5ജി സേവനം വൈകുന്നു: അദാനിക്കും വോഡഫോണിനും കേന്ദ്രത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്
ഇരു കമ്പനികള്‍ക്കും കോടികളുടെ പിഴ ചുമത്താന്‍ സാധ്യത
കേന്ദ്രസര്‍ക്കാരില്‍ നിന്ന് 5ജി സ്‌പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഔദ്യോഗികമായി സേവനം നല്‍കിത്തുടങ്ങാനാവാതെ വോഡഫോണ്‍-ഐഡിയയും (Vi) അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡേറ്റ നെറ്റ്‌വര്‍ക്‌സും. സമയപരിധി കഴിഞ്ഞിട്ടും സേവനം ആരംഭിക്കാത്തതിന്റെ വിശദീകരണം തേടി ഇരു കമ്പനികള്‍ക്കും ടെലികോം മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കനത്ത പിഴ ഈടാക്കിയേക്കും. വോഡഫോണ്‍-ഐഡിയയ്ക്ക് 14-15 കോടി രൂപയും അദാനി ഡേറ്റ നെറ്റ്‌വര്‍ക്‌സിന് 5-6 കോടി രൂപയും വരെ പിഴ ലഭിക്കാനുള്ള സാധ്യതകളുണ്ട്.
വൈകുന്ന നടപടികള്‍
ഏകദേശം 18,800 കോടി രൂപയുടെ 5ജി സ്‌പെക്ട്രമാണ് 2022 ഓഗസ്റ്റില്‍ നടന്ന ലേലത്തിലൂടെ വോഡഫോണ്‍-ഐഡിയ സ്വന്തമാക്കിയത്. 2023 ഓഗസ്റ്റിനകം 5ജി സേവനം ഏതെങ്കിലും മെട്രോ, നോണ്‍-മെട്രോ ഭാഗങ്ങളില്‍ നല്‍കിത്തുടങ്ങണമെന്നായിരുന്നു നിബന്ധന. ഇത് പാലിക്കാന്‍ വോഡഫോണ്‍-ഐഡിയയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
17 സര്‍ക്കിളുകളില്‍ രണ്ടിടത്ത് 5ജി സേവനം നല്‍കാനുള്ള സൗകര്യങ്ങളൊരുക്കിയെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി വ്യക്തമാക്കിയിരുന്നെങ്കിലും സേവനം നല്‍കാന്‍ ആരംഭിച്ചിട്ടില്ല.
212 കോടി രൂപയുടെ 5ജി സ്‌പെക്ട്രമാണ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡേറ്റ നെറ്റ്‌വര്‍ക്‌സ് ലേലത്തിലൂടെ നേടിയത്. തുറമുഖങ്ങളിലും മറ്റും സ്വകാര്യ ആവശ്യത്തിനായിരിക്കും ഇത് ഉപയോഗിക്കുകയെന്നും ടെലികോം ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ബിസിനസിലേക്ക് കടക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത്, മുംബയ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഉപയോഗിക്കാനുള്ള 5ജി സ്‌പെക്ട്രം അദാനിയുടെ പക്കലുണ്ട്. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് കമ്പനി ഇനിയും തീരുമാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അദാനി ഡേറ്റ നെറ്റ്‌വര്‍ക്‌സിനും കാരണംകാണിക്കല്‍ നോട്ടീസ് കേന്ദ്രം അയച്ചതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജിയോയും എയര്‍ടെല്ലും മുന്നോട്ട്
റിലയന്‍സ് ജിയോയും എയര്‍ടെല്ലും 5ജി സേവനം നല്‍കുന്നതില്‍ അതിവേഗം മുന്നേറുകയാണ്. ഇരു കമ്പനികളും ഇതിനകം രാജ്യത്ത് 4 ലക്ഷത്തിലധികം കേന്ദ്രങ്ങളില്‍ 5ജി സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ സേവനം ലഭ്യമാണെന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ചോടെ എയര്‍ടെല്ലും ഈ നേട്ടം കൈവരിക്കും. ഇരു കമ്പനികള്‍ക്കുമായി 15 കോടിയിലധികം 5ജി ഉപയോക്താക്കളാണുള്ളത്.