വിലയ്‌ക്കൊപ്പം ഗൂഗ്‌ളില്‍ 'സ്വര്‍ണം' തിരയുന്നവരുടെ എണ്ണവും വര്‍ധിച്ചു, ആന്ധ്ര മുന്നില്‍
അമേരിക്കയില്‍ ഗൂഗ്ള്‍ തിരച്ചിലില്‍ 'സ്വര്‍ണം' റെക്കോര്‍ഡ് നിലയിലാണ്, കേരളം പത്താം സ്ഥാനത്ത്;
സ്വര്‍ണം റെക്കോര്‍ഡ് വില കൈവരിച്ചപ്പോള്‍ ഏപ്രില്‍ മാസം ഗൂഗ്‌ളില്‍ സ്വര്‍ണം എന്ന വാക്ക് എന്ന് തിരഞ്ഞവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി ഗൂഗ്ള്‍ ട്രെന്‍ഡ്സ് കണക്കുകള്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി സ്വര്‍ണത്തെ കുറിച്ച് അറിയാന്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത് ആന്ധ്ര പ്രദേശില്‍ ഉള്ളവരാണ്. പത്താം സ്ഥാനത്താണ് കേരളം. കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ്, പുതുേച്ചരി, ദാദ്ര നാഗര്‍ ഹവേലി, തെലങ്കാന എന്നിവിടങ്ങളാണ് കേരളത്തിനു മുന്നില്‍.
എന്നാല്‍ സ്വര്‍ണ നിക്ഷേപത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ തിരച്ചില്‍ നടന്നത് മണിപ്പൂരില്‍ നിന്നാണ്. ഇതില്‍ ഹിമാചല്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടകം, പശ്ചിമ ബംഗാള്‍ കഴിഞ്ഞ് ആറാം സ്ഥാനത്താണ് കേരളം.
ഇത്ര തിരച്ചില്‍ ഇതാദ്യം
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും സ്വര്‍ണത്തെ കുറിച്ചുള്ള ഗൂഗ്‌ളില്‍ സെര്‍ച്ച് വര്‍ധിച്ചു. അമേരിക്കയില്‍ സ്വര്‍ണത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തെ റെക്കോര്‍ഡ് നിലയില്‍ എത്തി. 2020 ലും 2022 ലും സ്വര്‍ണ വില റെക്കോര്‍ഡ് കൈവരിച്ചപ്പോള്‍ ഇത്രയും താല്‍പ്പര്യം ജനങ്ങള്‍ക്ക് ഇടയില്‍ കണ്ടിട്ടില്ല.
കേരളത്തില്‍ സ്വര്‍ണവില പവന് 45,320 രൂപയില്‍ എത്തിയത് ഏപ്രില്‍ 14 നാണ്. ഏപ്രില്‍ 22,23 തിയതികളില്‍ അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി 2,850 കോടി രൂപയുടെ റെക്കോര്‍ഡ് സ്വര്‍ണ കച്ചവടം നടന്നു. സ്വര്‍ണ വിലകയറ്റവും അക്ഷയ തൃതീയ സംബന്ധിച്ച അറിയിപ്പുകളുമാണ് സ്വര്‍ണത്തെ കുറിച്ചുള്ള ഗൂഗ്ള്‍ സെര്‍ച്ച് വര്‍ധിക്കാന്‍ കാരണമെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു.