വൊഡാഫോണ്‍-ഐഡിയയെ ഏറ്റെടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രം
ബി.എസ്.എന്‍.എല്‍ 4ജി വൈകില്ല
സാമ്പത്തിക ഞെരുക്കത്തിലുള്ള സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോണ്‍-ഐഡിയയെ (Vi) ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്രമന്ത്രി ദേവുസിംഗ് ചൗഹാന്‍ ലോക്‌സഭയില്‍ പറഞ്ഞു.
വൊഡാഫോണ്‍-ഐഡിയ കേന്ദ്രസര്‍ക്കാരിന് വീട്ടാനുള്ള 16,133 കോടി രൂപയുടെ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (AGR) ഉള്‍പ്പെടെയുള്ള കുടിശികകള്‍ കമ്പനിയില്‍ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തമാക്കി മാറ്റിയിരുന്നു. ഇതോടെ 33.1 ശതമാനം വിഹിതവുമായി വൊഡാഫോണ്‍-ഐഡിയയുടെ ഏറ്റവും വലിയ ഓഹരി പങ്കാളിയുമായി കേന്ദ്രസര്‍ക്കാര്‍.
വൊഡാഫോണ്‍-ഐഡിയയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള സഹായങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യം മാത്രമേ സര്‍ക്കാരിനുള്ളൂ എന്നും കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആലോചിക്കുന്നില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും യു.കെയിലെ വൊഡാഫോണ്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് വൊഡാഫോണ്‍-ഐഡിയ (വീ). ഏറ്റവും വലിയ ഓഹരി പങ്കാളിയാണെങ്കിലും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം ഇടപെട്ടിട്ടില്ല.
ബി.എസ്.എന്‍.എല്‍ 4ജി വൈകില്ല
പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളോടെ ഒരുലക്ഷം കേന്ദ്രങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സേവനം ഉടന്‍ ലഭ്യമാക്കാനാണ് ശ്രമമെന്നും ദേവുസിംഗ് ചൗഹാന്‍ പറഞ്ഞു.