പ്രവാസിയാണോ? പ്രവര്‍ത്തനരഹിതമായ പാന്‍കാര്‍ഡ് ആണെങ്കിലും നികുതി ഫയല്‍ ചെയ്യാം

ആധാര്‍-പാന്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് റീഫണ്ട് ലഭിക്കില്ല. വിശദാംശങ്ങള്‍ അറിയാം

Update: 2023-07-25 04:38 GMT

ആധാര്‍-പാന്‍ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു. ഇത് ചെയ്യാന്‍ കഴിയാത്ത പല പ്രവാസികളും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ ആശങ്കകളിലായിരുന്നു. എന്നാല്‍ ആധാറുമായി ലിങ്ക് ചെയ്യാത്തതിനാല്‍ പ്രവര്‍ത്തന രഹിതമായ പാന്‍ കാര്‍ഡുകള്‍ കൈവശമുള്ള വ്യക്തികള്‍ക്കും ജൂലൈ 31-നകം നികുതി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആദായനികുതി വകുപ്പ്.

ആധാര്‍-പാന്‍ ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെങ്കിലും ചെയ്യാത്തവര്‍ക്ക് റീഫണ്ടുകള്‍ ലഭ്യമാവുകയില്ല. മാത്രമല്ല, ഉയര്‍ന്ന നിരക്കില്‍ ടി.സി.എസും, ടി.ഡി.എസും ഈടാക്കും. പാന്‍ കാര്‍ഡ് ഉടമകള്‍, പാന്‍ കാര്‍ഡ് സ്റ്റാറ്റസ് സജീവമാക്കണമെന്നും നികുതി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.

പ്രവര്‍ത്തന രഹിതമായ പാന്‍ കാര്‍ഡ്

പ്രവര്‍ത്തന രഹിതമായ പാന്‍ കാര്‍ഡുള്ള (in-operative)പ്രവാസികള്‍ അവരുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസിനെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യേഗസ്ഥരെ അറിയിക്കണം. കൂടാതെ പാന്‍ ഡാറ്റാബേസില്‍ അവരുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള അഭ്യര്‍ത്ഥനയ്ക്കൊപ്പം അനുബന്ധ രേഖകളും സമര്‍പ്പിക്കണം.

അതുമല്ലെങ്കില്‍ അത്തരക്കാര്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ഒരു വര്‍ഷമെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം. ഇതില്‍ ഏതെങ്കിലും ഒരു മാനദണ്ഡം പാലിച്ചില്ലെങ്കില്‍, മാത്രമാണ് പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാവുകയുള്ളുവെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

പ്രവര്‍ത്തന രഹിതമായ പാന്‍ കാര്‍ഡ് കൈവശമുള്ള പ്രവാസികളും, ഒ.സി.ഐകളും അനുബന്ധ രേഖകളുമായി പാന്‍ ഡേറ്റ ബേസിലെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാന്‍ അപേക്ഷയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥനെ കാണണം.

ഇനിയും ആധാര്‍-പാന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍

ആധാര്‍-പാന്‍ ബന്ധിപ്പിക്കലിനുള്ള അവസാന തീയതി ജൂണ്‍ 30 ന് ആയിരുന്നെങ്കിലും പിഴ അടച്ച് ആധാര്‍-പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഇപ്പോഴും ഉണ്ട്. ആധാര്‍-പാന്‍ലിങ്കിംഗ് നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്ക് പല സാമ്പത്തിക ഇടപാടുകള്‍ക്കും തടസ്സമാകുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

പ്രവര്‍ത്തനരഹിതമായ പാന്‍കാര്‍ഡ് ഉള്ള വ്യക്തികള്‍ക്ക് നികുതിയടവല്ലാതെ തടസ്സം നേരിട്ടേക്കാവുന്ന 10 സാമ്പത്തിക ഇടപാടുകള്‍: 

i) ബാങ്കിംഗ്- ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറക്കല്‍

ii) ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍

iii) പുതിയ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിനായി അപേക്ഷിക്കുന്നത്.

iv) ഹോട്ടല്‍ ബില്ലുകള്‍, സ്വര്‍ണം വാങ്ങുന്ന ബില്ലുകള്‍ എന്നിവ അടയ്ക്കുമ്പോള്‍ 50,000 രൂപയില്‍ കൂടുതലുള്ള തുക പണമായി നല്‍കാന്‍ കഴിയില്ല.

v) വിദേശ കറന്‍സി വാങ്ങല്‍, എക്‌സ്‌ചേഞ്ച് എന്നീ ഇടപാടുകള്‍

vi) മ്യൂച്വല്‍ ഫണ്ടിലേക്ക് 50,000 രൂപയില്‍ കൂടുതലുള്ള തുകയുടെ പേയ്മെന്റ് നടത്തുമ്പോള്‍

vii) കടപ്പത്രങ്ങളോ ബോണ്ടുകളോ ഏറ്റെടുക്കുന്നതിന് 50,000 രൂപയില്‍ കൂടുതലുള്ള തുകയുടെ പേയ്‌മെന്റ്.

viii) ആര്‍ബിഐ(റിസര്‍വ് ബാങ്ക്) ബോണ്ടുകള്‍ ഏറ്റെടുക്കുന്നതിന് 50,000 രൂപയില്‍ കൂടുതലുള്ള തുകയുടെ പേയ്‌മെന്റ്.

ix) ഒരു ബാങ്കിംഗ് കമ്പനിയിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍.

x) ഒരു ദിവസം 50,000 രൂപയില്‍ കൂടുതലുള്ള തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റുകള്‍ അല്ലെങ്കില്‍ പേ ഓര്‍ഡറുകള്‍ അല്ലെങ്കില്‍ ബാങ്കറുടെ ചെക്കുകള്‍ എന്നിവ വാങ്ങുന്നത്.

Tags:    

Similar News