ഫെയ്‌സ്ബുക്കും വാട്‌സാപ്പും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകില്ല? വാര്‍ത്തകളിലെ വാസ്തവമെന്താണ്
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും മെയ് 26 മുതല്‍ ഇന്ത്യയില്‍ തുടരാനാകില്ല. വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും അടക്കമുള്ള ആപ്പുകളില്‍ ചര്‍ച്ച ചൂടുപിടിക്കുന്നു. പുതിയ ചട്ടമെന്താണ്. ഇത് നടപ്പാക്കല്‍ എങ്ങനെ. അറിയാം.
'ഫെയ്‌സ്ബുക്കും വാട്‌സാപ്പും ട്വിറ്ററും നാളെ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകില്ല.' ഇതാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ഈ വാര്‍ത്ത പങ്കുവച്ച് നിരവധി ദേശീയമാധ്യമങ്ങളടക്കമുള്ളവ രംഗത്തെത്തിയിട്ടുമുണ്ട്. സത്യമിതാണ്, കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫെയ്‌സ്‌സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ പോളിസികള്‍ മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. നേരത്തെ തന്നെ ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഇന്ന് വരെ നിലപാട് മാറ്റിയല്ല. ഇങ്ങനെയെങ്കില്‍ ഇന്ത്യയില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ നാളെ മുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം
അതേ സമയം ഈ പ്രശ്നത്തില്‍ ചില മാധ്യമങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ നിലപാട് പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ ഐടി നയത്തിലെ മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇക്കാര്യം അവർ പുനഃപരിശോധന നടത്തിയേക്കും. ഉപഭോക്താക്കളുടെഅഭിപ്രായ സ്വതന്ത്ര്യം ഉറപ്പുവരുത്തുമെന്നും ഫെയ്‌സ്ബുക്ക് പ്രതികരിച്ചു. ട്വിറ്റര്‍ പോലുള്ള ചില പ്ലാറ്റ്ഫോമുകള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ എന്ത് നടപടിയാകും സ്വീകരിക്കുക എന്നു വ്യക്തമാക്കിയിട്ടില്ല. ഈ ആപ്പുകൾ നിരോധിക്കുമോ എന്നതും അതിനാൽ വ്യക്തമല്ല.