നിക്ഷേപകര്‍ ബൈജൂസിന് പിന്നാലെ തന്നെ; 200 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

പുതിയ നിക്ഷേപം സ്വീകരിക്കുന്നതോടെ കമ്പനിയുടെ മൂല്യം 12 ബില്യണ്‍ ഡോളറായി ഉയരും;

Update:2020-11-24 15:18 IST

Image : Byju Raveendran

കോവിഡ് കാലം ഏറ്റവും നേട്ടമുണ്ടാക്കിക്കൊടുത്ത സ്ഥാപനങ്ങളില്‍ ഒന്നാണ് മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന ബൈജൂസ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ നിരവധി സ്ഥാപനങ്ങളാണ് ബൈജൂസില്‍ നിക്ഷേപം നടത്തയിത്. ഇപ്പോള്‍ ഇതാ ബ്ലാക്ക് റോക്ക്, ടി. റോ പ്രൈസ് എന്നിവരില്‍ നിന്ന് ബൈജൂസ് 200 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ മൂല്യം 12 ബില്യണ്‍ ഡോളറായി ഉയരും.

എന്നാല്‍ കമ്പനി അധികൃതര്‍ പുതിയ നിക്ഷേപത്തെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് പാര്‍ട്ണേര്‍സ്, ഡിഎസ്ടി ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക്, ഓള്‍ വെഞ്ച്വേര്‍സ് എന്നിവരടങ്ങുന്ന ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് ബൈജൂസ് 500 മില്യണ്‍ ഡോളര്‍(3672 കോടി രൂപ) നിക്ഷേപം സ്വരൂപിച്ചിരുന്നു. ഇതിനു ശേഷം ഒരു ബില്ല്യണ്‍ ഡോളറാണ് ബൈജൂസ് ആപ്പിന്റെ മൂല്യം ഉയര്‍ന്നത്. സാന്‍ഡ്‌സ് ക്യാപിറ്റല്‍, അല്‍കിയോണ്‍ ക്യാപിറ്റല്‍, ബ്ലാക്ക് റോക്ക് എന്നീ പുതിയ നിക്ഷേപകരും ചേര്‍ന്നതോടെയാണ് ബൈജൂസിന്റെ മൂല്യം 11.1 ബില്യണ്‍ ഡോളറിലെത്തിയത്.

ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് ആപ്പാണ് ബൈജൂസ്. പത്ത് ബില്യണില്‍ അധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഡെക്കാകോണ്‍ പദവിയും ബാഗംളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് സ്വന്തമാക്കിയിരുന്നു.

2015 ഓഗസ്റ്റിലാണ് ഈ എഡ്യു ടെക് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്. നാലാം ക്ലാസുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ബൈജൂസ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടത് ബൈജൂസ് ആപ്പിന് വലിയ നേട്ടമായി. 1700 ലധികം നഗരങ്ങളില്‍ നിന്നായി 70 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ജജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സെപ്റ്റംബറില്‍ ഫണ്ടിംഗ് നേടിയ സമയത്ത് കമ്പനി വ്യക്തമാക്കിയത്. ഇതില്‍ 4.5 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക വരിക്കാരാണ്. ലോക്ഡൗണ്‍ സമയത്ത് 25 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് ബൈജൂസ് ആപ്പില്‍ ഉണ്ടായിരുന്നത്.

ബൈജൂസിന്റെ വരുമാനം 1,430 കോടി രൂപയായിരുന്നത് രണ്ടിരട്ടി വര്‍ധിച്ച്് 2,800 കോടി രൂപയായിയിട്ടുണ്ട്. 2021 മാര്‍ച്ചില്‍ ഒരു ബില്ല്യണ്‍ വരുമാനം എന്നതാണ് ബൈജൂസ് ലക്ഷ്യമിടുന്നത്.


ഇതുവരെയുള്ള നിക്ഷേപകര്‍

  1. നവംബര്‍ 2020 -ബ്ലാക്ക് റോക്ക്, ടി. റോ പ്രൈസ്
  2. സെപ്റ്റംബര്‍ 2020-ബ്ലാക്ക് റോക്ക്, സാന്‍ഡ്‌സ് ക്യാപിറ്റല്‍, ആല്‍ക്കിയോണ്‍ ക്യാപിറ്റല്‍
  3. സെപ്റ്റംബര്‍ 2020- സില്‍വര്‍ ലേക്ക്
  4. ഓഗസ്റ്റ് 2020- ഡിഎസ്ടി ഗ്ലോബല്‍
  5. ജൂണ്‍ 2020- ബോണ്ട്
  6. ജനുവരി 2020- ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക്
  7. ജൂലൈ 2019- ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി
  8. ഡിസംബര്‍ 2018- നാസ്‌പേഴ്‌സ
  9. 2017 അവസാനം- ടെന്‍സെന്റ്
  10. സെപ്റ്റബര്‍ 2016- ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ്
  11. ജൂണ്‍ 2016- ലൈറ്റ്‌സ്പീഡ്, ടൈംസ് ഇന്റര്‍നെറ്റ്


Tags:    

Similar News