മനുഷ്യന്റെ തലച്ചോറിലും ഇനി മസ്‌കിന്റെ ന്യൂറാലിങ്ക് ചിപ്പ്; ചിന്തകളും ചോര്‍ത്തുമോയെന്ന് ആശങ്ക
ചിന്തിച്ചാല്‍ സ്‌ക്രീനിലെത്തുന്ന സംവിധാനത്തെ 'ടെലിപ്പതി'യെന്ന് വിളിച്ച് മസ്‌ക്
മനസ്സില്‍ ആലോചിക്കുന്ന നിമിഷം തന്നെ അക്കാര്യം മുന്നിലെ മൊബൈലിലോ ലാപ്‌ടോപ്പിലോ തെളിഞ്ഞാലോ. ഇനിയിതിന് വലിയ താമസമൊന്നുമില്ലെന്ന് തെളിയിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്. നിര്‍ദേശങ്ങള്‍ ടൈപ് ചെയ്യാതെ ചിന്തിക്കുമ്പോള്‍ തന്നെ അതിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറും മൊബൈല്‍ ഫോണും വൈകാതെ തന്നെ യാഥാര്‍ഥ്യമാകും. ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യമസ്തിഷ്‌കത്തില്‍ ആദ്യമായി വയര്‍ലെസ് ചിപ്പ് ഘടിപ്പിച്ചു. 'ടെലിപ്പതി'യെന്നാണ് ചിപ്പിന് മസ്‌ക് നല്‍കിയ പേര്.
സ്വകാര്യതക്ക് ഭീഷണിയെന്ന് ചിലർ
മനുഷ്യമസ്തിഷ്‌കത്തില്‍ ആദ്യമായി വയര്‍ലെസ് ചിപ്പ് ഘടിപ്പിച്ചതോടെ ചിന്തകളും ഇനി ചോര്‍ത്തുമോയെന്ന് ആശങ്കയുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ മനുഷ്യന്റെ മനസ്സ് മാത്രമാണ് അവന്റെ സ്വകാര്യതയെന്നും ഇത്തരത്തില്‍ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുമ്പോള്‍ ചിന്തകള്‍ പോലും ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക അവർ പങ്കുവയ്ക്കുന്നുണ്ട്. ഇത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചിപ്പ് പ്രവര്‍ത്തിക്കുക ഇങ്ങനെ
മനുഷ്യമസ്തിഷ്‌കത്തില്‍ വയര്‍ലെസ് ചിപ്പ് പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമാണെന്നും ചിപ്പ് സ്വീകരിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നതായും ഇലോണ്‍ മസ്‌ക് അറിയിച്ചു. റോബോട്ടിക് സര്‍ജറി വഴിയാണ് തലച്ചോറില്‍ ഈ ചിപ്പ് ഘടിപ്പിച്ചത്. ഈ ചിപ് ന്യൂറോണ്‍ വ്യതിയാനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുടിനാരിഴയേക്കാള്‍ നേര്‍ത്ത 64 ചെറുനാരുകളാണ് ചിപ്പിലുള്ളത്. ഇതിലെ 1,024 ഇലക്ട്രോഡുകളാണ് വിവരങ്ങള്‍ ഒപ്പിയെടുക്കുന്നത്.
തലച്ചോറില്‍നിന്നുള്ള ന്യൂറോണ്‍ സിഗ്‌നലുകള്‍ ചിപ്പ് പിടിച്ചെടുത്ത് വയര്‍ലെസായി തൊട്ടടുത്തുള്ള കംപ്യൂട്ടറിലെയോ മൊബൈലിലെയോ ആപ്പിലെത്തും. വയര്‍ലെസായി ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്. മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷം കഴിഞ്ഞവര്‍ഷം മേയിലാണ് മനുഷ്യരില്‍ ചിപ്പ് പരീക്ഷിക്കാന്‍ ന്യൂറലിങ്കിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയത്.
ശാരീരിക പരിമിതികളുള്ളവര്‍ സഹായം
മനുഷ്യന്റെ തലച്ചോറിനെയും കംപ്യൂട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് മസ്‌ക് ന്യൂറാലിങ്കിന് തുടക്കമിട്ടത്. പാര്‍ക്കിന്‍സണ്‍സടക്കമുള്ള നാഡീ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവരുടെ ജീവിതം അനായാസമാക്കാന്‍ ചിപ്പിന് കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ശാരീരിക പരിമിതികളുള്ളവര്‍ക്ക് ചിപ്പ് നല്‍കുന്നതിനാകും പ്രഥമ പരിഗണനയെന്ന് കമ്പനി അറിയിച്ചു.
അതായത് ഈ സംവിധാനത്തിന് ഭാവിയില്‍ പല ഉദ്ദേശലക്ഷ്യങ്ങളുണ്ടെങ്കിലും കമ്പനി ആദ്യഘട്ടത്തില്‍ ശരീരം തളര്‍ന്നു പോയവര്‍ക്കും കാഴ്ചശക്തിയില്ലാത്തവര്‍ക്കും ഒക്കെ കൈത്താങ്ങാകാനുള്ള ശ്രമമാണ് നടത്തുന്നത്. ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കു ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കാന്‍ ന്യുറലിങ്ക് വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. 6 വര്‍ഷം നീളുന്ന ഈ പഠനത്തില്‍ നിരന്തരമായ ചെക്കപ്പുകളുമുണ്ടാകും.
വിവാദങ്ങള്‍ക്കൊടുവില്‍
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് മനുഷ്യന്റെ തലച്ചോറില്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന് ചിപ്പ് ഘടിപ്പിക്കാനായത്. ന്യൂറാലിങ്ക് മൃഗങ്ങളില്‍ ചിപ്പ് ഘടിപ്പിച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂറാലിങ്കിന്റെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മൃഗങ്ങളുടെ മരണമാണ് വിവാദത്തിന്റെ പ്രധാന കാരണം. പന്നികളും കുരങ്ങുകളും ഉള്‍പ്പെടെ 1,500ല്‍ അധികം മൃഗങ്ങളെ 2018 മുതല്‍ കമ്പനിയുടെ ഗവേഷണത്തിനായി ഉപയോഗിച്ചതായി പറയുന്നു.
ഈ മൃഗങ്ങള്‍ നേരിടേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് ആശങ്ക ഉന്നയിച്ച് നിരവധി പേര്‍ രംഗത്തു വന്നിരുന്നു. കൂടാതെ പെട്ടെന്നുള്ള ഫലങ്ങള്‍ നേടാന്‍ തിരക്കിട്ട് ചില മൃഗങ്ങളില്‍ പരീക്ഷണം നടത്തിയതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ന്യൂറലാിങ്ക് ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് ആവശ്യമായ അനുമതികൾ വാങ്ങി കമ്പനി മനുഷ്യനിൽ പരീക്ഷണം നടത്തിയത്.