ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി 'ലിബ്ര', വമ്പന്മാർ പിന്തുണക്കും 

Update:2019-06-14 16:33 IST

ഫേസ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സി 'ലിബ്ര' അടുത്തയാഴ്ച അവതരിപ്പിക്കും. 2020 ലായിരിക്കും ലിബ്ര പുറത്തിറങ്ങുകയെന്നും വാള്‍സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്‍ബുക്കിന് സ്വന്തമായി ഒരു ക്രിപ്റ്റോ കറന്‍സി-അധിഷ്ഠിത പണമിടപാട് സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് 'ലിബ്ര'യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

വൻ കോർപറേറ്റുകളുടെ പിന്തുണ ഇതിനകം ലിബ്ര നേടിക്കഴിഞ്ഞു. യുബര്‍, മാസ്റ്റര്‍കാര്‍ഡ്, വിസ, പേ പാൽ തുടങ്ങിയവരുടെ കണ്‍സോര്‍ഷ്യവുമായി ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്.

കൂടാതെ ബുക്കിങ്‌ഡോട്ട്‌കോം, അര്‍ജന്റീന ആസ്ഥാനമായ ഇ-കൊമേഴ്‌സ് കമ്പനി മെര്‍ക്കാഡോലിബ്ര, സ്‌ട്രൈപ്പ് എന്നിവരുമായും ഫേസ്ബുക്ക് കരാറിലെത്തിയിട്ടുണ്ട്.

ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 2008ലാണ് പുറത്തിറങ്ങിയത്.

ഈയിടെ ആഗോള വിപണിയില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ ഫേസ്‌ബുക്കിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്, ക്രിപ്റ്റോ കറന്‍സി രംഗത്തെ മാറ്റിമറിക്കുമെന്നാണ് പ്രവചനം.

ഇന്ത്യയില്‍ ഇപ്പോള്‍ ഡിജിറ്റല്‍ കറന്‍സി ഇടപാടുകളെ ആര്‍ബിഐ പ്രോത്സാഹിപ്പിക്കുന്നില്ല.

ക്രിപ്റ്റോകറന്‍സി ഇടപാടുകാര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വരെ നല്‍കുന്ന കരട് ബില്‍ --ബാനിംഗ് ഓഫ് ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2019--സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ക്രിപ്റ്റോ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തുന്നതും അവ കൈവശം വക്കുന്നതും ജാമ്യമില്ലാ കുറ്റമായി കാണുമെന്നും ബില്ലില്‍ പറയുന്നു.

Similar News