ആദായ നികുതി വെട്ടിപ്പ് കണ്ടെത്താൻ നിർമ്മിത ബുദ്ധിയും
2018-19 സാമ്പത്തിക വര്‍ഷത്തിലെ നികുതി റിട്ടേണ്‍ പുനര്‍ നിർണയം വിലയിരുത്തിയാണ് നീക്കം;
വ്യാജസംഭാവനകളിലൂടെ നികുതി വെട്ടിപ്പു നടത്തിയവര്‍ക്ക് നോട്ടീസ് അയക്കാന്‍ സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തി നികുതി വകുപ്പ്. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, രാഷ്ട്രിയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് സംഭാവന നല്‍കിയതായി കാണിച്ച് നികുതി ഇളവ് നേടിയവരെ കണ്ടെത്താനാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിത ബുദ്ധിയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ചിരിക്കുന്നത്.
മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 10 വരെ ശമ്പളക്കാരായ വ്യക്തികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചതായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരൈ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
2018-19 സാമ്പത്തിക വര്‍ഷത്തെ ഇളവുകള്‍
2018-19 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ വരുമാനത്തില്‍ നിന്ന് സംഭാവനകള്‍ നടത്തിയതായി കാണിച്ച് നികുതികിഴിവ് നേടിയ വ്യക്തികളെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കണ്ടെത്തി നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുന്നത്. ആദായ നികുതി നിയമത്തിന്റെ സെഷന്‍ 80 ജി വകുപ്പ് പ്രകാരം രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും ചാരിറ്റബിള്‍ ട്രസറ്റുകള്‍ക്കും 50-100 ശതമാനം വരെ കിഴിവ് നേടാം. സെഷന്‍ 138, 148(A) എന്നിവ പ്രകാരമാണ് നോട്ടീസ് അയക്കുന്നത്. തെറ്റായ കിഴിവ് ലഭ്യമാക്കിയവര്‍ക്കാണ് കൂടുതലും നോട്ടീസ് നല്‍കിയിട്ടുള്ളത്.
10 വര്‍ഷത്തിനു ശേഷവും
50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 വര്‍ഷത്തിനുള്ളിലും 50 ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് എട്ട് വര്‍ഷത്തിനുള്ളിലും ആദായ നികുതി റിട്ടേണുകളുടെ പുനര്‍മൂല്യനിര്‍ണയം എപ്പോള്‍ വേണമെങ്കിലും നടത്താം. അതായത് 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഇടപാടുകള്‍ക്കുള്ള റിട്ടേണുകള്‍ (2020 സാമ്പത്തിക വര്‍ഷത്തില്‍ മൂല്യനിര്‍ണ്ണയം നടത്തിയത്) 2029 മാര്‍ച്ച് 31 വരെ വീണ്ടും വിലയിരുത്താവുന്നതാണ്.
പുനര്‍മൂല്യനിർണയം എങ്ങനെ?
ഒരു സംഭാവന ക്ലെയിം യഥാര്‍ത്ഥമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ ആദായ നികുതി വകുപ്പിന് മാര്‍ഗങ്ങളുണ്ട്. റിട്ടേണുകള്‍ കംപ്യൂട്ടര്‍വത്കൃതമായതിനാല്‍ ചാരിറ്റബിള്‍ ട്രസ്റ്റുകളോ രാഷ്ട്രീയ പാര്‍ട്ടികളോ അവരുടെ നികുതി റിട്ടേണുകളില്‍ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളും വ്യക്തികള്‍ സൂചിപ്പിച്ച സംഭാവന വിശദാംശങ്ങളുമായി താരതമ്യം സാധിക്കുന്നു. ഇതിൽ പൊരുത്തക്കേടുകൾ കണ്ടെത്തുമ്പോഴാണ് പുനർ നിർണയം നടത്തുക.
ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അല്ലെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് നികുതി വെട്ടിപ്പിനെ ചോദ്യം ചെയ്ത് പുനര്‍മൂല്യനിര്‍ണയ നോട്ടീസ് ഉന്നയിക്കാന്‍ അനുവാദമുള്ളത്.
നോട്ടീസ് ലഭിച്ചാല്‍ ചെയ്യേണ്ടത്
സെക്ഷന്‍ 148 (എ) പ്രകാരം അയച്ച നോട്ടീസ് ലഭിച്ചാല്‍ അതിനു മറുപടി നല്‍കേണ്ട ബാധ്യത നികുതിദായകനുണ്ട്. സംഭാവന നല്‍കിയതിന്റെ തെളിവുണ്ടെങ്കില്‍, മറുപടിയായി അത് ഹാജരാക്കാം. അല്ലാത്തപക്ഷം, നോട്ടീസില്‍ പറഞ്ഞിരിക്കുന്ന പിഴയ്ക്കൊപ്പം ബാധകമായ നികുതിയും അടയ്ക്കേണ്ടി വരും.
2020 ഏപ്രില്‍ 1 മുതല്‍ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ ഐഡിയുള്ള ട്രസ്റ്റുകള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് മാത്രമേ സെക്ഷന്‍ 80 G കിഴിവ് അനുവദിക്കൂ. ഒരു ഇടപാട് യഥാര്‍ത്ഥമാണെന്ന് തെളിയിക്കാനും നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്താനും കഴിയുന്നില്ലെങ്കില്‍ 50-200 ശതമാനം പിഴ ബാധകമാണ്. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം തെളിവ് സമര്‍പ്പിക്കണം.
തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും പിഴയ്ക്ക് ഇടയാക്കും. ഇനി നിങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെങ്കിലും സെക്ഷന്‍ 80 G പ്രകാരം നിങ്ങള്‍ തെറ്റായി നികുതി കിഴിവ് ക്ലെയിം ചെയ്തതായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ റിട്ടേണുകള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.