റദ്ദാക്കിയ കരാറുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്തര്‍ക്കും ഇനി നികുതി റീഫണ്ട് ലഭിക്കും; സൗകര്യമൊരുക്കി ജിഎസ്ടി പോര്‍ട്ടല്‍

ഇത്തരം വ്യക്തികള്‍ക്ക് തങ്ങളുടെ പാന്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടാനാകും

Update: 2022-12-31 06:54 GMT

രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികള്‍ക്കും ഇനി ചരക്ക് സേവന നികുതി (GST) റീഫണ്ടുകള്‍ ക്ലെയിം ചെയ്യാമെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി പോര്‍ട്ടലില്‍ താല്‍ക്കാലിക രജിസ്‌ട്രേഷനോടെ റദ്ദാക്കിയ കരാറുകള്‍ക്കോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ നേരത്തെ അവസാനിപ്പിക്കുമ്പോഴോ ഇനി ജിഎസ്ടി ലഭിക്കും.

രജിസ്റ്റര്‍ ചെയ്യാത്ത നികുതിദായകന് അവര്‍ക്ക് സേവനം ലഭിച്ച അല്ലെങ്കില്‍ കരാര്‍ റദ്ദാക്കുന്ന കത്ത് ലഭിച്ച തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ റീഫണ്ടിനായി ഫയല്‍ ചെയ്യാം. ഫ്‌ളാറ്റ് അല്ലെങ്കില്‍ കെട്ടിട നിര്‍മ്മാണ സേവനങ്ങള്‍ നല്‍കുന്നതിനുള്ള കരാര്‍ റദ്ദാക്കുകയോ, ദീര്‍ഘകാല ഇന്‍ഷുറന്‍സ് പോളിസി നേരത്തെ അവസാനിപ്പിക്കുകയോ ചെയ്ത സന്ദര്‍ഭങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന്‍ എടുക്കാനാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (CBIC) അറിയിച്ചു.

ഇതിന്റെ ഭാഗമായി 'റീഫണ്ട് ഫോര്‍ അണ്‍രജിസ്റ്റേഡ് പേഴ്‌സണ്‍' എന്ന് ഓപ്ഷന്‍ ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. പാന്‍ (Permanent Account Number) ഉപയോഗിച്ച് പോര്‍ട്ടലില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നേടാനാകും. കൂടാതെ ഇതിനായി വ്യക്തി തന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ആവശ്യമായ മറ്റെല്ലാ രേഖകളും നല്‍കേണ്ടതുണ്ട്. മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നികുതിയുടെ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Tags:    

Similar News