ഗൂഗ്ള്‍ ഫോട്ടോസിന്റെ ഫ്രീ സ്റ്റോറേജ് ജൂണ്‍ ഒന്നിന് അവസാനിക്കും; നിങ്ങള്‍ എന്ത് ചെയ്യണം?
ആന്‍ഡ്രോയ്ഡ് ഐഒഎസ് ഫോണുകളില്‍ ഫ്രീ ആയി ഫോട്ടോസ് സൂക്ഷിക്കാവുന്ന സൗകര്യം ഗൂഗ്ള്‍ നിര്‍ത്തി. നിങ്ങള്‍ക്ക് ക്ലൗഡ് സൗകര്യം ലഭിക്കാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
ഗൂഗ്ള്‍ ഫോട്ടോസില്‍ സൗജന്യ സ്റ്റോറേജ് സേവനം ലഭ്യമാകില്ലെന്ന് നേരത്തെ തന്നെ ഗൂഗ്‌ളിന്റെ അറിയിപ്പുണ്ടായിരുന്നതാണ്. അതില്‍ യാതൊരു മാറ്റവും ഗൂഗ്ള്‍ വരുത്തിയിട്ടുമില്ല. അതിനാല്‍ തന്നെ ഗൂഗിള്‍ ഫോട്ടോകളിലൂടെ പരിധിയില്ലാത്ത സൗജന്യ ഫോട്ടോയും വീഡിയോ സ്റ്റോറേജും 2021 ജൂണ്‍ 1 ന് ഗൂഗിള്‍ അവസാനിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ഓരോ അക്കൗണ്ടിനും 15 ജിബി എന്ന സൗജന്യപരിധി ആകും ഇനി ലഭ്യമാകുക.
ഗൂഗ്ള്‍ ഡ്രൈവിന്റെ സ്റ്റോറേജ് പ്രോഗ്രാമുകളിലെ അധിക മാറ്റങ്ങളോടൊപ്പം ഇതും സംഭവിക്കുന്നത്. ഗൂഗിള്‍ വര്‍ക്ക്സ്പേസ് ഡോക്യുമെന്റുകളും സ്പ്രെഡ്ഷീറ്റുകളും ഇങ്ങനെയായിരിക്കണമെന്നില്ല. എന്നാല്‍, കുറഞ്ഞത് രണ്ട് വര്‍ഷമായി ലോഗിന്‍ ചെയ്യാത്ത നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ നിന്ന് ഡാറ്റ ഇല്ലാതാക്കല്‍ ഗൂഗ്ള്‍ ആരംഭിക്കും.
2021 ജൂണ്‍ 1 ന് മുമ്പ് നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ഏതെങ്കിലും ഫോട്ടോകളും ഡോക്യുമെന്റുകളും 15 ജിബി ക്യാപ്പിനെതിരെ കണക്കാക്കില്ല. ഈ തീയതിക്ക് ശേഷം അപ്ലോഡ് ചെയ്ത ഫയലുകള്‍ക്കാകും ക്യാപ് പ്രാബല്യത്തില്‍ വരുക. എന്നാല്‍ പണം നല്‍കി ഫോട്ടോസ് സൂക്ഷിക്കാനുള്ള മൂന്നു തരത്തിലുള്ള പാക്കേജുകള്‍ ഗൂഗ്ള്‍ അനവദിക്കുന്നു.
ആദ്യത്തെ പാക്കേജില്‍ പ്രതിമാസം 130 രൂപ കൊടുത്ത് 100 ജിബി സ്‌പേസ് ലഭ്യമാകും. ഒരു വര്‍ഷത്തേക്കാണെങ്കില്‍ 1300 രൂപയ്ക്കും ലഭ്യമാണ്. 210 രൂപയുടെ പ്ലാനില്‍ 200 ജി.ബി ഡേറ്റയാണ് ബാക്കപ്പില്‍ ഉപയോഗിക്കാവുന്നത്. പ്രതിമാസം 650 രൂപക്കുള്ളതാണ് അടുത്ത പ്ലാന്‍. കിട്ടുന്ന സ്‌പേസ് 2TB ആയാണ് ഒരു വര്‍ഷത്തേക്കാണെങ്കില്‍ നിങ്ങള്‍ക്ക് 6500 രൂപക്കും ഇത് ലഭ്യമാകും ഇത് ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കുള്ളതാണ്. ആപ്പിള്‍ യൂസര്‍മാര്‍ക്കും പ്ലാനുകള്‍ ഇതു പോലെ തന്നെ. 195 രൂപയുടേതാണ് പ്ലാന്‍ തുടങ്ങുന്നത്. ഇന്ത്യന്‍ യൂസര്‍മാരെ സംബന്ധിച്ചിടത്തോളം 100 ജി.ബി താരതമ്യേനെ ഭേദപ്പെട്ടതാണ്.
സ്റ്റോറേജ് കാര്ക്ഷമമായി നടത്താന്‍ ഫോട്ടോ ടൂളുകളും ഗൂഗ്ള്‍ നടപ്പാക്കും. മങ്ങിയതും ഇരുണ്ടതുമായ ചിത്രങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഇല്ലാതാക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ടൂളുകള്‍ ഗൂഗിള്‍ ഫോട്ടോകളില്‍ വരുത്തിയിട്ടുണ്ട്.
ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത ഫോട്ടോകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതു പോലെയുള്ള പുതിയ സ്റ്റോറേജ് മാനേജുമെന്റ് ടൂളുകള്‍ ഗൂഗിള്‍ ഫോട്ടോകളില്‍ ഉള്‍പ്പെടും. ഗൂഗിളിന്റെ മെഷീന്‍ ലേണിംഗ് ഇവിടെയും ഉപയോക്താക്കള്‍ക്ക് സഹായകമാകും.
വാല്‍ക്കഷ്ണം (ടെക്- ടിപ്)
ഒന്നിലധികം സിം ഉപയോഗിക്കുന്നവര്‍ക്ക് ഒന്നോ രണ്ടോ ഗൂഗ്ള്‍ അക്കൗണ്ടുകള്‍ വഴി കൂടുതല്‍ സ്‌റ്റോറേജ് ഉറപ്പാക്കാം. ഡിവൈസ് പലതാകണമെന്നുമാത്രം. ബാക്കപ്പിലേക്ക് മാറ്റേണ്ട ഫോട്ടോകള്‍ ജൂണ്‍ ഒന്നിനു മുമ്പായി മാറ്റുകയുമാകാം. കാരണം, ജൂണ്‍ ഒന്നിന് ശേഷമാകും ഈ നടപടി പ്രാബല്യത്തില്‍ വരുക.