ഒരാഴ്ച കൊണ്ട് ഇലോണ്‍ മസ്‌കിന് നഷ്ടമായത് 27 ബില്യണ്‍ ഡോളര്‍
ലോക സമ്പന്ന പട്ടികയില്‍ ബെസോസിനെക്കാള്‍ 20 ബില്യന്‍ ഡോളര്‍ പിന്നിലാണ് ഇപ്പോള്‍ മസ്‌ക്.
ചരിത്രപരമായ സ്വത്ത് സമ്പാദിക്കലിനിടയില്‍ കഴിഞ്ഞ ഒരാഴ്ച കാലം കൊണ്ട് ഇലോണ്‍ മസ്‌ക്കിന് 27 ബില്യണ്‍ ഡോളര്‍ നഷ്ടമായതായി കണക്കുകള്‍. ടെക് സ്റ്റോക്കുകളുടെ വില്‍പ്പനയില്‍ വാഹന നിര്‍മാതാക്കളുടെ ഓഹരികള്‍ ഇടിഞ്ഞതിനാലാണ് തിങ്കളാഴ്ച മുതല്‍ ടെസ്ല ഇങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് 27 ബില്യണ്‍ ഡോളരിന്റെ നഷ്ടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിലെ അതിവേഗ സ്വത്ത് സമ്പാദനത്തില്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡുകളാണ് സ്ഥാപിച്ചത്.
156.9 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ മസ്‌ക് ഇപ്പോഴും ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയില്‍ കഴിഞ്ഞ ആഴ്ച ഒന്നാമതെത്തിയ മസ്‌ക് ഇപ്പോള്‍ ജെഫ് ബെസോസിന് ഏകദേശം 20 ബില്യണ്‍ ഡോളര്‍ പിന്നിലാണ്.
2020 ല്‍ ടെസ്ല ഓഹരികള്‍ 743 ശതമാനം ഉയര്‍ന്നാണ് ഓഹരി മൂല്യം വര്‍ധിക്കുകയും ആസ്തി ലോകത്തില്‍ ഒന്നാമതെത്തുകയും ചെയ്തത്. ഇതുമാത്രമല്ല ബിറ്റ്‌കോയിന്‍ വിലകളും ഈ ഉയര്‍ച്ചയെ സ്വാധീനിച്ചിട്ടുണ്ട്. ക്രിപ്റ്റോകറന്‍സിയുടെ 1.5 ബില്യണ്‍ ഡോളര്‍ ബാലന്‍സ് ഷീറ്റില്‍ ചേര്‍ത്തതായി ടെസ്ല കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.
ശതകോടീശ്വരപ്പട്ടിക ചാഞ്ചാട്ടത്തിന് സാക്ഷിയായ കാലഘട്ടമായിരുന്നു ഇത്. ഏഷ്യയിലെ ഒരു കാലത്തെ ഏറ്റവും ധനികനായ ചൈനീസ് ബോട്ടില്‍-വാട്ടര്‍ വ്യവസായി സോംഗ് ഷാന്‍ഷാന്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിക്ക് ആ പദവി കൈമാറേണ്ടി വന്നതും കഴിഞ്ഞ മാസമാണ്.
ഈ വര്‍ഷത്തെ സൂചികയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവരില്‍ ആല്‍ഫബെറ്റ് ഇങ്ക് സഹസ്ഥാപകരായ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവരാണ്. ജനുവരി 1 മുതല്‍ ഇരുവരും 13 ബില്യണ്‍ ഡോളറിലധികമാണ് തങ്ങളുടെ സമ്പാദ്യത്തിലേക്ക് ചേര്‍ത്തത്.