ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ കരുതിയിരിക്കുക ഈ ഫ്ലുബോട്ടിനെ
പണം തട്ടിയെടുക്കലാണ് ഇത്തരം മാല്‍വെയറുകളുടെ ലക്ഷ്യം. ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ എത്രയും പെട്ടന്ന് 155260 ടോള്‍ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഈ സേവനം പണം നഷ്ടമാകുന്നത് തടഞ്ഞേക്കും.
ഇന്ന് സാമ്പത്തിക ഇടപാട് ഉള്‍പ്പടെ എല്ലാക്കാര്യങ്ങള്‍ക്കും നാം ആശ്രയിക്കുന്നത് സ്മാര്‍ട്ട് ഫോണിനെയാണ്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട് ഫോണുകളുടെ സുരക്ഷ മറ്റെന്തിനെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഈ അടുത്തിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം സൃഷ്ടിച്ച ഒരു മാല്‍വെയര്‍ ആണ് ഫ്ലുബോട്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നുഴഞ്ഞുകയറി സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്ന ഫ്ലുബോട്ട് ഇപ്പോള്‍ രൂപംമാറി വീണ്ടും എത്തിയിരിക്കുകയാണ്.
ഫ്ലുബോട്ടിന്റെ നുഴഞ്ഞുകയറ്റം എങ്ങനെ
തുടക്കത്തില്‍ എസ്എംഎസ് രൂപത്തിലായിരുന്നു ഫ്ലുബോട്ട് എത്തിയത്. ഡെലിവറി കമ്പനികളുടേത് എന്ന വ്യാജേന എത്തുന്ന സന്ദേശത്തിലെ ക്ലിക്ക് ചെയ്താല്‍ ട്രാക്കിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനിലേക്ക് ഉപഭോക്താവിനെ എത്തിക്കും. എന്നാല്‍ ഇപ്പോല്‍ രീതി മാറ്റിയിരിക്കുകയാണ് ഫ്ലുബോട്ട്.
ഫോണിലെത്തുന്ന എസ്എംസില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണില്‍ ഫ്ലുബോട്ട് മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെന്നും, ഒഴിവാക്കാനായി ആന്‍ഡ്രോയിഡ് സെക്യൂരിറ്റി അപ്‌ഡേറ്റ് ആവശ്യമാണെന്നും ഉള്ള പോപ്പ്-അപ്പ് അലര്‍ട്ട് വരും. അതില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഫ്ലുബോട്ട് ഫോണില്‍ പ്രവേശിക്കും. ഈ അപ്‌ഡേറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുംവരെ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായിരിക്കും
ഫ്ലുബോട്ടിനെ എങ്ങനെ ഒഴിവാക്കാം
പല ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്ന എസ്എംഎസുകള്‍ കഴിയാവുന്നതും ഒഴിവാക്കുക. പ്ലേസ്റ്റോറില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്‍ സെറ്റിങ്ങ്‌സില്‍ settings> apps> special access> install unknown apps എന്ന ഓപ്ഷനില്‍ not allowed തെരഞ്ഞെടുക്കുക.
ഇനി ഫ്ലുബോട്ട് പോലുള്ള മാല്‍വെയറുകളുടെ സാന്നിധ്യം ഫോണില്‍ ഉള്ളതായി അറിഞ്ഞാല്‍ ഉടന്‍തന്നെ ഫോണിലെ factory reset/ restore from a backup ഉപയോഗിച്ച് ഫോൺ റീസ്‌റ്റോര്‍ ചെയ്യുക. ശേഷം നിങ്ങളുടെ ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകളുടെ പാസ് വേഡ് മാറ്റുക. പണം നഷ്ടമായോ എന്ന് ബാങ്ക് മുഖേന പരിശോധിക്കുകയും ആകാം.
ഓണ്‍ലൈനിലൂടെ സാമ്പത്തിക തട്ടിപ്പിനിരയായാല്‍
ഓണ്‍ലൈനിലെ തട്ടിപ്പിലൂടെ നിങ്ങളുടെ പണം നഷ്ടമായാല്‍ എത്രയും പെട്ടന്ന് 155260 ടോള്‍ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി പണം കൈമാറ്റം നടത്തുന്നത് തടയുകയാണ് ഈ സേവനത്തിന്റെ ലക്ഷ്യം. കൂടാതെ തട്ടിപ്പനെക്കുറിച്ചുള്ള പരാതികളും മറ്റ് വിവരങ്ങളും https://cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.