സ്ത്രീകളുള്‍പ്പെടെ ഒരുവിഭാഗം ജീവനക്കാര്‍ക്ക് കുറഞ്ഞവേതനം; ഗൂഗിളിന് കിട്ടിയത് എട്ടിന്റെ പണി

വേതന വിവേചനക്കേസിന്റെ ഒത്തു തീര്‍പ്പിന് മുന്‍ തൊഴില്‍ അപേക്ഷകര്‍ക്കും ജീവനക്കാര്‍ക്കുമായി 2.6 മില്യണ്‍ ഡോളര്‍ നല്‍കുന്നതിന് ഗൂഗിള്‍ തീരുമാനിച്ചു. വനിതാ എന്‍ജിനീയര്‍മാര്‍ക്കും ഏഷ്യന്‍ വംശജരായ ജീവനക്കാര്‍ക്കുമായിരുന്നു ഗൂഗിളില്‍ പക്ഷപാതം. കൂടുതല്‍ അറിയാം.

Update: 2021-02-02 11:17 GMT

വേതന വിവേചനം സംബന്ധിച്ച് ഗൂഗിളിന് എതിരെ നിലനിന്നിരുന്ന ശമ്പള നടപടികളെ എതിര്‍ത്ത് കൊണ്ട് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുതിയ തീരുമാനം പുറത്തുവിട്ടു, 5500 ഓളം വരുന്ന ജീവനക്കാര്‍ക്കായി 2.6 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം. വാഷിംഗ്ടണ്‍ സ്റ്റേറ്റ്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ ഏഷ്യന്‍ ജീവനക്കാര്‍ക്കും വനിതാ എന്‍ജിനീയര്‍മാര്‍ക്കുമായിരുന്നു വേതന വിവേചനം നേരിടേണ്ടി വന്നത്. ഈ 4 വര്‍ഷം പഴക്കമുള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപനം ഉണ്ടായത്.

ഗൂഗിള്‍ പോലുള്ള ഫെഡറല്‍ ഗവണ്‍മെന്റ് കരാറുകാരുടെ ആനുകാലിക അവലോകനങ്ങളുടെ ഭാഗമായിട്ടായിരുന്നു ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. ഇതനുസരിച്ച് 5,500 ല്‍ അധികം ജീവനക്കാര്‍ക്കും മുന്‍കാല തൊഴില്‍ അപേക്ഷകര്‍ക്കും ഗൂഗിള്‍ 2.6 ദശലക്ഷം യുഎസ് ഡോളര്‍ നല്‍കും. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഗൂഗിള്‍ വനിതാ എന്‍ജിനീയര്‍മാര്‍ക്ക് സമാന സ്ഥാനങ്ങളിലുള്ള പുരുഷന്മാരേക്കാള്‍ കുറവാണ് നല്‍കിയതെന്ന ആരോപണത്തിലായിരുന്നു അന്വേഷണം. ഇത് ശരിയാണെന്ന് തെളിയുകയായിരുന്നു.
സ്വന്തം സംസ്ഥാനമായ കാലിഫോര്‍ണിയയിലെ നിരവധി ഗൂഗിള്‍ ഓഫീസുകളിലും വാഷിംഗ്ടണിലെ സിയാറ്റിലിലെയും കിര്‍ക്ക്ലാന്റിലെയും സ്ഥലങ്ങളിലും ശമ്പളത്തിലെ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തി. എന്നാല്‍ കാലിഫോര്‍ണിയയിലെ മൗണ്ടെയ്ന്‍ വ്യൂവിലുള്ള ഗൂഗിള്‍ ഓഫീസ് പറയുന്നത്, തങ്ങളുടെ പുരുഷ-വനിതാ ജീവനക്കാരുടെ ശമ്പളത്തിലെ ഏതെങ്കിലും അസമത്വം ഉണ്ടോ എന്നു കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഭ്യന്തര ഓഡിറ്റ് നടത്തിയതായാണ്.
എന്നിരുന്നാലും, തൊഴില്‍ വകുപ്പ് ആരോപിച്ച മുന്‍കാല വിവേചനത്തിന് പരിഹാരമായി ഗൂഗിളിന്റെ 2,500 ലേറെ വനിതാ എഞ്ചിനീയര്‍മാര്‍ക്ക് 1.35 ദശലക്ഷം യുഎസ് ഡോളര്‍ സെറ്റില്‍മെന്റിന് നല്‍കണം. ഭാവിയില്‍ ഇക്കാര്യങ്ങളില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്താന്‍ ഒരു റിസര്‍വ് സൃഷ്ടിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 2,50,000 യുഎസ് ഡോളര്‍ സംഭാവന നല്‍കാനും സെറ്റില്‍മെന്റ് ആവശ്യപ്പെടുന്നതായി ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ട്.
എന്നാല്‍ സെറ്റില്‍മെന്റിന്റെ വാര്‍ത്തകള്‍ ഒരു തൊഴിലുടമയെന്ന നിലയില്‍ ഗൂഗിളിന്റെ പ്രശസ്തിയെ കൂടുതല്‍ കളങ്കപ്പെടുത്തിയേക്കാം. അടുത്ത കാലത്തായി, ഗൂഗിളിന്റെ കൂടുതല്‍ ജീവനക്കാര്‍ മാനേജ്‌മെന്റിന്റെ രീതികള്‍ക്കെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. വനിതാ ജീവനക്കാരെ ഉപദ്രവിച്ച ശക്തരായ പുരുഷ എക്‌സിക്യൂട്ടീവുകളെ കോഡ് ചെയ്യുന്നുവെന്ന ആരോപണം ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു.
അടുത്തിടെ, ആയിരക്കണക്കിന് ഗൂഗിള്‍ ജീവനക്കാര്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷകന്‍ പുറത്തുപോയതില്‍ പ്രതിഷേധിച്ചിരുന്നു. ഗൂഗിളിനുള്ളില്‍ വര്‍ധിച്ചുവരുന്ന പ്രശ്‌നങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം നൂറുകണക്കിന് ജീവനക്കാര്‍ ചേര്‍ന്ന് ഒരു തൊഴിലാളി യൂണിയന്‍ രൂപീകരിച്ചിരുന്നു.


Tags:    

Similar News