ഇനി നിര്‍മിത ബുദ്ധിയുടെ കളികള്‍ മലയാളത്തിലും, ഗൂഗിള്‍ ജെമിനി 9 ഇന്ത്യന്‍ ഭാഷകളില്‍ കൂടി

ജെമിനി അഡ്വാന്‍സ്ഡ് ആദ്യത്തെ രണ്ട് മാസം സൗജന്യമായി ലഭിക്കും

Update:2024-06-20 10:11 IST

image credit : https://play.google.com/

മലയാളം അടക്കമുള്ള ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജെമിനി എ.ഐ ആപ്പ് ഇന്ത്യയില്‍ പുറത്തിറക്കി ഗൂഗിള്‍. ചാറ്റ് ജി.പി.ടിക്ക് ബദലായി ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ് എ.ഐ ചാറ്റ്‌ബോട്ടിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെമിനി എന്ന് പുനര്‍നാമകരണം ചെയ്തത്. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങിയ ഭാഷകളിലും ഇംഗ്ലീഷിലുമാണ് ജെമിനി സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകുക.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് സാമൂഹിക മാധ്യമമായ എക്‌സില്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. ജെമിനിയുടെ പ്രീമിയം പതിപ്പായ ജെമിനി അഡ്വാന്‍സ്ഡിലും ഇന്ത്യന്‍ ഭാഷകള്‍ ലഭ്യമാണ്. ഗൂഗിള്‍ മെസേജിലും ജെമിനി സേവനങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും പിച്ചൈ കുറിച്ചു. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് മാത്രമാണ് ആപ്പ് ലഭ്യമായിരിക്കുന്നത്. ഐ.ഒ.എസില്‍ ഉടന്‍ തന്നെ ലഭ്യമാകും.
മെസേജിലും നിര്‍മിത ബുദ്ധി
ഗൂഗിള്‍ മേസേജിലും നിര്‍മിത ബുദ്ധി സേവനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ തീരുമാനം ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാണ്. മെസേജുകള്‍ തെറ്റുകൂടാതെ ചിട്ടപ്പെടുത്താനും ഇവന്റുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനുമൊക്കെ ഇനി മെസേജ് ആപ്പിനുള്ളില്‍ നിന്നുതന്നെ കഴിയും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ, അതും ഇംഗ്ലീഷില്‍ മാത്രം. ഗൂഗിളിന്റെ പിക്‌സല്‍ ഫോണിലും സാംസംഗിന്റെ പ്രീമിയം ഫോണുകളിലും ആയിരിക്കും ആദ്യം ഈ സേവനം ലഭിക്കുക.

 

ജെമിനി അഡ്വാന്‍സ്ഡ്
ജെമിനി എ.ഐയുടെ ബിസിനസ് പതിപ്പാണ് ജെമിനി അഡ്വാന്‍സ്ഡ്. ഉപയോക്താവിന്റെ കയ്യിലുള്ള ഡാറ്റയെ കൃത്യമായി വിശകലനം ചെയ്ത് റിപ്പോര്‍ട്ടുകളാക്കി മാറ്റാന്‍ ഇതിന് കഴിയും. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ഡോക്കുമെന്റ്, പി.ഡി.എഫ് തുടങ്ങിയ ഫോര്‍മാറ്റിലുള്ള ഫയലുകള്‍ ഇതില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ജെമിനി ഇത് അപഗ്രഥിച്ച് ഇഷ്ടമുള്ള ഫോര്‍മാറ്റില്‍ റിപ്പോര്‍ട്ടാക്കി തരും. കോഡിംഗ്, ബിസിനസ് തന്ത്രങ്ങള്‍ തയ്യാറാക്കല്‍, വ്യക്തിഗത ട്യൂഷന്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും ഇതിലുണ്ട്. ഗൂഗിള്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ജെമിനി അഡ്വാന്‍സ്ഡ് ആദ്യത്തെ രണ്ട് മാസം സൗജന്യമായി ഉപയോഗിക്കാം. അത് കഴിഞ്ഞാല്‍ പ്രതിമാസം 1950 രൂപയാണ് നിരക്ക്. രണ്ട് ടി.ബിയുടെ ക്ലൗഡ് സ്റ്റോറേജും ഉപയോക്താവിന് ലഭിക്കും.

ഒരു ബിസിനസ് സംരംഭം എങ്ങനെ ലാഭത്തിലാക്കാമെന്ന് ജെമിനിയോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി

വിവരങ്ങള്‍ ചോര്‍ത്തുമോ ജെമിനി
നിര്‍മിത ബുദ്ധിയുടെ സാധ്യത മെസേജിംഗ് ആപ്പിലും ഉള്‍പ്പെടുത്തുന്നത് ഉപയോക്താവിന്റെ സ്വകാര്യതയുടെ ലംഘനമാകുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ജെമിനിയില്‍ അപ്ലോഡ് ചെയ്യുന്ന ഫയലുകള്‍ സുരക്ഷിതമായിരിക്കുമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഉപയോക്താവിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് എ.ഐ മോഡലിനെ പരിശീലിപ്പിക്കില്ലെന്ന് ജെമിനി എക്‌സ്പീരിയന്‍സ് എഞ്ചിനീയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് അമര്‍ സുബ്രമണ്യനും വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

Similar News