സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ ഇനി കൂടുതല്‍ സത്യസന്ധമാകുമോ?
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണചട്ടങ്ങളുമായി സര്‍ക്കാര്‍, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ ചലച്ചിത്രതാരങ്ങള്‍ മുതല്‍ ഒറ്റരാത്രികൊണ്ട് വൈറലായ ഉള്ളടക്ക സൃഷ്ടാക്കള്‍ വരെയുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ഇത് പ്രതാപകാലമാണ്. പരസ്യ ഉത്പന്നങ്ങള്‍/സേവനങ്ങള്‍ എന്നിവയുടെ പ്രചരണത്തിലൂടെ പെട്ടെന്ന് പണം സമ്പാദിക്കാമെന്നതാണ് നേട്ടം.
വലിയ ബ്രാന്‍ഡുകള്‍ പോലും ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പിന്നാലെയാണ്. ഇവരുടെ വിപുലമായ ഫോളോവര്‍മാരും ശൃംഖലകളുമാണ് പ്രധാന ഉന്നം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനികളും സോഷ്യല്‍മീഡിയ മാനേജര്‍മാരുമെല്ലാം ഇത്തരം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വഴി വിപണിപിടിക്കാനുള്ള പരിശ്രമത്തിലാണ്. എന്നാല്‍, ഉപയോക്തൃതാത്പര്യ സംരക്ഷണനിയമത്തിന്റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയിലെ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പുതിയ നിയന്ത്രണചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ഉത്തരവാദിത്വം
ഇനിമുതല്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നടത്തുന്ന പരസ്യങ്ങളിലെ അവകാശവാദങ്ങളുടെ (ക്‌ളെയിം) പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയായിരിക്കുമെന്ന് പുതിയ ചട്ടം അനുശാസിക്കുന്നു. കമ്പനി / ബ്രാന്‍ഡ് / ഉത്പന്നം / സേവനം എന്നിവയെ സംബന്ധിച്ച പരസ്യങ്ങളില്‍ ഇത് ശ്രദ്ധേയ മാറ്റം കൊണ്ടുവരും.
നിലവില്‍ ഏതൊരാള്‍ക്കും സോഷ്യല്‍മീഡിയ ഹാന്‍ഡിലിലൂടെ ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച് യഥേഷ്ടം പരസ്യം ചെയ്യാം. ഇത്തരത്തില്‍ വാങ്ങുന്ന ഉത്പന്ന/സേവനത്തെ പറ്റി ഉപയോക്താക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള ഇടമില്ലെന്ന പോരായ്മയുണ്ട്.
ഇനിമുതല്‍ ഇത്തരം പരസ്യങ്ങളിലെ സംസാരങ്ങളിലും എഴുത്തുകളിലും 'പരസ്യം/സഹകരണം/പങ്കാളിത്തം, പണമടച്ചുള്ള പ്രമോഷന്‍' എന്നീ വാക്കുകള്‍ ഇന്‍ഫ്‌ളുവന്‍സര്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണമെന്ന് പുതിയചട്ടം നിര്‍ദേശിക്കുന്നു.
ഉത്പന്നമോ സേവനമോ സംബന്ധിച്ച് പരസ്യം ചെയ്യുംമുമ്പ് ഇന്‍ഫ്‌ളുവന്‍സര്‍ അത് ഉപയോഗിച്ച് നോക്കിയിരിക്കണമെന്നും അവ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പുകള്‍ക്ക് അവര്‍ ഉത്തരവാദികളായിരിക്കുമെന്നും പുതിയ ചട്ടം വ്യക്തമാക്കുന്നു.
ഇന്‍ഫ്‌ളുവന്‍സറിന്റെ സ്വാധീനത്താല്‍ വാങ്ങിയ ഉത്പന്നം/സേവനം പരസ്യത്തിലെ ഉറപ്പ് പാലിക്കുന്നില്ലെങ്കില്‍ ഇനി ഉപയോക്താവിന് കമ്പനിക്കെതിരെയും ഇന്‍ഫ്‌ളുവന്‍സറിനെതിരെയും നിയമനടപടി സ്വീകരിക്കാം.
നല്ല തുടക്കം
ഒരു താരം (സെലബ്രിറ്റി) ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അദ്ദേഹം പറയുന്നത് ശരിയെന്ന് തെറ്റിദ്ധരിച്ച് ഉത്പന്ന/സേവനങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്രകാലം ഇത് സംബന്ധിച്ച് പരാതിപ്പെടാനുള്ള സംവിധാനം ഉപയോക്താവിനുണ്ടായിരുന്നില്ല. ഈ പോരായ്മ മാറുന്നുവെന്നതാണ് പുതിയ ചട്ടത്തിന്റെ പ്രധാനഗുണം.
മറ്റൊന്ന് വാഗ്ദാനങ്ങളുടെ എല്ലാം ഉത്തരവാദിത്വം ആ താരത്തിനായിരിക്കുമെന്നതാണ്. ഏറ്റവും പ്രധാനം, സോഷ്യല്‍മീഡിയയിലെ ഉള്ളടക്കങ്ങള്‍ കൂടുതല്‍ സുതാര്യവും വിശ്വസനീയവുമാകാന്‍ സാദ്ധ്യതയുണ്ട് എന്നതാണ്. ഒരു ഇന്‍ഫ്‌ളുവന്‍സര്‍ മുഖേനയുള്ള പരസ്യത്തിലൂടെ അദ്ദേഹത്തിന്റെ ആരാധകരെ എപ്പോഴും സ്വാധീനിക്കാമെന്ന ബ്രാന്‍ഡുകളുടെ ചിന്തകള്‍ക്കും മാറ്റം വരും.
നിലവില്‍ സോഷ്യല്‍മീഡിയ പരസ്യങ്ങള്‍ക്കായി വന്‍തുകയാണ് ബ്രാന്‍ഡുകള്‍ ചെലവഴിക്കുന്നത്. പുതിയ നിയന്ത്രണചട്ടങ്ങള്‍ ഈയിനത്തിലെ ചെലവ് കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനും ബ്രാന്‍ഡുകള്‍ക്കും സഹായകമാണ്.
പ്രായോഗികമാകുമോ?
ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍, അവ എത്രത്തോളം പ്രാവര്‍ത്തികമാകുന്നു എന്നത് പ്രധാനമാണ്. പുതിയ ചട്ടങ്ങള്‍ ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയില്‍ നടപ്പാക്കാന്‍ അധികൃതര്‍ (റെഗുലേറ്റര്‍മാര്‍) പണിപ്പെടേണ്ടിവരും.
മറ്റൊന്ന്, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഇപ്പോഴും എളുപ്പമാര്‍ഗങ്ങളില്ല എന്നതാണ്.
ഈ സാഹചര്യത്തില്‍ താന്‍ പ്രചരിപ്പിക്കുന്ന ഉത്പന്ന/സേവനത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വാഗ്ദാനം സത്യമാണോയെന്ന് ഒരു താരത്തിന് എങ്ങനെ ഉറപ്പ് നല്‍കാനാകുമെന്ന ചോദ്യമുണ്ട്. ഉപയോക്താക്കളുടെ പരാതികള്‍ എത്രമാത്രം പരിഗണിക്കപ്പെടും എന്നതും പ്രധാനമാണ്. നിലവില്‍, ട്വിറ്റര്‍ പോലുള്ള പ്‌ളാറ്റ്‌ഫോമുകളില്‍ പരസ്യമായി ഉന്നയിക്കപ്പെടുന്ന പരാതികളില്‍ വലിയ ബ്രാന്‍ഡുകള്‍ നടപടികളെടുക്കാറുണ്ട്. അവ വ്യാപകമായി ശ്രദ്ധിക്കപ്പെടും എന്നതാണ് കാരണം.
എന്നാൽ, അവരുടെ വെബ്‌സെറ്റുകളിലോ പാക്കേജുകളിലോ കാണുന്ന ഫോണ്‍നമ്പര്‍, ഇ-മെയില്‍ എന്നിവവഴി നൽകുന്ന പരാതികളോ ചെറിയ ബ്രാന്‍ഡുകള്‍ക്കെതിരായ പരാതികളോ മിക്കവയും തന്നെ പരിഗണിക്കപ്പെടാതെ പോകുകയാണ് പതിവ്.
നിര്‍ണായക ചോദ്യം
ഒരു ഉത്പന്നം/സേവനം സംബന്ധിച്ച് ഉപയോക്താവിന് പരമാവധി വിവരങ്ങള്‍ നല്‍കുന്നതാണ് പരസ്യങ്ങളെന്നിരിക്കേ, അവയില്‍ സുതാര്യതയും കൂടുതല്‍ ഉത്തരവാദിത്വവും ഉറപ്പാക്കുന്നത് തീര്‍ച്ചയായും നല്ലകാര്യമാണ്. ഇത് ആ ബ്രാന്‍ഡുമായി കൂടുതല്‍ അടുക്കാന്‍ ഉപയോക്താവിനെയും സഹായിക്കും. ബ്രാന്‍ഡ്-ഉപയോക്തൃ ദീര്‍ഘകാല ബന്ധത്തിനും വഴിയൊരുക്കും. എന്നാല്‍, ചട്ടങ്ങള്‍ എത്രത്തോളം പ്രായോഗികമാക്കാന്‍ കഴിയും എന്നതാണ് നിര്‍ണായകം.
(ലേഖകന്‍ പ്രദീപ് മേനോന്‍ എം, ബ്‌ളാക്ക്‌സ്വാന്‍ (ഇന്ത്യ) ഐഡിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും ബ്രാന്‍ഡിംഗ് ആന്‍ഡ് സ്ട്രാറ്റജി ഹെഡുമാണ്)