'ചിപ്പ് ക്ഷാമം താല്‍ക്കാലികം, 2022 ഓടെ അവസാനിക്കും'
മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്
ആഗോളതലത്തില്‍ വാഹന നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കുന്ന ചിപ്പ് ക്ഷാമം താല്‍ക്കാലികമാണെന്നും 2022 ഓടെ അവസാനിക്കുമെന്നും മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. കമ്പനിയുടെ ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സെമികണ്ടക്ടറുകളുടെ ക്ഷാമം മാരുതിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സെമികണ്ടക്ടറുകളുടെ കുറവ് ഒരു താല്‍ക്കാലിക പ്രശ്‌നമാണ്, കാരണം 2022 ആകുമ്പോഴേക്കും ഈ ക്ഷാമം തീരും എന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍'' അദ്ദേഹം പറഞ്ഞു.
അതേസമയം, മാരുതിയുടെ ഇലക്ട്രിക്കിലേക്കുള്ള ചുവടുവയ്പ്പിനെ കുറിച്ചും ഓണ്‍ലൈന്‍ വഴി നടന്ന സംഗമത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതാണെന്നും നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറപ്പായാല്‍ മാത്രമേ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശിക്കുകയുള്ളൂവെന്നും രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ഇന്ത്യയില്‍, ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നവയായി മാറുമ്പോള്‍ മാത്രമേ ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വിറ്റഴിക്കപ്പെടുകയുള്ളൂ. ഇന്ത്യയുടെ നിലവിലെ ഇലക്ട്രിക് വാഹന വില്‍പ്പന അളവ് വളരെ ചെറുതാണെന്നും മാരുതി സുസുക്കിക്ക് വിപണി വിഹിതത്തില്‍ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.