ബി.എസ്.എന്‍.എല്ലിന് ഭീഷണിയായി കേബിള്‍ ഓപ്പറേറ്റര്‍മാരുടെ 'സ്വകാര്യ' പ്രേമം!
ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ്‌ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മടി
നഷ്ടത്തില്‍ നിന്ന് ലാഭപാതയിലേക്ക് കരകയറാന്‍ വെമ്പുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിന് ഇരുട്ടടിയായി സ്വകാര്യ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിലപാട്. ഒരു വിഭാഗം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ബി.എസ്.എന്‍.എല്ലിനോട് മുഖംതിരിക്കുകയും സ്വകാര്യ കമ്പനികളുടെ കണക്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ നല്‍കുന്നതില്‍ ചില ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ (എല്‍.സി.ഒ) മനഃപൂര്‍വം കാലതാമസം വരുത്തുകയാണെന്ന ആക്ഷേപങ്ങളുമുണ്ട്. മൊബൈല്‍ഫോണുകളുടെ വരവോടെ പിന്നാക്കം പോയ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ഫോണുകള്‍ സര്‍ക്കാര്‍ സഹായത്തോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കവേയാണ് തടയിട്ട് ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിലപാടെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
പൊല്ലാപ്പായത് പുറംകരാര്‍
ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഗ്രാമീണമേഖലകളിലുള്‍പ്പെടെ അതിവേഗം വ്യാപിപ്പിക്കാനാണ് ലാസ്റ്റ്‌മൈല്‍ കണക്റ്റിവിറ്റി പദ്ധതി സ്വകാര്യ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പുറംകരാറായി നല്‍കിയത്. നിലവില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ഫോണുകളില്‍ ഔട്ട്‌ഗോയിംഗും ഇന്‍കമിംഗും സൗജന്യവുമാണ്. എന്നാല്‍, ഈ സേവനവും ആനുകൂല്യങ്ങളും ലഭിക്കാന്‍ പുറംകരാറുകാര്‍ കനിയേണ്ട സ്ഥിതിയിലാണ് ഉപയോക്താക്കള്‍.
അതത് പ്രദേശത്തെ കേബിള്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു ബി.എസ്.എന്‍.എല്ലിന്റെ പദ്ധതി. ലഭിക്കുന്ന ലാന്‍ഡ്‌ഫോണ്‍, ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ അപേക്ഷകള്‍ പുറംകരാറുകാര്‍ക്ക് കൈമാറും. മാസ ബില്ലിലെ 40 ശതമാനം തുകയാണ് ഇവര്‍ക്ക് ലഭിക്കുക.
എന്നാല്‍, സ്വകാര്യ കമ്പനികളില്‍ നിന്ന് ഇതിലും കൂടുതല്‍ തുക ലഭിക്കുമെന്നതിനാല്‍, ബി.എസ്.എന്‍.എല്ലിന്റെ കണക്ഷന്‍ വിതരണത്തിന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മനഃപൂര്‍വം വീഴ്ച വരുത്തുകയാണെന്ന് അധികൃതര്‍ പറയുന്നു.
കേരളവും ബി.എസ്.എന്‍.എല്ലും
ബി.എസ്.എന്‍.എല്ലിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നതും ഉപയോക്തൃ അടിത്തറയുള്ളതും കേരളത്തിലാണ്. ഒരുകോടിയിലേറെ ഉപയോക്താക്കള്‍ കമ്പനിക്ക് കേരളത്തിലുണ്ടായിരുന്നത് ഇപ്പോള്‍ 97 ലക്ഷത്തോളമായി കുറഞ്ഞു. കൂടൊഴിഞ്ഞുപോയവരെ തിരിച്ചെത്തിക്കാനും പുതിയ ഉപയോക്താക്കളെ കണ്ടെത്താനും ശ്രമിക്കവേയാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ തിരിച്ചടി സൃഷ്ടിക്കുന്നത്.