മണിക്കൂറില്‍ 700 ബോക്‌സുകള്‍ പായ്ക്ക് ചെയ്ത് ആമസോണിന്റെ റോബോട്ടുകള്‍

Update:2019-05-14 13:28 IST

ഇനി ആമസോണില്‍ നിന്ന് നമുക്ക് വരുന്ന ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്തത് റോബോട്ട് ആയേക്കാം. അമസോണ്‍ കൂടുതല്‍ കാര്യക്ഷമതയുള്ള പുതിയ തരം ഓട്ടോമേറ്റഡ് പാക്കേജിംഗ് റോബോട്ടുകളെ തങ്ങളുടെ വെയര്‍ഹൗസില്‍ പരീക്ഷിക്കുകയാണ്. കണ്‍വെയര്‍ ബെല്‍റ്റിലൂടെ നീങ്ങുന്ന ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങളെ 3ഡി സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ളവയാണ് ഈ റോബോട്ടുകള്‍. സ്‌കാനിംഗിന് ശേഷം ഉല്‍പ്പന്നത്തിന്റെ വലുപ്പത്തിന് അനുസരിച്ച് റോബോട്ട് തന്നെ ഉണ്ടാക്കിയെടുത്ത കസ്റ്റം-സൈസ് ബോക്‌സില്‍ വെച്ച് പായ്ക്ക് ചെയ്യുന്നു.

ഒരോ റോബോട്ടും മണിക്കൂറില്‍ 700 ഓര്‍ഡറുകള്‍ പായ്ക്ക് ചെയ്യാന്‍ ശേഷിയുള്ളവയാണ്. മനുഷ്യരായ ജീവനക്കാരെ അപേക്ഷിച്ച് ഇവയ്ക്ക് വിശ്രമിക്കാന്‍ ഇടവേള ആവശ്യമില്ല, വീട്ടില്‍ പോകേണ്ട, അസുഖം വന്ന് ലീവെടുക്കില്ല... ഒറ്റ റോബോട്ട് 24 ജോലിക്കാരുടെ ജോലി ചെയ്യും.

അവേശം മൂത്ത് ഇതൊന്ന് വാങ്ങിയാലോ എന്ന് ചിന്തിക്കേണ്ട. ഓരോ റോബോട്ടിന്റെയും വില ഒരു മില്യണ്‍ ഡോളറാണ്. ഇവയെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവുകള്‍ വേറെ. എന്നാല്‍ ആളുകളെ വെട്ടിച്ചുരുക്കുന്നതിലൂടെയുള്ള ലാഭവും ഉയര്‍ന്ന കാര്യക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും വഴി ആമസോണ്‍ ഈ തുക രണ്ടു വര്‍ഷം കൊണ്ട് തിരിച്ചുപിടിച്ചേക്കും.

ഇത്തരം റോബോട്ടുകള്‍ രംഗപ്രവേശം ചെയ്യുന്നതോടെ നിരവധിപ്പേരുടെ ജോലി പോയേക്കും എന്നുള്ള ആശങ്കകളുണ്ട്. എന്നാല്‍ ആമസോണ്‍ വക്താവ് ഇത് നിഷേധിക്കുന്നു. കാര്യക്ഷമത കൂടുന്നതോടെ പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്ന വാദത്തിലാണിവര്‍.

ആമസോണിലെ ഈ മാറ്റം ഭാവിയിലേക്കുള്ള വലിയ സൂചനയാണ് തരുന്നത്. ആമസോണിന്റെ റോബോട്ടിക്‌സ് ഫുള്‍ഫില്‍മെന്റ് ഡയറക്റ്റര്‍ ഫുള്‍ വെയര്‍ഹൗസ് ഓട്ടോമേഷന്‍ അടുത്തുതന്നെ സംഭവിക്കുമെന്ന് ഈ മാസം ആദ്യം വ്യക്തമാക്കിക്കഴിഞ്ഞു. എന്തായാലും ഒരു ദശകം കൂടി മാത്രമേ വെയര്‍ഹൗസ് ജോലികള്‍ നിലനില്‍ക്കാനിടയുള്ളു. അതിനുശേഷം ഇത്തരം ജോലികള്‍ പൂര്‍ണ്ണമായി ഇല്ലാതായേക്കാം.

Similar News