സാംസംഗ് ഗ്യാലക്‌സി എം34, വണ്‍പ്ലസ് നോഡ് 3 വിപണിയിലേക്ക്; 5ജി ഫോണ്‍ മത്സരം കടുക്കുന്നു
ബജറ്റ് വിപണി പിടിക്കാന്‍ സാംസംഗ്, പ്രീമിയം ശ്രേണി ഉന്നമിട്ട് വണ്‍പ്ലസ്
ഇന്ത്യയില്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ സാംസംഗിന്റെ പുത്തന്‍ മോഡലായ ഗ്യാലക്സി എം34, വണ്‍പ്ലസിന്റെ നോഡ് 3 എന്നിവ ജൂലൈ 15ന് ഉപയോക്താക്കളിലേക്കെത്തും.
സാംസംഗ് ഗ്യാലക്‌സി എം34 5ജിയുടെ സവിശേഷതകള്‍
16,999 രൂപ പ്രാരംഭ വിലയിലാണ് സാംസംഗ് ഗ്യാലക്‌സി എം34 5ജി (Samsung Galaxy M34 5G) എത്തിയത്. ബജറ്റ് (20,000 രൂപയ്ക്ക് താഴെ വിലയുള്ള ശ്രേണി) വിഭാഗത്തില്‍ വലിയ നേട്ടം ലക്ഷ്യമിട്ടാണ് ഗ്യാലക്സി എം34 5ജി എത്തുന്നത്. 6,000 എം.എ.എച്ച് ബാറ്ററി, 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലേ, 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ ആകര്‍ഷണം. ഈ സ്മാര്‍ട്ട്ഫോണിന് രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ ഓഫര്‍ പ്രകാരം 6 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില. ഇതിന് 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഗോറില്ല ഗ്ലാസ് 5 ആണ് ഉപയോഗിച്ചിരുന്നു. 5എന്‍.എം എക്‌സിനോസ് (Exynos) 1280 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്.
ഒ.ഐ.എസ് ഉള്ള 50എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം സ്മാര്‍ട്ട്ഫോണില്‍ ഉണ്ട്. 13എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയുമായാണ് ഇത് വരുന്നത്. 25W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6,000 mAh ബാറ്ററിയാണ് ഇതിനുള്ളത്. മിഡ്നൈറ്റ് ബ്ലൂ, പ്രിസം സില്‍വര്‍, വാട്ടര്‍ഫാള്‍ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ഇത് വരുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ പ്രീ-ബുക്കിങ്ങിന് ലഭ്യമാണ്. ആമസോണ്‍, സാംസംഗിന്റെ തെരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ജൂലൈ 15 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്കെത്തും.
വണ്‍പ്ലസ് നോഡ് 3 5ജിയുടെ സവിശേഷതകള്‍
വണ്‍പ്ലസ് നോഡ് 3 5ജിയില്‍ (OnePlus Nord 3 5G) 120Hz റിഫ്രഷ് റേറ്റുള്ള 6.74-ഇഞ്ച് സൂപ്പര്‍ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഇത് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന വേരിയന്റിന് വില 33,999 രൂപയും, 16 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന് വില 37,999 രൂപയുമാണ്. നോഡ് പ്രീമിയം (20,000 രൂപയ്ക്കുമേല്‍) ശ്രേണിയിലാണ് വില്‍പ്പന നടത്തുന്നത്. ജൂലൈ 15 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഡ്രാഗണ്‍ട്രെയില്‍ (Dragontrail) ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്.
ആന്‍ഡ്രോയിഡ് 13 പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഓക്‌സിജന്‍ ഒ.എസില്‍ (OxygenOS 13.1) ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ടെമ്പസ്റ്റ് ഗ്രേ, മിസ്റ്റി ഗ്രീന്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഇതില്‍ 50എംപി വൈഡ് ലെന്‍സ്, 8എംപി അള്‍ട്രാവൈഡ് ലെന്‍സ്, 2എംപി മാക്രോ ലെന്‍സ് എന്നിവ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാനമുണ്ട്. 16 എംപിയാണ് ഫ്രണ്ട് ക്യാമറ. ഈ സ്മാര്‍ട്ട്ഫോണിന് 5,000mAh ബാറ്ററിയുണ്ട്.