ആപ്പിളിന് ക്ഷീണം: മൂല്യത്തില്‍ മുന്നിലെത്തി മൈക്രോസോഫ്റ്റ്
ഐഫോണ്‍ വില്‍പ്പനയില്‍ ഇടിവുണ്ടായത് ആപ്പിളിന് ക്ഷീണമായി
ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. ആപ്പിളിനെ മറികടന്നാണ് മൈക്രോസോഫ്റ്റ് ഈ നേട്ടം സ്വന്തമാക്കിയത്. മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ 1.6 ശതമാനം ഉയര്‍ന്നതോടെ കമ്പനിയുടെ വിപണി മൂല്യം 2.875 ലക്ഷം കോടി ഡോളറെത്തി. അതേസമയം ആപ്പിള്‍ 0.9 ശതമാനം താഴ്ന്നതോടെ വിപണി മൂല്യം 2.871 ലക്ഷം കോടി ഡോളറിലേക്കെത്തി. 2021ന് ശേഷം ആദ്യമായാണ് ആപ്പിളിന്റെ വിപണിമൂല്യം മൈക്രോസോഫ്റ്റിനേക്കാള്‍ താഴെയെത്തുന്നത്.
വളര്‍ച്ചയും വീഴ്ച്ചയും
2023 ഡിസംബര്‍ 14ന് ആപ്പിള്‍ ഏറ്റവും ഉയര്‍ന്ന വിപണി മൂല്യമായ 3.081 ലക്ഷം കോടി ഡോളറിലെത്തിയിരുന്നു. 2023 നവംബര്‍ 28ന് മൈക്രോസോഫ്റ്റ് 2.844 ലക്ഷം കോടി ഡോളറിലും എത്തി. എന്നാല്‍ 2024ന്റെ ആദ്യ ആഴ്ചയില്‍ ഐഫോണിന്റെ പ്രധാന വിപണികളിലൊന്നായ ചൈനയില്‍ ഐഫോണ്‍ വില്‍പ്പനയില്‍ 30 ശതമാനം ഇടിവുണ്ടായത് ആപ്പിളിന് ക്ഷീണമായി. തുടര്‍ന്ന് ആപ്പിളിന്റെ ഓഹരികള്‍ ജനുവരിയില്‍ ഇതുവരെ 3.3 ശതമാനം ഇടിഞ്ഞു.
അതേസമയം മെക്രോസോഫ്റ്റിന്റെ ഓഹരികള്‍ ജനുവരിയില്‍ ഇതുവരെ 1.8 ശതമാനം ഉയരുകയാണുണ്ടായത്. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിയതോടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അടുത്തിടെ മൈക്രോസോഫ്റ്റിന് സാധിച്ചിരുന്നു. ചാറ്റ് ജി.പി.ടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എ.ഐയുമായുള്ള ബന്ധവും മൈക്രോസോഫ്റ്റിന്റെ വളര്‍ച്ച കൂട്ടാന്‍ സഹായിച്ചു.