ഇലോണ്‍ മസ്‌കിന്റെ വിമാനത്തെ വിടാതെ പിന്തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ട്; 19കാരന് 5000 ഡോളര്‍ വാഗ്ദാനം, അരലക്ഷം ഡോളര്‍ കിട്ടാതെ പിന്മാറില്ലെന്ന് മറുപടി

തന്നെ ട്രാക്ക് ചെയ്യുന്നതിന്റെ ഗുട്ടന്‍സ് വെളിപ്പെടുത്താന്‍ 5000 ഡോളറാണ് മസ്‌കിന്റെ വാഗ്ദാനം. എന്നാല്‍ തന്റെ കഠിനാധ്വാനത്തിന് ഇത്രയും മതിയാവില്ലെന്നും 50,000 ഡോളറെങ്കിലും കിട്ടണമെന്നുമാണ് ജാക്ക് സ്വീനിയുടെ ആവശ്യം

Update:2022-01-31 12:32 IST

ഇലോണ്‍ മസ്‌കിന്റെ ജെറ്റ് വിമാനം എവിടെയൊക്കെ പോകുന്നോ, അതൊക്കെയും കൃത്യമായി ട്രാക്ക് ചെയ്ത് അതാതു നിമിഷം തന്നെ ട്വിറ്ററില്‍ അപ്ഡേറ്റ് ചെയ്ത് പത്തൊമ്പതുകാരന്‍. ഇതെങ്ങനെ സാധിക്കുന്നുവെന്ന് അറിയിക്കാനും ട്വിറ്റര്‍ അക്കൗണ്ട് ഒഴിവാക്കാനും വേണ്ടി ജാക്ക് സ്വീനി എന്ന ഹാക്കറിന് വമ്പന്‍ വാഗ്ദാനം നല്‍കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്.

5000 ഡോളറാണ് മസ്‌കിന്റെ വാഗ്ദാനം. എന്നാല്‍ തന്റെ കഠിനാധ്വാനത്തിന് ഇത്രയും മതിയാവില്ലെന്നും 50,000 ഡോളറെങ്കിലും കിട്ടണമെന്നുമാണ് ജാക്ക് സ്വീനിയുടെ ആവശ്യം.

ഇലോണ്‍ മസ്‌ക് തന്നെ സ്വകാര്യ ചാറ്റില്‍ പോയാണ് ജാക്ക് സ്വീനിക്ക് പണം വാഗ്ദാനം ചെയ്തത്. തന്റെ ജെറ്റ് ട്രാക്ക് ചെയ്യപ്പെടുന്നത് തനിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് മസ്‌കിന്റെ ഇടപെടല്‍.

മസ്‌ക് തന്നെ ബന്ധപ്പെട്ടുവെന്ന് കാണിച്ച് ജാക്ക് സ്വീനി തന്നെയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ടത്.

2020 ജൂണില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇലോണ്‍ മസ്‌കിന്റെ സ്വകാര്യ ജെറ്റായ എന്‍628ടിഎസിന്റെ സഞ്ചാരദിശയും സമയവും മാപ്പ് സഹിതം പുറത്തുവിടുകയാണ് ചെയ്യുന്നത്.

എഡിഎസ്-ബി ഡാറ്റ ഉപയോഗിച്ച് ബോട്ടാണ് വിവരങ്ങള്‍ ട്രാക്ക് ചെയ്ത് പുറത്തുവിടുന്നത്. എങ്ങനെ തന്റെ വിമാനം ട്രാക്ക് ചെയ്യാതെ സുരക്ഷിതമാക്കാമെന്ന് പറഞ്ഞുതരണമെന്നാണ് ജാക്ക് സ്വീനിയോട് ഇലോണ്‍ മസ്‌കിന്റെ ആവശ്യം.

ട്രാക്ക് ചെയ്യുന്നത് നിര്‍ത്താന്‍ വേണ്ടി ട്വിറ്ററില്‍ ഇലോണ്‍ മസ്‌കും ജാക്ക് സ്വീനിയും തമ്മില്‍ വിലപേശല്‍ തന്നെ നടന്നു. 'തന്നെ ട്രാക്ക് ചെയ്യുന്നത് നിര്‍ത്താന്‍ 5000 ഡോളര്‍ കൊടുത്താലോ?' എന്നാണ് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. മറുപടിയുമായി സ്വീനിയും രംഗത്തെത്തി.

'നടക്കുന്ന കാര്യം തന്നെ, അക്കൗണ്ടും എന്റെ സഹായങ്ങളും. അത് 50,000 ഡോളര്‍ ആക്കാന്‍ എന്തെങ്കിലും വകുപ്പുണ്ടോ?' - ജാക്ക് സ്വീനി ചോദിച്ചു. 'ഞാന്‍ ഇതിനു വേണ്ടി ഒരുപാട് പ്രവര്‍ത്തിച്ചു, 5000 ഡോളര്‍ മതിയാവില്ല'- ഇന്‍സൈഡറിന് അനുവദിച്ച അഭിമുഖത്തില്‍ സ്വീനി പറഞ്ഞു. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറല്ലെന്നാണ് അറിയുന്നത്.

ഇലോണ്‍ മസ്‌കിന്റെ ഫാന്‍ ആയതിനാലാണ് തനിക്കീ ഐഡിയ വന്നതെന്ന് ജാക്ക് സ്വീനി പറയുന്നു. 'അദ്ദേഹത്തിനൊരു ജെറ്റ് ഉണ്ടെന്ന് എനിക്കറിയാം. എന്ത് ബിസിനസാണ് അദ്ദേഹം നടത്തുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നും അതിലൂടെ വെളിപ്പെടുമെന്നും എനിക്കറിയാമായിരുന്നു'- ട്രാക്ക് ചെയ്യാനുള്ള തീരുമാനത്തിലെത്തിയ പശ്ചാത്തലം സ്വീനി പറയുന്നു.

തന്റെ പിതാവ് വ്യോമയാന മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും അതാണ് വിമാനങ്ങളുടെ കാര്യത്തില്‍ താല്‍പര്യം വന്നതെന്നും സ്വീനി പറയുന്നു.

കോളജില്‍ പഠിക്കുന്ന കാലത്ത് ഊബര്‍ജെറ്റ്സ് എന്ന കമ്പനിയില്‍ പാര്‍ട് ടൈം ആയി പ്രവര്‍ത്തിച്ചിരുന്നുവെന്നും, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ ട്രാക്ക് ചെയ്യാന്‍ വേണ്ടി ഒരു പ്ലാറ്റ്ഫോം താന്‍ ഉണ്ടാക്കിയിരുന്നുവെന്നും സ്വീനി വെളിപ്പെടുത്തി.

https://twitter.com/ElonJet?ref_src=twsrc^google|twcamp^serp|twgr^author

Tags:    

Similar News