ഭവനവായ്പയെടുത്തവര്‍ക്ക് നികുതിയിളവ് നേടാന്‍ അറിയേണ്ടതെല്ലാം

Update: 2020-01-31 02:55 GMT

നികുതി ലാഭിക്കാനായി ഏതെല്ലാം മാര്‍ഗങ്ങളുണ്ടോ അതെല്ലാം ഉപയോഗിക്കേണ്ട സമയമായിരിക്കുന്നു. കാരണം ടാക്‌സ് പ്ലാനിംഗ് ബുദ്ധിപൂര്‍വം നടത്തിയാല്‍ അതിലൂടെ നികുതിയടവില്‍ മികച്ച ഇളവുകള്‍ നേടാവുന്നതാണ്. ഭവനവായ്പയെടുത്തവരാണെങ്കില്‍ ഇളവുകള്‍ മനസ്സിലാക്കിയിരുന്നാല്‍ തന്നെ നിങ്ങളുടെ നികുതിയിളവിലേക്കുള്ള പ്രധാന കടമ്പ കടന്നു. എന്തെല്ലാമാണ് ഭവനവായ്പ ഉള്ളവര്‍ക്കുള്ള നികുതി ആനുകൂല്യങ്ങളെന്നും അവ ലഭിക്കാന്‍ എന്തു ചെയ്യണമെന്നുമുള്ള കാര്യങ്ങള്‍ അറിയാം.

പ്രിന്‍സിപ്പല്‍ തിരിച്ചടവിന് 1.5 ലക്ഷം രൂപ വരെ കിഴിവ്

ഭവന വായ്പയുടെ പ്രധാന തിരിച്ചടവിന് സെക്ഷന്‍ 80സി പ്രകാരം ഓരോ വര്‍ഷവും അടയ്ക്കുന്ന തുകയ്ക്ക് നികുതിയിളവിന് ക്ലെയിം ചെയ്യാം. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കുന്നതിന് ചില നിബന്ധനകള്‍ ഉണ്ട്. അതായത് വായ്പ എടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം. കൂടാതെ പുതിയ വീട് വാങ്ങാനോ നിര്‍മ്മിക്കാനോ എടുത്ത വായ്പയ്ക്ക് മാത്രമേ ഈ ഇളവ് ലഭിക്കൂ. 5 വര്‍ഷത്തിനുള്ളില്‍ പ്രോപ്പര്‍ട്ടി കൈമാറ്റം ചെയ്യുകയോ വില്‍ക്കുകയോ ചെയ്താല്‍, നേരത്തെ ക്ലെയിം ചെയ്ത വര്‍ഷങ്ങളിലെ തുക വില്‍പ്പന നടന്ന വര്‍ഷത്തില്‍ വരുമാനത്തില്‍ ചേര്‍ത്ത് നികുതി നല്‍കണം.

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ക്കുള്ള കിഴിവ്

സ്റ്റാമ്പ് ഡ്യൂട്ടിക്കായി അടച്ച തുകയും പ്രോപ്പര്‍ട്ടി വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ ചാര്‍ജുകളും സെക്ഷന്‍ 80 സി പ്രകാരം ക്ലെയിം ചെയ്യാം. മൊത്തം 1.5 ലക്ഷം രൂപയ്ക്കുള്ളില്‍ വരുന്ന ചാര്‍ജ്ജുകളാണ് നികുതിയിളവിന് ക്ലെയിം ചെയ്യാന്‍ കഴിയുക.

നിര്‍മ്മാണത്തിന് മുമ്പും ശേഷവും പലിശ അടച്ചതിന് രണ്ട് ലക്ഷം രൂപ വരെ കിഴിവ്

ഭവനവായ്പയ്ക്കായി അടച്ച പലിശ ക്ലെയിം ചെയ്യാം. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 24ബി പ്രകാരമാണിത്. ഭവന വായ്പ തിരിച്ചടവില്‍ രണ്ടു ഘട്ടങ്ങളാണുള്ളത് ഒന്ന് വായ്പ തുക രണ്ട് പലിശ. ഈ രണ്ട് തിരിച്ചടവുകള്‍ക്കും നികുതി ഇളവ് ലഭിക്കും. സെക്ഷന്‍ 24 പ്രകാരം പരമാവധി 2 ലക്ഷം രൂപയുടെ ഇളവാണ് പലിശ തിരിച്ചടവില്‍ ഒരു വര്‍ഷം ലഭിക്കുക.

Read More about Tax Planning: Money Tok: ടാക്‌സ് പ്ലാനിംഗില്‍ അറിയണം ആദായ നികുതിയിലെ ഈ മാറ്റങ്ങള്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News