ആപ്പിളിന് പിന്നാലെ ഗൂഗ്‌ളും, പിക്‌സല്‍ ഫോണുകളുടെ നിര്‍മാണം ഇന്ത്യയിലേക്കോ?

5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്

Update:2022-09-13 12:15 IST

Photo : Android / Website

ആപ്പിളിന് (Apple) പിന്നാലെ നിര്‍മാണം ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് മാറ്റാനുള്ള നീക്കവുമായി പിക്‌സല്‍ ഫോണ്‍ നിര്‍മാതാക്കളായ ആല്‍ഫബെറ്റ്. കോവിഡിനെ തുടര്‍ന്നുണ്ടായ തടസങ്ങളും മറ്റ് പ്രശ്‌നങ്ങളും കാരണം ചൈനയിലെ നിര്‍മാണത്തില്‍ തിരിച്ചടിയുണ്ടായതയാണ് ഗൂഗ്‌ളിന്റെ (Google) ഉടമസ്ഥതയിലുള്ള ആല്‍ഫബെറ്റിനെ ഉല്‍പ്പാദനം മാറ്റാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ കമ്പനികളില്‍നിന്ന് ബിഡുകള്‍ തേടിയതായാണ് വിവരം. ഇത് പിക്‌സല്‍ ഫോണിന്റെ ആകെ നിര്‍മാണത്തിന്റെ 10-20 ശതമാനം വരെയാണ്.

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈ (Sundar Pichai) ഈ വര്‍ഷം ആദ്യത്തില്‍ തന്നെ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള പദ്ധതി വ്യക്തമാക്കിയിരുന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അനുമതി ലഭിച്ചാലും ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയില്‍ നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരും.
കമ്പനിയുടെ പ്രധാന സ്മാര്‍ട്ട്ഫോണ്‍ എതിരാളിയായ ആപ്പിള്‍ കരാര്‍ നിര്‍മാണ പങ്കാളികളായ ഫോക്സ്‌കോണും വിസ്ട്രോണും വഴി ഇന്ത്യയില്‍ ഐഫോണ്‍ 13 വരെയുള്ള നാല് മോഡലുകളെങ്കിലും നിര്‍മിക്കുന്നുണ്ട്. കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.
കോവിഡ് ഉയര്‍ന്നതിന് പിന്നാലെ ഈ വര്‍ഷം ആദ്യം ചൈന മറ്റ് നഗരങ്ങള്‍ക്കൊപ്പം പ്രധാന ടെക് ഹബ്ബായ ഷാങ്ഹായ് അടച്ചുപൂട്ടിയപ്പോള്‍ ആഗോള ആഗോള വിതരണ ശൃംഖലയില്‍ കനത്ത തടസം നേരിട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News