പ്രതിസന്ധി രൂക്ഷം : ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്
വായ്പ പുനഃക്രമീകരിക്കാന്‍ വായ്പാ ദാതാക്കളുമായി ധാരണയിലെത്തിയേക്കും
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി (എഡ്‌ടെക്/EdTech) പ്ലാറ്റ്‌ഫോമായ ബൈജൂസ് ചെലവ് കുറയ്ക്കുന്നതിനും ഫണ്ടിംഗിലുണ്ടായിട്ടുള്ള കാലതാമസം പരിഹരിക്കുന്നതിനുമായി ബംഗളൂരുവിലെ വലിയ ഓഫീസ് സ്‌പേസ് ഒഴിഞ്ഞതായി മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗളൂരുവില്‍ മൂന്ന് ഓഫീസുകളാണ് ബൈജൂസിന് ഉള്ളത്. ഇതില്‍ 5.58 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കല്യാണി ടെക് പാര്‍ക്കിലെ പ്രോപ്പര്‍ട്ടിയാണ് ഇപ്പോള്‍ ഒഴിഞ്ഞിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് ജൂലൈ 23 മുതല്‍ മറ്റ് ഓഫീസുകളിലേക്ക് മാറുകയോ അല്ലെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാനോ ബൈജൂസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ ഒമ്പത് നിലകളില്‍ രണ്ടെണ്ണം വേണ്ടെന്നു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെമ്പാടുമായി 30 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്‌പേസാണ് ബൈജൂസ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് ബൈജൂസ് ബംഗളൂരുവിൽ രണ്ട് ഓഫീസ് കോംപ്ലക്‌സുകള്‍ വാട്കയ്‌ക്കെടുത്തത്. ഇതിൽ ഒരെണ്ണം കഴിഞ്ഞ മാസം ഒഴിയുകയും ജീവനക്കാരെ മാറ്റിവിന്യസിക്കുകയും ചെയ്തു. ഓഗ്‌സ്‌റ്റോടെ രണ്ടാമത്തെ കെട്ടിടവും ഒഴിയാനാണ് തീരുമാനം.
ആശ്വാസമായി വായ്പ പുനഃക്രമീകരണം
കടപത്രിസന്ധി പരിഹരിക്കാന്‍ വായ്പക്കാരുമായി പുതിയ ധാരണയുണ്ടാക്കാന്‍ ബൈജൂസ് തയ്യാറായതായും റിപ്പോര്‍ട്ടുകളുണ്ട്. ബൈജൂസിന്റെ 9,800 കോടി രൂപ (120 കോടി ഡോളർ) ടേം ബി വായ്പകളില്‍ (Term Loan B/TLB) ) 85 ശതമാനവും നല്‍കിയിട്ടുള്ള വായ്പക്കാരുമായി ധാരണയിലെത്തി വായ്പ പുനഃസംഘടിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് അറിയുന്നു. വായ്പയെടുത്തയാൾക്ക് പലിശമാത്രം അടച്ചു കൊണ്ട് മുതൽ തിരിച്ചടയ്ക്കാൻ സമയം നൽകുകയാണ് ടേം ലോണ്‍ ബി യുടെ ഉദ്ദേശ്യം.
ഓഗസ്റ്റ് മൂന്നിന് നിക്ഷേപകരും ബൈജൂസും തമ്മില്‍ എഗ്രിമെന്റ് ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോണ്‍ നിബന്ധനകള്‍ വിജയകരമായി ചര്‍ച്ചനടത്തി തീരുമാനിക്കാനായാല്‍ ഉടന്‍ പണം തിരിച്ചടയ്ക്കണമെന്ന നിബന്ധനയില്‍ നിന്ന് വായ്പാദാതാക്കള്‍ പിന്‍മാറും. മാത്രമല്ല നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുകയും ചെയ്യും.