ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 500 കോടി ഡോളറിലെത്തി
പ്രീമിയം ഉപകരണങ്ങളുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ചതോടെയാണ് കയറ്റുമതി ഉയര്‍ന്നത്
ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം നാലിരട്ടി ഉയര്‍ന്ന് 500 കോടി ഡോളര്‍ (40,000 കോടി രൂപ) കടന്നതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കമ്പനിയുടെ പ്രീമിയം ഉപകരണങ്ങളുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ചതോടെയാണ് കയറ്റുമതി ഉയര്‍ന്നത്.
1000 കോടി ഡോളര്‍ കടന്നു
ഇതോടെ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി ഇന്ത്യയുടെ മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 1000 കോടി ഡോളര്‍ കടന്നു. ഇതില്‍ 320-400 കോടി ഡോളര്‍ സംസംഗിന്റെ സംഭാവനയാണ്. യു.കെ, ഇറ്റലി, ഫ്രാന്‍സ്, മിഡില്‍ ഈസ്റ്റ്, ജപ്പാന്‍, ജര്‍മ്മനി, റഷ്യ എന്നിവയുള്‍പ്പെടെയുള്ള വികസിത വിപണികളിലേക്ക് ഇന്ത്യ ഇപ്പോള്‍ സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
കയറ്റുമതി ഉയര്‍ന്നു തന്നെ
നിലവില്‍ കമ്പനിയുടെ മൂന്ന് കരാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ (ഹോണ്‍ ഹായ്), വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവ തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും പ്ലാന്റുകളില്‍ നിന്ന് ഐഫോണ്‍ 12, 13, 14 മോഡലുകള്‍ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. മൂന്ന് നിര്‍മ്മാതാക്കളിലൂടെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 11,000 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 40,000 കോടി രൂപയായി ഉയര്‍ന്നു.
2023 മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണുകളുടെ എക്കാലത്തെയും വലിയ പ്രതിമാസ കയറ്റുമതിയും രേഖപ്പെടുത്തി. ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 5 ശതമാനം ഇപ്പോള്‍ ഇന്ത്യയിലാണ്. 2020-ല്‍ ഇത് വെറും ഒരു ശതമാനത്തില്‍ താഴെയായിരുന്നു. ഇന്ത്യയില്‍ ആപ്പിളിന്റെ ആദ്യത്തെ രണ്ട് റീറ്റെയ്ല്‍ സ്റ്റോറുകള്‍ യഥാക്രമം ഏപ്രില്‍ 18, ഏപ്രില്‍ 20 തീയതികളില്‍ മുംബൈയിലും ഡല്‍ഹിയിലും തുറക്കും.