പിച്ചത്. നിങ്ങള്‍ ഫയല്‍ ചെയ്ത റിട്ടേണ്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുതുക്കാനുള്ള ഒരു ഓപ്ഷന്‍ (വേണമെങ്കില്‍ മാത്രം) ആദായനികുതി നിയമത്തിലെ വകുപ്പ് 139 (8A) ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന് 2022-23 അസെസ്‌മെന്റ് (Assessment Year) ഇയറില്‍ സമര്‍പ്പിച്ച റിട്ടേണ്‍ 31-03-2025 വരെ പുതുക്കുവാന്‍ (അപ്‌ഡേറ്റ്) ചെയ്യുവാന്‍ കഴിയുന്നതാണ്. ഒരു അസെസ്‌മെന്റ് ഇയറില്‍ ഒരു അപ്‌ഡേറ്റഡ് റിട്ടേണ്‍ മാത്രമാണ് ഫയല്‍ ചെയ്യാന്‍ കഴിയുന്നത്.
(2) ഏപ്രില്‍ 29 ലെ നോട്ടിഫിക്കേഷന്‍ അനുസരിച്ച് താഴെ ചേര്‍ക്കുന്നവയാണ് അപ്‌ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള കാരണങ്ങള്‍
(a) മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല.
(b) ഇന്‍കം ശരിയായി രേഖപ്പെടുത്തിയിട്ടില്ല.
(c) തെറ്റായി 'ഹെഡ്‌സ് ഓഫ് ഇന്‍കം' തെരഞ്ഞെടുത്തു.
(d) കഴിഞ്ഞവര്‍ഷങ്ങളിലെ നഷ്ടം, തേയ്മാനം എന്നിവ റിട്ടേണില്‍ കാണിച്ചത് കൂടുതലായിരുന്നു.
(e) വകുപ്പ് '115JB/115JC' എന്നിവ അനുസരിച്ച് കാണിച്ച ടാക്‌സ് ക്രെഡിറ്റ് കൂടുതലായിരുന്നു.
(f) ടാക്‌സ് നിരക്ക് തെറ്റായിരുന്നു.
(g) മറ്റുള്ളവ.
(3) റീഫണ്ട് കിട്ടുന്നതിന് വേണ്ടിയും മുമ്പ് ഫയല്‍ ചെയ്ത റിട്ടേണിലെ ആദായനികുതി ബാധ്യത ലഘൂകരിക്കുന്നതിന് വേണ്ടിയും ആദായനികുതി വകുപ്പിന്റെ നടപടി നേരിടുന്ന സമയത്ത് അപ്‌ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ പാടില്ല.
(4) ബന്ധപ്പെട്ട അസെസ്‌മെന്റ് ഇയര്‍ അവസാനിച്ചിട്ട് 12 മാസത്തിനുള്ളില്‍ അപ്‌ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ അടയ്‌ക്കേണ്ട ടാക്‌സും, അതിന്റെ 25 ശതമാനം അഡീഷണല്‍ ടാക്‌സായും അടച്ചിരിക്കണം. ബന്ധപ്പെട്ട അസെസ്‌മെന്റ് ഇയര്‍ അവസാനിച്ചിട്ട് 24 മാസത്തിനുള്ളില്‍ അപ്‌ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ അടയ്‌ക്കേണ്ട ടാക്‌സും അതിന്റെ 50 ശതമാനം അഡീഷണല്‍ ടാക്‌സായും അടച്ചിരിക്കണം.
(5) ഇലക്ട്രോണിക് വെരിഫിക്കേഷന്‍ രീതികളും ഡിജിറ്റല്‍ സിഗ്നേച്ചറും മാത്രമാണ് വെരിഫിക്കേഷന്‍ രീതികളായി കൊടുത്തിരിക്കുന്നത്.
(6) 'ITR-U' ആദായ നികുതി വെബ്‌സൈറ്റില്‍ നിലവില്‍ വന്നിട്ടില്ല. നിലവില്‍ വരുന്നതാണ്.


Tags:    

Similar News