വീണ്ടും വരുന്നു, ഫേസ്ബുക്ക് മെസഞ്ചര്‍
ഫേസ്ബുക്കിന് ഒപ്പമുണ്ടായിരുന്ന മെസഞ്ചര്‍ ഫീച്ചര്‍ 2014ലാണ് കമ്പനി സ്വതന്ത്ര ആപ്പാക്കി മാറ്റിയത്
ഫേസ്ബുക്ക് ആപ്പിലേക്ക് 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെസഞ്ചര്‍ ആപ്പ് തിരിച്ചുവരുന്നു. ഇതിനായുള്ള സാങ്കേതിക പരീക്ഷണം നടക്കുകയാണെന്ന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വ്യക്തമാക്കി. കൂടുതല്‍ ആകര്‍ഷക ഫീച്ചറുകളോടെയാകും മെസഞ്ചറിന്റെ തിരിച്ചുവരവ്.
ഫേസ്ബുക്ക് റീല്‍സ് പരിഷ്‌കരിച്ചേക്കും
ഉപയോക്താക്കൾക്ക് പരസ്യത്തിലൂടെ കൂടുതല്‍ വരുമാനം നേടാനാകുംവിധം ചെറുവീഡിയോ സൗകര്യമായ ഫേസ്ബുക്ക് റീല്‍സ് പരിഷ്‌കരിക്കാനുള്ള ശ്രമവും ഫേസ്ബുക്ക് നടത്തുന്നുണ്ട്. ഫേസ്ബുക്കിന് ഒപ്പമുണ്ടായിരുന്ന മെസഞ്ചര്‍ ഫീച്ചര്‍ 2014ലാണ് കമ്പനി സ്വതന്ത്ര ആപ്പാക്കി മാറ്റിയത്. ഉപയോക്താക്കള്‍ക്ക് ചാറ്റിംഗ് കൂടുതല്‍ ആസ്വാദ്യകരമാക്കാനായിരുന്നു ഇതെന്ന് പിന്നീട് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. 200 കോടിയോളം സജീവ പ്രതിദിന ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. അവരെ ലക്ഷ്യമിട്ടാണ് വീണ്ടും ഫേസ്ബുക്ക് ആപ്പില്‍ തന്നെ മെസഞ്ചര്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്.
ഉപയോക്താക്കളെ പിടിച്ചുനിര്‍ത്തുക ലക്ഷ്യം
2004ലാണ് ഫേസ്ബുക്കിന്റെ പിറവി. ലോകത്ത് ചൈന, ഇറാന്‍ പോലുള്ള ചില രാജ്യങ്ങളിലൊഴികെ എല്ലായിടത്തും ഫേസ്ബുക്കുണ്ട്. സജീവ പ്രതിദിന ഉപയോക്താക്കള്‍ 200 കോടി വരും. എന്നാല്‍ പ്രവര്‍ത്തന ചരിത്രത്തിലാദ്യമായി ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് നേരിടുകയാണ് ഫേസ്ബുക്ക്.
ഇന്ത്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍. യുവാക്കള്‍, പ്രത്യേകിച്ച് 35 വയസിന് താഴെയുള്ളവരാണ് ഇതിലധികവുമെന്നത് ഫേസ്ബുക്കിനെ വലയ്ക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ടിക്-ടോക് തുടങ്ങിയവയിലേക്കാണ് ചെറുപ്പക്കാര്‍ കൂടുതലും ചേക്കേറുന്നത്. ഇവരെ പിടിച്ചുനിര്‍ത്തുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ഫേസ്ബുക്ക് ആപ്പിലേക്ക് മെസഞ്ചര്‍ ഫീച്ചര്‍ തിരിച്ചുകൊണ്ടുവരാനും റീല്‍സ് കൂടുതല്‍ ആകര്‍ഷകമാക്കാനുമുള്ള നീക്കം.