ഇനി ഒരു ഫോണില്‍ രണ്ട് വാട്‌സാപ്പ്; പുതിയ സൗകര്യം ഉപയോഗിക്കാനുള്ള എളുപ്പ വഴി

ആന്‍ഡ്രോയ്ഡ് ഫോണിലെ രണ്ടാമത്തെ വാട്‌സാപ്പ് ആക്റ്റീവ് ആക്കാന്‍ ഏതാനും മിനിട്ടുകള്‍ മതി

Update:2023-10-21 14:39 IST

Image : Canva

ഓഫീസ് ആവശ്യങ്ങള്‍ക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും രണ്ട് വാട്‌സാപ്പ് നമ്പറുള്ളവരാണ് പലരും. രണ്ട് ഫോണുകളിലാണ്  ഈ  സൗകര്യം പലരും  ഉപയോഗിക്കുന്നതും. അല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ വഴിയോ മറ്റോ ആണ് രണ്ടാമത്തെ വാട്‌സാപ്പ് സൗകര്യം ഒറ്റ ഫോണിൽ സജ്ജമാക്കുന്നത്. എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ല. ഇനി ഒറ്റ ഫോണില്‍ ഓഫീസ് നമ്പറിലെ വാട്‌സാപ്പും വ്യക്തിഗത വാട്‌സാപ്പും സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ് മെറ്റ സ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

സക്കര്‍ബര്‍ഗ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെയും വാട്‌സാപ്പ് ചാനലിലൂടെയും വാട്സാപ്പിന്റെ ഏറ്റവും പുതിയ സൗകര്യം അറിയിച്ചത്. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് രണ്ട് വാട്‌സാപ്പ് സൗകര്യം ഉടന്‍ ലഭ്യമാകുക. പുതിയ സൗകര്യത്തിനായി ഐ ഫോണുകാര്‍ക്ക് കാത്തിരിക്കണം.




രണ്ട് സിം കാര്‍ഡുള്ളവര്‍ക്ക് ഈ സൗകര്യം എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാം. മള്‍ട്ടി സിം ഇല്ലെങ്കില്‍ ഇ-സിം സൗകര്യമുള്ള ഫോണായിരുന്നാലും മതി. രണ്ടാമത്തെ ഫോണ്‍ നമ്പര്‍ വഴിയാണ് ഒന്നിലേറെ വാട്‌സാപ്പ് ലോഗിന്‍ സാധ്യമാവുന്നത്. ഇതിനു ശേഷം രണ്ടാമത്തെ വാട്‌സാപ്പ്  സെറ്റിംഗ്‌സില്‍ കയറി നിങ്ങളുടെ പേരിന് സമീപമുള്ള ആഡ് അക്കൗണ്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം.

രണ്ടാമത്തെ വാട്സാപ്പ് അക്കൗണ്ടിനായി നല്‍കുന്ന ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി (One Time Password) അയയ്ക്കും. ഇതുപയോഗിച്ച് രണ്ടാമത്തെ വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യാം. രണ്ടാമത്തെ വാട്‌സാപ്പിലും ആദ്യത്തേത് പോലെ തന്നെ വെബ് വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരിക്കും. വെറും മൂന്നു മിനിട്ടു കൊണ്ട് സംഭവം റെഡി. 

നിലവിലുള്ള സൗകര്യം ഇങ്ങനെ 

നേരത്തെ മുതല്‍ തന്നെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സൗകര്യമുണ്ടായിരുന്നു. ആപ് ക്ലോണ്‍, ഡ്യുവല്‍ ആപ്പ് സെറ്റിംഗ്‌സ് ആക്റ്റിവേറ്റ് ചെയ്യല്‍ എന്നിവയിലൂടെയായിരുന്നു അത്. ഷവോമി, സാംസംഗ്, വിവോ, ഓപ്പോ, ്ഹ്വാവേയ്, ഹോണര്‍, വണ്‍പ്ലസ്, റിയല്‍മി തുടങ്ങിയ മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകളുടെ ഡിവൈസുകളില്‍ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. രണ്ട് നമ്പറുകള്‍ വേണമെന്നു മാത്രം.

സെറ്റിംഗ്‌സില്‍ പോയി ആപ്‌സ്-ഡ്യുവല്‍ ആപ്‌സ് എന്ന ഓപ്ഷനായിരുന്നു ഇതിനായി സെലക്റ്റ് ചെയ്യേണ്ടിയിരുന്നത്. ഇത് 'എനേബ്ള്‍' ആക്കുകയേ വേണ്ടിയിരുന്നുള്ളൂ. രണ്ടാമത്തെ വാട്‌സാപ്പിന്റെ ഐക്കണിന് മേലെയായി ii എന്ന് ഒരു ചിഹ്നം വരും. എന്നാല്‍ പല മൊബൈലുകളിലും ഈ സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ അപ്‌ഡേറ്റിലൂടെ രണ്ടാമതൊരു വാട്‌സാപ്പ് ഇനി എല്ലാ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ലഭിക്കും.



Tags:    

Similar News