പുതുവര്‍ഷം മുതല്‍ ഫുഡ് ഡെലിവറി സര്‍വീസും ഉണ്ടാവില്ലെന്ന് ആമസോണ്‍, ഇത് ജെഫ് ബെസോസിന്റെ പുതിയ തന്ത്രമോ?
എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ആമസോണ്‍ അക്കാദമി പൂട്ടുന്നതിനു പിന്നാലെയാണ് പുതിയ തീരുമാനവും
ആമസോണിനു കൂഴിലുള്ള എഡ് ടെക് പ്ലാറ്റ്‌ഫോമായ ആമസോണ്‍ അക്കാദമി പൂട്ടുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വീസും പൂട്ടുകയാണ്. ഡിസംബര്‍ 29 ആയിരിക്കും കമ്പനിയുടെ അവസാന പ്രവര്‍ത്തി ദിവസം. പുതുവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനമുണ്ടാകില്ലെന്നാണ് കമ്പനിയുടെ അറിയിപ്പ്.
അക്കാര്യം ആമസോണ്‍ റെസ്റ്റോറന്റ് പങ്കാളികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 3000ത്തിലധികം റെസ്റ്റോറന്റ് പാര്‍ട്ണര്‍മാരാണ് ആമസോണ്‍ ഫുഡ് ഡെലിവറി സര്‍വീസിന് ഇന്ത്യയിലുള്ളത്.
മക്‌ഡൊണാള്‍ഡ്‌സ്, ഡൊമിനോസ് തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ പലതും കമ്പനിയുടെ റസ്റ്റോറന്റ് പാര്‍ട്ണര്‍മാരാണ്. ബിസിനസ് പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയ ശേഷമാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നാണ് അറിയുന്നത്. വാര്‍ഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്.
2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് കൊവിഡ് പ്രതിസന്ധിയിലായിരുന്നു രാജ്യം. 2021 മാര്‍ച്ച് ആയപ്പോഴേക്കും രാജ്യത്തെ 62 പിന്‍കോഡുകളില്‍ ഫുഡ് ഡെലിവറി സാധ്യമായിരുന്നു. എങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാകാതെ വന്നതിനാല്‍ കമ്പനി ഫുഡ് ഡെലിവറി സര്‍വീസില്‍ നിന്നും പിന്‍വാങ്ങുകയാണ്.
നഷ്ടത്തിലായ സര്‍വീസുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് കമ്പനിയുടെ പുതിയ തന്ത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡെമിയും അണ്‍ അക്കാദമിയും ബൈജൂസും മേല്‍ക്കോയ്മ തുടരുന്ന എഡ് ടെക്ക് വിപണിയില്‍ കമ്പനിക്ക് പിടിച്ചു നില്‍ക്കാനാകാത്തതിനാലാണ് ആമസോണ്‍ അക്കാദമിയും അടച്ച് പൂട്ടാനുള്ള തീരുമാനത്തിലേക്ക് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനി എത്തിയത്.
2023 ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് ആമസോണ്‍ അക്കാദമി തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ആമസോണ്‍ അക്കാദമി പ്ലാറ്റ്ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനില്‍ എന്റോള്‍ ചെയ്തവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം തേര്‍ഡ് പാര്‍ട്ടി ഡെലിവറി സര്‍വീസ് രംഗത്തേക്ക് കിടിലന്‍ എന്‍ട്രി നടത്തിയിരിക്കുകയാണ് ആമസോണ്‍. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയുടെ കീഴില്‍ ലോജിസ്റ്റിക്സ് സംവിധാനങ്ങള്‍, ആമസോണിന്റേതല്ലാത്ത വിവിധ ഓണ്‍ലൈന്‍, ബിസിനസ് ഓര്‍ഡറുകള്‍ക്കും സൗകര്യങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ ഷിപ്പിംഗ് എന്ന പേരില്‍ ആണ് പുതിയ സംരംഭം. എന്ന വെബ്‌സൈറ്റിലൂടെ വ്യാപാരികള്‍ക്കും സൗകര്യം ഉപയോഗിക്കാം. https://track.amazon.in/
ഡെലിവറി, എക്സ്പ്രസ് ബീസ്, ഇ കോം എക്സ്പ്രസ് തുടങ്ങിയ പുതിയ ലോജിസ്റ്റിക്സ് കമ്പനികളെ നേരിട്ട് മാര്‍ക്കറ്റ് പിടിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അടുത്തിടെ തങ്ങളുടെ ഇ-കാര്‍ട്ട് സംവിധാനം വിപുലമാക്കിയ ഫ്ളിപ്കാര്‍ട്ട് നോണ്‍ ഫളിപ്കാര്‍ട്ട് ഓര്‍ഡറുകള്‍, പ്ലാറ്റ്ഫോമിനു പുറത്തുള്ള മര്‍ച്ചന്റ്സിന് സ്വീകരിക്കന്‍ സൗകര്യം ഒരുക്കിയിരുന്നു. സ്വിഗ്ഗി - ലോക്കല്‍ ഡെലിവറി സര്‍വീസിനായി ആരംഭിച്ച സ്വിഗ്ഗി ജീനി വിപുലമാക്കാനും പദ്ധതികള്‍ നടക്കുമ്പോഴാണ് ആമസോണിനും മനം മാറ്റം.
നിലവില്‍ ഇന്ത്യയില്‍ 14,000 പിന്‍കോഡുകളാണ് ആമസോണ്‍ കവര്‍ ചെയ്യുന്നത്. ഇതിലൂടെ ഉയര്‍ന്ന തലത്തിലുള്ള സേവനങ്ങള്‍ നല്‍കാന്‍ കമ്പനിക്കു കഴിയുന്നുണ്ട്. ഈ സാധ്യതകളെ വര്‍ധിപ്പിക്കുകയാണ് പുതിയ ചുവടു വയ്പിലൂടെ കമ്പനി ചെയ്തിരിക്കുന്നത്.
ഉപഭോക്താക്കളില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ സ്വീകരിക്കുന്ന ഡയറക്ട് ടു കണ്‍സ്യൂമര്‍ (ഉ2ഇ) ബ്രാന്‍ഡുകള്‍, ലോജിസ്റ്റിക്സ് അഗ്രഗേറ്റര്‍മാര്‍, മറ്റു ബിസിനസുകള്‍ എന്നിവയ്ക്ക് ആമസോണ്‍ ഷിപ്പിംഗ് എന്നറിയപ്പെടുന്ന പുതിയ പ്രോഗ്രാം ഉപയോഗിക്കാം. ഈ പദ്ധതിയുടെ കീഴില്‍ റേറ്റ് കാര്‍ഡുകള്‍ പോലെയുള്ളവയും നടപ്പാക്കിയേക്കും.
ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് തങ്ങളുടെ കസ്റ്റമേഴ്സിനെ സപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ, ക്രിയാത്മകമായ മാര്‍ഗങ്ങള്‍ കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.