ഇനിയും ആയിരങ്ങളെ പിരിച്ചുവിടാന്‍ മെറ്റ
ജോലി നഷ്ടപ്പെട്ടാല്‍ ഈ മാസം വിതരണം ചെയ്യാനിരിക്കുന്ന ബോണസ് ലഭിക്കുമോ എന്ന ആശങ്കയും ചില ജീവനക്കാര്‍ പ്രകടിപ്പിച്ചു;
ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമയായ മെറ്റ ഈ ആഴ്ച തന്നെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് 11,000 ജീവനക്കരെ മെറ്റ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനിയുടെ ആദ്യത്തെ വലിയ പിരിച്ചുവിടലായിരുന്നു.
പട്ടിക തയ്യാറാക്കണം
പരസ്യ വരുമാനത്തില്‍ കുറവുണ്ടായതും, മെറ്റാവേര്‍സ് എന്ന വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ മെറ്റ പിരിച്ചുവിടാനുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ഡയറക്ടര്‍മാരോടും വൈസ് പ്രസിഡന്റുമാരോടും ആവശ്യപ്പെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ട് വ്യകതമാക്കി.
ബോണസ് ലഭിക്കുമോ
ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് പല ജീവനക്കാരും. ഈ ആഴ്ച തന്നെ ജോലി നഷ്ടപ്പെട്ടാല്‍ ഈ മാസം വിതരണം ചെയ്യാനിരിക്കുന്ന ബോണസ് ലഭിക്കുമോ എന്ന ആശങ്കയും ചില ജീവനക്കാര്‍ പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഇതേ കുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ആമസോണ്‍, ട്വിറ്റര്‍, ബൈജൂസ് ഉള്‍പ്പടെ വിവിധ കമ്പനികള്‍ ആഗോളതലത്തല്‍ കൂട്ടപിരിച്ചുവിടല്‍ നടത്തിയിരുന്നു.