'നിയമവിരുദ്ധമായ ഉള്ളടക്കം ഒഴിവാക്കൂ, അല്ലെങ്കിൽ ജയിൽ', ട്വിറ്ററിനോട് സർക്കാർ

Update: 2019-03-13 07:52 GMT

നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കം ഒഴിവാക്കിയില്ലെങ്കിൽ ഐറ്റി നിയമപകാരം ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടാൻ തയ്യാറായിക്കൊള്ളൂവെന്ന് കേന്ദ്ര സർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകി.

കമ്പനിയുടെ മുതിർന്ന എക്സിക്യൂട്ടീവുകൾക്കെതിരെ കേസ് ചുമത്താനുള്ള വ്യവസ്ഥ സെക്ഷൻ 69A പ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പിന് കാരണം. സെക്ഷൻ 69A പ്രകാരം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വ്യവസ്ഥകളും ആക്ടിലുണ്ടെന്ന് ഐറ്റി മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

മുൻപ് ട്വിറ്ററിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ സോഷ്യൽ മീഡിയകളിൽ നിന്നൊഴിവാക്കാൻ ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവരുമായി ഇലക്ഷൻ കമ്മിഷൻ നടപടികൾ കൈക്കൊളളുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ പരസ്യത്തിനായി ചെലവിടുന്ന തുകയെത്രയെന്ന് രാഷ്ട്രീയ പാർട്ടികൾവെളിപ്പെടുത്തണമെന്ന ചട്ടം കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസൃതമായി, ട്വിറ്റർ ഒരു 'Ads Transparency Centre' ആരംഭിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളുടെ പരസ്യവും, ചെലവിട്ട തുകയും, എത്ര പേരിലേക്ക് പരസ്യം എത്തി എന്ന കണക്കും ഇതിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കും .

Similar News