ഡാറ്റ സുരക്ഷ ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്‍പ്പടെ സര്‍ട്ടിഫിക്കേഷന്‍, എതിര്‍ത്ത് നിര്‍മാതാക്കള്‍
ബിഐസ് സര്‍ട്ടിഫിക്കേഷന് പുറമെ മറ്റൊന്നു കൂടി വന്നാല്‍ അത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതിയെ ഉള്‍പ്പടെ ബാധിച്ചേക്കും
കേന്ദ്രം അവതരിപ്പിച്ച ഡാറ്റാ സംരക്ഷണ ബില്‍ കരടിലെ നിബന്ധനകള്‍ക്കെതിരെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ് നിര്‍മാതാക്കള്‍. ഡാറ്റാ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍മാണ ഘടകങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യണമെന്ന നിര്‍ദ്ദേശത്തെയാണ് ഇവര്‍ എതിര്‍ക്കുന്നത്. ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍, പുതുതായി രൂപീകരിക്കുന്ന ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റിക്കാവും നിര്‍മാണ ഘടകങ്ങളോ അല്ലെങ്കില്‍ ഗാഡ്‌ജെറ്റ് മൊത്തമായോ ടെസ്റ്റ് ചെയ്യാനും സര്‍ട്ടിഫൈ ചെയ്യാനുമുള്ള അധികാരം.
നിര്‍മാണ ഘടകഘങ്ങളെല്ലാം പരിശോധിച്ച് സര്‍ട്ടിഫിക്കേറ്റ് വാങ്ങേണ്ടി വന്നാല്‍ പുതിയ മോഡലുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കാല താമസം നേരിടുമെന്നാണ് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പറയുന്നത്. നിലവില്‍ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ബിഐഎസ് സര്‍ട്ടിഫിക്കേഷനോട് കൂടിയാണ് എത്തുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്ന നിലപാടാണ് സംഘടനയ്ക്ക്. ഇത്തരം നിയന്ത്രണങ്ങള്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ് ലെറ്റ് തുടങ്ങിയവയില്‍ വാങ്ങിയ ശേഷം ഉപഭോക്താവിന് മാറ്റങ്ങള്‍ വരുത്താം. ഇഷ്ടമുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. അതുകൊണ്ട് തന്നെ സുരക്ഷയുടെ പേരില്‍ ഇത്തരമൊരു സര്‍ട്ടിഫിക്കേഷന്‍ ഗുണം ചെയ്യില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ബില്ലിലെ വ്യവസ്ഥയെ പിന്തുണച്ചുകൊണ്ട് ടെലികോം ഓപ്പറേറ്റേഴ്‌സ് രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന ടെലികോം ഉപകരണങ്ങള്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതുകൊണ്ട് ഡാറ്റ ചോര്‍ച്ച വേഗത്തില്‍ നടക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് ഉള്‍പ്പടെ എന്തുകൊണ്ട് ഇത്തരം നിബന്ധനകള്‍ പാടില്ല എന്നാണ് ഇവര്‍ ചോദിക്കുന്നത്.
ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി നിലവില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ളവരും കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് ഡാറ്റാ വില്‍പ്പനയിലൂടെ പണം കണ്ടെത്താനുള്ള അവസരം ഉള്‍പ്പടെ നിരവധി പരിഷ്‌കാരങ്ങളാണ് പുതിയ ഡാറ്റാ ബില്‍ കൊണ്ടുവരുന്നത്.