ഇപ്പോള്‍ ടിഡിഎസ് പിടിക്കുന്നത് കുറയ്ക്കാനുള്ള ഒരു വഴിയുണ്ട്, ഇതാ

കോവിഡ് രണ്ടാം തരംഗത്തില്‍ ടിഡിഎസ് പിടിക്കുന്നത് കുറയ്ക്കുവാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള വഴിയിതാ

Update:2021-05-12 16:06 IST

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോവിഡിന്റെ ഒന്നാംതരംഗത്തില്‍ ടിഡിഎസ് കുറച്ചിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ അങ്ങനെ ഒരു ഇളവ് ഇല്ല. എന്നാല്‍ 15G/ 15H എന്നിങ്ങനെയുള്ള ഫോറങ്ങള്‍ ബാങ്കിലും ട്രഷറിപോലെയുള്ള ധനകാര്യ സ്ഥാപനങ്ങളിലും വ്യക്തികള്‍ കൊടുക്കാറുണ്ട്. ടോട്ടല്‍ ഇന്‍കം അഞ്ച് ലക്ഷം രൂപയില്‍ കുറവ് വരുന്ന സമയത്താണ് ഇങ്ങനെ കൊടുക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 197A(A), 197 A(1A) , Rule 29(c) എന്നിവ അനുസരിച്ച് കൊടുക്കുന്ന മേല്‍പ്പറഞ്ഞ ഫോറങ്ങള്‍ കമ്പനികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍ (ഫേം) എന്നിവയ്ക്ക് കൊടുക്കാന്‍ സാധ്യമല്ല.

മേല്‍ സാഹചര്യത്തില്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 197 അനുസരിച്ച് 'ലോവര്‍ ടാക്‌സ് ഡിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' (Lower Tax Deduction Certificate) വാങ്ങിച്ചിട്ട് ടിഡിഎസ് പിടിക്കുവാന്‍ ഉത്തരവാദപ്പെട്ട വ്യക്തിക്ക് നല്‍കിയാല്‍ ഒന്നുകില്‍ ടിഡിഎസ് കുറച്ച് കിട്ടും അല്ലെങ്കില്‍ ടിഡിഎസ് ഒഴിവാക്കി കിട്ടും. വ്യക്തികള്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും (കമ്പനികള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍ ഉള്‍പ്പടെ) ഈ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുവാന്‍ സാധിക്കുന്നതാണ്. ബിസിനസ്സിന്റെ മൊത്തവരുമാനം നോക്കിയിട്ടല്ല ടിഡിഎസ് പിടിക്കുന്നത്. ചിലപ്പോള്‍ ബിസിനസ് നഷ്ടത്തില്‍ ആവാം. അല്ലെങ്കില്‍ മൊത്തലാഭം (Net profit) വളരെ കുറവ് ആകാം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ടിഡിഎസ് പിടിച്ചാല്‍ പ്രവര്‍ത്തന മൂലധന പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യതയുണ്ട്.
ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?
ആദായനികുതി വകുപ്പിന്റെ TRACES എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. പ്രധാനപ്പെട്ട സ്റ്റെപ്പുകള്‍ താഴെ ചേര്‍ക്കുന്നു.

1. TRACES പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം

2. ടാക്‌സ്‌പേയര്‍ ആയി ലോഗിന്‍ ചെയ്യുക

3. ഫോറം നമ്പര്‍ 13 എടുക്കണം. വിശദവിവരങ്ങള്‍ നല്‍കണം

4. കഴിഞ്ഞ നാല് വര്‍ഷത്തെ ITR അക്‌നോളഡ്ജ്‌മെന്റ് ഉള്‍പ്പടെയുള്ള രേഖകള്‍ അപ്്‌ലോഡ് ചെയ്യണം.

5. അതിനുശേഷം ഡിജിറ്റല്‍ സിഗ്്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (DSC) അല്ലെങ്കില്‍ ഒടിപി ഉപയോഗിച്ച് സബ്മിറ്റ് ചെയ്യണം.

ബന്ധപ്പെട്ട അസസിംഗ് ഓഫീസര്‍ അപേക്ഷ പരിശോധിച്ച ശേഷം അനുമതി നല്‍കിയാല്‍ ഓണ്‍ലൈന്‍ അയി തന്നെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

വകുപ്പ് 192 ഉള്‍പ്പടെയുള്ള ടിഡിഎസ് ഈടാക്കുന്നത് ലഘൂകരിക്കുവാന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് പ്രയോജനപ്പെടുത്തി ഇക്കാലത്ത് ഒരു പരിധി വരെ ആദായനികുതി ലാഭിക്കുവാന്‍ കഴിയുന്നതാണ്.


Tags:    

Similar News