തലയുയര്‍ത്തി കേരളം; ഫിഫ ലോക കപ്പിന് 'ബൈജൂസ്' ഔദ്യോഗിക സ്‌പോണ്‍സര്‍
2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സറാകുന്ന ആദ്യ മലയാളി സാറ്റാര്‍ട്ടപ്പ് സംരംഭകന്‍
ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഇലോണ്‍ മസ്‌കിനും ജെഫ്‌ബെസോസിനും താഴെ കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി പേരു ചേര്‍ക്കപ്പെട്ട യുവ സംരംഭകനാണ് ബൈജൂസ്. ഇപ്പോഴിതാ ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പില്‍ സ്‌പോണ്‍സര്‍ ആയിരിക്കുകയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് തരംഗം സൃഷ്ടിച്ച ബൈജൂസ് ലേണിംഗ് ആപ്പ്.
2022 ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളായി തങ്ങളെ തെരഞ്ഞെടുത്ത വിവരം വ്യാഴാഴ്ചയാണ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബൈജൂസ് അറിയിച്ചത്. ഇത്രയും അഭിമാനകരമായ ഒരു ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു. അതേസമയം, സേപോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തുകയോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
ബൈജൂസ് പോലെയുള്ള ഒരു കമ്പനിയുമായി പങ്കാളികളാവുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഇനിയും ലോകത്തിലെ വിവിധ കമ്മ്യൂണിറ്റികളുമായി ഇടപഴകാനും ലോകത്തെമ്പാടുമുള്ള യുവാക്കളെ ശാക്തീകരിക്കാനും അത് സഹായകമാവും,' ഫിഫയുടെ കൊമേഷ്യല്‍ ഓഫീസറായ കേ മദാതി പറഞ്ഞു.
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിനായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ ഡോട്ട് കോമുമായി സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് ബൈജൂസുമായി കരാറിലെത്തിയതെന്ന് ഫിഫ അറിയിച്ചു.
ബൈജൂസ് വഴി ബൈജു രവീന്ദ്രനാണ് ഫിഫയില്‍ സ്‌പോണ്‍സര്‍ ആകുന്ന ആദ്യമലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍. ഈ പങ്കാളിത്തത്തിലൂടെ, ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ് 2022 ഫിഫ ലോകകപ്പിന്റെ മാര്‍ക്ക്/ലോഗോ, പ്രൊമോഷനുകള്‍, ഡിജിറ്റല്‍, പ്രൊമോഷണല്‍ അസറ്റുകള്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ പ്രയോജനപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലേക്ക് എത്തുകയും ചെയ്യും. വ്യത്യസ്ത ആക്ടിവേഷന്‍ പ്ലാന്‍ അവതരിപ്പിച്ച് അതിലൂടെ വേള്‍ഡ് കപ്പിന്റെ ഭാഗമായി വിദ്യാഭ്യാസ സന്ദേശങ്ങള്‍ക്കൊപ്പം ആകര്‍ഷകവും ക്രിയാത്മകവുമായ ഉള്ളടക്കവും ഇത് സൃഷ്ടിക്കും.