ഉപ്പ് മുതല്‍ സോഫ്റ്റ്‌വെയർവരെ, ടാറ്റയുടെ സൂപ്പർ ആപ്പ് 'ടാറ്റന്യൂ', ലക്ഷ്യം ഓണ്‍ലൈന്‍ ഷോപ്പിംഗിൽ ആധിപത്യം

ടാറ്റ ഗ്രൂപ്പിന്റെ വിവിധ സേവനങ്ങൾ ഒരുകുടക്കീഴിൽ അവതരിപ്പിക്കുകയാണ് ടാറ്റ ന്യൂ എന്ന സൂപ്പർ ആപ്പ്.

Update:2021-10-04 14:21 IST

ടാറ്റയെക്കുറിച്ച് പറയുമ്പോ പൊതുവെ പറയുന്ന കാര്യമാണ് ഉപ്പ് മുതല്‍ തൂമ്പവരെ വില്‍ക്കുന്ന കമ്പനി ആണെന്ന്. ടാറ്റ കൈകാര്യം ചെയ്യുന്ന മേഖലകള്‍ അത്രയ്ക്ക് വിപുലമാണ്. ഭഷ്യ ഉത്പന്നങ്ങള്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ വരെ നല്‍കുന്ന ടാറ്റയുടെ പുതിയ പദ്ധതി സൂപ്പര്‍ ആപ്പ് ഒരുങ്ങുകയാണ്.

ടാറ്റാന്യൂ (TataNeu)
വിവിധ സേവനങ്ങളെ ഒരു കുടക്കീഴില്‍ അവതരിപ്പക്കുന്ന ആപ്പുകളാണ് സൂപ്പര്‍ ആപ്പുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഷോപ്പിങ്ങ് മാളിനെ മൊബൈല്‍ ആപ്ലിക്കേഷനായി കരുതിയാലോ... അതാണ് സൂപ്പര്‍ ആപ്പ്.
2020ന്‍റെ തുടക്കത്തിലാണ് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ ആപ്പ് വികസിപ്പിക്കുന്നതിനെ കുറച്ച് സൂചന നൽകിയത്. ഇപ്പോള്‍ തങ്ങളുടെ സൂപ്പര്‍ ആപ്പിന് ടാറ്റ പേരും നല്‍കിയിരിക്കുകയാണ്. ടാറ്റ ന്യൂ എന്ന പേരില്‍ അവതരിപ്പിക്കുന്ന ആപ്പ് പരീക്ഷണാര്‍ത്ഥം ടാറ്റയിലെ ജീവനക്കാര്‍ക്കാണ് ആദ്യം ലഭ്യമാവുക.
ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാകും ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുക.
ടാറ്റ ക്ലിക് ഉൾപ്പടെയുള്ള സേവനങ്ങൾ പുതിയ ആപ്പിൻ്റെ ഭാഗമാകും. ടാറ്റ ന്യൂവില്‍ പ്ലിപ്കാര്‍ട്ടിലെ സൂപ്പര്‍ കോയിന്‍സിന് തുല്യമായ സംവിധാനവും ഉണ്ടാകും എന്നാണ് വിവരം. ഓരോ ഉപഭോക്തക്കൾക്കും തങ്ങൾ മേടിക്കുന്ന സാധവങ്ങള്‍ക്ക് പോയിന്‍റുകള്‍ ലഭിക്കും. ഇവ ഉപയോഗിച്ച് അടുത്ത തവണ വിലക്കിഴവ് നേടാം.
സൂപ്പര്‍ ആപ്പിന്റെ ഭാഗമായി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ഏതാനും സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തിരുന്നു. ഗ്രോസറി സാധനങ്ങള്‍ വില്‍ക്കുന്ന ബിഗ്‌ബാസ്കെറ്റ് ആയിരുന്നു അതിലൊന്ന്. കൂടാതെ ഓണ്‍ലൈനിലൂടെ മരുന്നുകള്‍ വില്‍ക്കുന്ന 1 എംജി, ഫിറ്റ്‌നസ് സേവനങ്ങള്‍ നല്‍കുന്ന ക്യുവര്‍ഫിറ്റ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലും ടാറ്റ നിക്ഷേപം നടത്തിയിരുന്നു. വിദേശ നിക്ഷേപകരില്‍ നിന്നായി 2-2.5 ബില്യണ്‍ യുഎസ് ഡോളറും ടാറ്റ സമാഹരിക്കുന്നുണ്ട്.
സൂപ്പര്‍ ആപ്പുകളുടെ ഇന്ത്യ
സൂപ്പര്‍ ആപ്പുകളുടെ ട്രെന്റ് തുടങ്ങുന്നത് ചൈനയിലാണ്. ഇന്ന് ഇന്ത്യയില്‍ പല പ്രമുഖ ആപ്പുകളും വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സൂപ്പര്‍ ആപ്പ് ആയി മാറുകയാണ്. പണം ഇടപാടുകളുമായി തുടങ്ങിയ് പേടിഎം ഇന്ന് ഇന്‍ഷുറന്‍സ് മുതല്‍ ഷോപ്പിംഗ് സേവനങ്ങള്‍ വരെ നല്‍കുന്നുണ്ട്.
ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടില്‍ വീഡിയോ സ്ട്രീമിംഗ്, വിമാന ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പടെ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഒറ്റക്കുടക്കീഴില്‍ അവതരിപ്പിച്ച് ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ പിടിച്ചുനിര്‍ത്താനാണ് ഓരോ ആപ്പുകളും ശ്രമിക്കുന്നത്. ജിയോ മാര്‍ട്ട്, അജിയോ, റിലയന്‍സ് ഡിജിറ്റല്‍ തുടങ്ങി നിരവധി വ്യത്യസ്ത ആപ്പുകളാണ് റിലയന്‍സിനുള്ളത്.
മിനി ടിവി, ആമസോണ്‍ പേ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളാണ് ആമസോണ്‍ ആപ്പിലൂടെ നല്‍കുന്നത്. മറ്റ് കമ്പനികളെക്കാള്‍ കൂടുതല്‍ വൈവിധ്യമുള്ള ഉത്പന്ന നിരയും സേവനങ്ങളും ആപ്പിലൂടെ അവതരിപ്പിക്കുകയാണെങ്കില്‍ എല്ലാത്തിനും കൂടി ഒരൊറ്റ ഇടം എന്ന നിലയില്‍ മറ്റ് ഇ-കൊമേഴ്‌സ് ആപ്പുകള്‍ക്കെല്ലാം ടാറ്റന്യൂ വെല്ലുവിളിയാകും.


Tags:    

Similar News