ഇപ്പോഴത്തെ 92 ശതമാനം ജോലികളും എ.ഐ കൊണ്ടുപോകും, ഇനി സാധ്യത ഇത്തരം ജോലികള്‍ക്ക്
ടെക് രംഗത്തെ ആഗോള ഭീമന്മാരായ ഇന്റല്‍, ഡെല്‍ തുടങ്ങിയവര്‍ ജീവനക്കാരെ കുറയ്ക്കാനും എ.ഐ സാധ്യത പരിശോധിക്കാനും തുടങ്ങി;
നിര്‍മിത ബുദ്ധി (artificial intelligence) നിങ്ങളുടെ പണി കളയും, നിങ്ങള്‍ നിര്‍മിത ബുദ്ധി പഠിച്ചില്ലെങ്കില്‍ ! പ്രശസ്തമായ ഈ വരികള്‍ക്ക് പ്രസക്തിയേറിയ സമയമാണിത്. ടെക് രംഗത്തെ ആഗോള ഭീമന്മാരായ ഇന്റല്‍, ഡെല്‍ തുടങ്ങിയവര്‍ വരെ ജീവനക്കാരെ കുറയ്ക്കാനും നിര്‍മിത ബുദ്ധിയുടെ കൂടുതല്‍ സാധ്യതകള്‍ പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്. ഇതോടെ നിര്‍മിത ബുദ്ധി സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പായി.
എന്നാല്‍ മനുഷ്യന്‍ ചെയ്യുന്ന ജോലികളില്‍ എത്രത്തോളം നിര്‍മിത ബുദ്ധി ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. നിര്‍മിത ബുദ്ധി എങ്ങനെയാണ് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ബാധിക്കുന്നതെന്ന വിഷയത്തില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ടെക് ലോകത്തെ സംസാരം. നിര്‍മിത ബുദ്ധി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.റ്റി വര്‍ക്ക് ഫോഴ്‌സ് കണ്‍സോര്‍ഷ്യമാണ് ഈ റിപ്പോര്‍ട്ടിന് പിന്നില്‍. ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍, ടെക്‌നോളജി സെക്ടറുകളില്‍ ജോലി ചെയ്യുന്നവരെയാണ് ഐ.സി.റ്റി വര്‍ക്ക് ഫോഴ്‌സ് എന്ന് വിളിക്കുന്നത്.
92 ശതമാനം ജോലിയും എ.ഐ മാറ്റും
ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഐ.ടി മേഖലയിലെ 92 ശതമാനം ജോലികള്‍ക്കും നിര്‍മിത ബുദ്ധി കാരണം മാറ്റം സംഭവിക്കും. ചില കഴിവുകളും സ്‌കില്ലുകളും അപ്രസക്തമാകുന്നതോടെ 40 ശതമാനം മിഡ് ലെവല്‍ ജോലികള്‍ക്കും 37 ശതമാനം എന്‍ട്രി ലെവല്‍ ജോലികള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കും.
പരമ്പരാഗത ജോലികളായ ഡാറ്റ മാനേജ്‌മെന്റ്, കണ്ടന്റ് ക്രിയേഷന്‍, ഡോക്യുമെന്റേഷന്‍ മെയിന്റനന്‍സ്, ബേസിക് പ്രോഗ്രാമിംഗ് ആന്‍ഡ് ലാംഗ്വേജസ്, റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്നിവയുടെ പ്രസക്തി നഷ്ടമാകും. ഇന്ന് മനുഷ്യന്‍ ചെയ്യുന്ന പല ജോലികളും അധികം വൈകാതെ നിര്‍മിത ബുദ്ധി ഏറ്റെടുക്കും.
ഇനി സാധ്യത ഇങ്ങനെ
എ.ഐ എത്തിക്‌സ്, റെസ്‌പോണ്‍സിബിള്‍ എ.ഐ, റാപ്പിഡ് എഞ്ചിനീയറിംഗ്, എ.ഐ സാക്ഷരത, ലാര്‍ജ് ലാംഗ്വേജ് മോഡല്‍ തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ കൂടുതലായി ഉയര്‍ന്നുവരാന്‍ തുടങ്ങും. ഐ.ടി അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പുതുതലമുറ ജോലികള്‍ക്ക് വേണ്ടി സ്വയം പരിശീലനം നേടുകയോ കമ്പനികള്‍ ഇവരെ പരിശീലിപ്പിക്കുകയോ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് എ.ഐ ലിറ്ററസി, ഡാറ്റ അനലിറ്റിക്‌സ്, റാപ്പിഡ് എഞ്ചിനീയറിംഗ് തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ ബോധ്യം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.