ടെക് ലോകത്തെ 5 ഇന്ത്യന്‍ വനിതകള്‍

യുഎസിലെ പ്രമുഖ കമ്പനികളില്‍ ഹൈ-പ്രൊഫൈല്‍ പദവികള്‍ വഹിക്കുന്ന 20 ഇന്ത്യക്കാരുടെ പട്ടികയില്‍ വെറും മൂന്ന് പേര്‍ മാത്രമാണ് സ്ത്രീകള്‍.;

Update:2021-12-05 10:30 IST

പരാഗ് അഗര്‍വാള്‍ ട്വിറ്റര്‍ സിഇഒ ആയപ്പോള്‍ ടെക് ലോകത്തെ ഇന്ത്യക്കാരെകുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്. പലരും ഇന്ത്യക്കാരുടെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.സുന്ദര്‍ പിച്ചെയും സത്യ നാദെല്ലയുമൊക്കെ വീണ്ടും ട്രെന്‍ഡിംഗായി. യുഎസിലെ ഇന്ത്യന്‍ സിഇഒമാരെക്കുറിച്ച് പല പ്രമുഖ മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കി. യുഎസിലെ പ്രമുഖ കമ്പനികളില്‍ ഹൈ-പ്രൊഫൈല്‍ പദവികള്‍ വഹിക്കുന്ന 20 ഇന്ത്യക്കാരുടെ പട്ടികയില്‍ സ്ത്രീകള്‍ വെറും മൂന്ന് പേര്‍ മാത്രമാണ്. അഞ്ജലി സൂദ്, ജയശ്രീ ഉല്ലെല്‍,രേവതി അദ്വൈതി എന്നിവരാണ് ആ ഇരുപത് പേരില്‍ എത്തിയ വനിതകള്‍. ടെക് ലോകത്തെ സിഇഒമാരായ 5 ഇന്ത്യന്‍ വനിതകളെ പരിചയപ്പെടുത്തുകയാണിവിടെ.

അഞ്ജലി സൂദ്
വീഡിയോ ഹോസ്റ്റിംഗ് പ്ലാറ്റഫോം ആയ വീമിയോയുടെ സിഇഒ ആണ് അഞ്ജലി സൂദ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിയില്‍ 2015ല്‍ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഹെഡ് ആയാണ് അഞ്ജലി എത്തിയത്. 2017ല്‍ ആണ് വീമിയോയുടെ സിഇഒ പദവിയില്‍ എത്തുന്നത്. ഇന്ത്യന്‍ വംശജയായ അഞ്ജലി ജനിച്ചത് അമേരിക്കയിലെ ഡിട്രോയിറ്റിലാണ്. ഹാര്‍വാഡ് ബിസിനസ് സ്‌കൂളില്‍ നിന്നാണ് അഞ്ജലി എംബിഎ നേടിയത്.
രേവതി അദ്വൈതി
അമേരിക്കയിലും സിംഗപ്പൂരിലും സ്ഥാപനങ്ങളുള്ള ഇലക്ട്രോണിക്‌സ് നിര്‍മാതക്കളായ ഫ്ലെക്‌സിന്റെ സിഇഒ ആണ് രേവതി അദ്വൈതി. 2019ല്‍ ആണ് അദ്വൈതി ഫ്ലെക്‌സിന്റെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. കൂടാതെ ഊബര്‍, കാറ്റലിസ്റ്റ്.ഒര്‍ഗ് എന്നീ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ഇവര്‍. ഇന്ത്യയിലെ ബിള്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷമാണ് രേവതി അദ്വൈതി അമേരിക്കയിലെത്തുന്നത്.
ജയശ്രീ വി. ഉല്ലല്‍
അമേരിക്കന്‍ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് സ്ഥാപനമായ അരിസ്ത നെറ്റ്വര്‍ക്കിസിന്റെ സിഇഒ ആണ് ജയശ്രീ വി. ഉല്ലല്‍. ലണ്ടനില്‍ ജനിച്ച ജയശ്രീയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഡല്‍ഹിയിലായിരുന്നു. എഎംഡിയില്‍(AMD) കരിയര്‍ ആരംഭിച്ച അവര്‍ 2008ല്‍ ആണ് അരിസ്തയുടെ സിഇഒ ആവുന്നത്. snowflake inc. എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ജയശ്രീ.
പ്രിയ ലഖാനി
AI അധിഷ്ടിത എജ്യൂക്കേഷന്‍ ടെക്‌നോളജി വികസിപ്പിക്കുന്നന സെഞ്ചുറി ടെക്കിന്റെ സ്ഥാപകയും സിഇഒയുമാണ് പ്രിയ ലഖാനി. 2008ല്‍ വക്കീല്‍പ്പണി ഉപേക്ഷിച്ച പ്രിയ പിന്നീട് ഇന്ത്യയിലെയും ആഫ്രിക്കയിലെയും പാവപ്പെട്ടവര്‍ക്കായി വിവിധ പദ്ധതികളില്‍ പങ്കാളിയായി. 2019 മുതല്‍ യുകെ സര്‍ക്കാരിന്റെ എഐ കൗണ്‍സില്‍ അംഗവുമാണ് പ്രിയ ലഖാനി.
നിത മാധവ്
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റബയോട്ടയുടെ സിഇഒ ആണ് നിത മാധവ്. 2014ല്‍ മെറ്റബയോട്ടയിലെത്തിയ നിത 2019ല്‍ ആണ് സിഇഒ ആയി ചുമതല ഏല്‍ക്കുന്നത്. പകര്‍ച്ച വ്യാധികള്‍ മൂലമുള്ള സാമ്പത്തിക നഷ്ടങ്ങള്‍ കുറയ്ക്കാന്‍ ലോക രാജ്യങ്ങളെയും ബിസിനസ് സ്ഥാപനങ്ങളെയും സഹായിക്കുന്ന സ്ഥാപനമാണ് മെറ്റബയോട്ട



Tags:    

Similar News