ഡിജിറ്റല്‍ സ്വര്‍ണം ഇനി ആമസോണ്‍ പേയിലൂടെ

Update: 2020-08-22 06:29 GMT

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ധനകാര്യ സേവന വിഭാഗമായ ആമസോണ്‍ പേയിലൂടെ, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സൗകര്യമൊരുക്കുന്നു. ആമസോണ്‍ പേയിലൂടെ കുറഞ്ഞത് അഞ്ച് രൂപവരെയുള്ള തുകയ്ക്ക്് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാം.സുരക്ഷയ്ക്കായി ലോക്കര്‍ വാടകയ്‌ക്കെടുക്കാതെ ഏത് സമയത്തും സ്വര്‍ണം വാങ്ങാനും വില്‍ക്കാനും ഇതിലൂടെ സാധിക്കും.

ലോക്ക്ഡൗണ്‍ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് ജ്വല്ലറികളില്‍ നേരിട്ട് ചെന്ന് സ്വര്‍ണം വാങ്ങാന്‍ കഴിയാത്തതിനാല്‍, ഈ സാഹചര്യം ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനങ്ങള്‍ മുതലെടുക്കുകയും പ്ലാറ്റ്‌ഫോമിലെ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഡിജറ്റല്‍ സ്വര്‍ണ ഓഫറുകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏപ്രില്‍ മാസത്തെ അക്ഷയ തൃതീയയുടെ അവസരത്തില്‍ നോയിഡ ആസ്ഥാനമായുള്ള പേടിഎം 37 കിലോഗ്രാം ഡിജിറ്റല്‍ സ്വര്‍ണം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ വിറ്റതായി പറയുന്നു. ഉത്സവ സീസണോട് അനുബന്ധിച്ച് ഈ വര്‍ഷം 100 കിലോ സ്വര്‍ണം ഡിജിറ്റലായി വിറ്റതായി ബെംഗളൂരു ആസ്ഥാനമായുള്ള ഫോണ്‍പേയും അവകാശപ്പെടുന്നു.

ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപ സവിശേഷതയെ 'ഗോള്‍ഡ് വോള്‍ട്ട്' എന്നാണ് വിളിക്കുന്നത്. ഈ ഓഫറുമായി ബന്ധപ്പെട്ട് ആമസോണ്‍ പേ, സേഫ്‌ഗോള്‍ഡുമായുള്ള പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 995 പരിശുദ്ധിയുടെ (99.5% ശുദ്ധമായ) 24 കാരറ്റ് സ്വര്‍ണം സേഫ്‌ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നു. പേടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, മൊബിക്വിക്, ആക്‌സിസ് ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രീചാര്‍ജ് എന്നിവയുള്‍പ്പടെ മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും അവരുടെ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ വര്‍ധിപ്പിക്കുകയാണ്. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയുള്‍പ്പടെ ഈ പ്ലാറ്റ്‌ഫോമുകളില്‍ ഭൂരിഭാഗം പേരും 1 രൂപ വരെയുള്ള കുറഞ്ഞ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.

2017 -ലാണ് പേടിഎം, ഫോണ്‍ പേ എന്നിവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ സ്വര്‍ണ ഓഫറുകള്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പേ ആവട്ടെ കഴിഞ്ഞ ഏപ്രിലിലും. ഗുരുഗ്രാം ആസ്ഥാനമായുള്ള മൊബിക്വിക് 2018 -ലും ഓഫര്‍ അവതരിപ്പിച്ചു. ചൈനീസ് ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ ,ഷവോമി തങ്ങളുടെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ മിപേയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഡിജിറ്റല്‍ സ്വര്‍ണ വില്‍പ്പന ആരംഭിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News