ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാ വീഴ്ച; വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത

ജാഗ്രത പാലിക്കാന്‍ കേന്ദ്ര നിര്‍ദേശം

Update:2024-02-13 15:16 IST

Image courtesy: ChromeOS/ Edge browser/ canva

ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും മൈക്രോസോഫ്റ്റ് എഡ്ജ് വെബ് ബ്രൗസറിലും ഒന്നിലധികം സുരക്ഷാ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി-ഇന്‍). ഈ സുരക്ഷാ പ്രശ്‌നങ്ങള്‍ ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തുന്നതിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് സി.ഇ.ആര്‍.ടി-ഇന്‍ മുന്നറിയിപ്പ് നല്‍കി. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ലീനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം. 

സുരക്ഷാ ഭിഷണി നേരിടുന്നവ

നിലവില്‍ ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റവും മൈക്രോസോഫ്റ്റ് എഡ്ജ് വെബ് ബ്രൗസറും ഉപയോഗിക്കുന്നവര്‍ കാലാവധി കഴിഞ്ഞ പതിപ്പുകള്‍ ഉപയോഗിക്കരുതെന്നും ഇത് സുരക്ഷാ ഭീഷണി ഉയര്‍ന്നതാണെന്നും മുന്നറിയിപ്പുണ്ട്. 121.0.2277.98ന് മുമ്പുള്ള മൈക്രോസോഫ്റ്റ് എഡ്ജ് (stable), 120.0.2210.167ന് മുമ്പുള്ള മൈക്രോസോഫ്റ്റ് എഡ്ജ് (extended stable), 114.0.5735.350ന് മുമ്പുള്ള ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം എല്‍.ടി.എസ് ചാനല്‍ പതിപ്പ് എന്നിവയാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. 

ഇവ ഉപയോഗിക്കുന്നവര്‍ എത്രയും വേഗം ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടനടി അപ്ഡേറ്റ് ചെയ്യുകയോ അതത് കമ്പനികള്‍ നല്‍കുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണം. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള പതിപ്പ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. വിവിധ സുരക്ഷാ പരിഹാരങ്ങള്‍ അടങ്ങിയ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പും ഗൂഗിള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.


Tags:    

Similar News