യു.പി.ഐ ഇടപാടുകള്‍ക്കിടെ ഇങ്ങനെ പണികിട്ടാറുണ്ടോ? കാരണം വെളിപ്പെടുത്തി റിസര്‍വ് ബാങ്ക്
മേയില്‍ മാത്രം 31 സംഭവങ്ങള്‍
യു.പി.എ ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരിക്കലെങ്കിലും പണി കിട്ടാത്തവര്‍ ചുരുക്കമായിരിക്കും. യു.പി.എ ഇടപാടുകള്‍ ഇടയ്ക്കിടെ തടസപ്പെടാന്‍ പ്രധാന കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു. യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ ഭാഗത്ത് നിന്നുള്ള കുഴപ്പമല്ല ഇതിന് കാരണം. എന്‍.പി.സി.ഐ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയില്‍ മാത്രം 31 സംഭവങ്ങള്‍
യു.പി.ഐ ഇടപാടുകളില്‍ സംഭവിക്കുന്ന തകരാറുകള്‍ ഉപയോക്താക്കള്‍ക്ക് നിരവധി ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും അക്കൗണ്ടുള്ള ബാങ്കിന്റെ സെര്‍വര്‍ തകരാര്‍ കാരണം ഇടപാടുകള്‍ പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യവുമുണ്ടാകും. ജൂണ്‍ നാലിന് ഓഹരി വിപണിയിലുണ്ടായ വലിയ ഇടിവിന് പിന്നാലെ യു.പി.എ ഇടപാടുകള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് പലരും പരാതിപ്പെട്ടിരുന്നു.പ്രധാനമായും ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭിം (BHIM), പേടിഎം തുടങ്ങിയവ വഴിയുള്ള ഇടപാടുകള്‍ക്കാണ് തടസം നേരിട്ടതെന്ന് സാമൂഹ്യ മാധ്യമമായ എക്‌സില്‍ നിരവധി പേര്‍ കുറിച്ചു. മേയില്‍ ഇത്തരത്തില്‍ 31 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പേയ്‌മെന്റ് ഗേറ്റ് വേകള്‍ 47 മണിക്കൂര്‍ ഓഫ്‌ലൈനായെന്നും എന്‍.പി.സി.ഐ ഡാറ്റ വെളിപ്പെടുത്തുന്നു.
ചെറിയ ഇടപാടുകള്‍ക്ക് യു.പി.ഐ ലൈറ്റ്
നിലവില്‍ യു.പി.ഐ വഴി പ്രതിദിനം 45 കോടി ഇടപാടുകള്‍ നടക്കാറുണ്ടെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മാസത്തില്‍ ഒരു കോടി ഇടപാടുകള്‍ വരെ നടത്താന്‍ കഴിയുന്ന സംവിധാനമാണ് യു.പി.ഐ ലൈറ്റ്. യു.പി.ഐ ആപ്പില്‍ തന്നെ നിശ്ചിത തുക പ്രത്യേക വാലറ്റ് പോലെ സൂക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
*500 രൂപ വരെയുള്ള ഇടപാടുകളാണ് ഇതുവഴി സാധ്യമാവുക
*ഈ ഇടപാടിന് പിന്‍ നമ്പര്‍ ആവശ്യമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത (ബാങ്കിന്റെ നയം അനുസരിച്ച് മാറാം)
*ഇടപാടുകളുടെ വേഗത കൂടുതലാണ്
*എത്ര രൂപ വരെ വാലറ്റില്‍ സൂക്ഷിക്കാമെന്ന് ഉപയോക്താവിന് നിശ്ചയിക്കാം.
*ഇത് തീരുമ്പോള്‍ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യുന്നത് പോലെ ടോപ്പ് അപ്പ് ചെയ്താല്‍ മതി
*യു.പി.ഐ ലൈറ്റ് വാലറ്റില്‍ പൈസ കുറഞ്ഞാല്‍ യു.പി.ഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും ആട്ടോമാറ്റിക്കായി പണം കൈമാറ്റം ചെയ്യാനുള്ള സംവിധാനവുമുണ്ട്.
എന്നാല്‍ യു.പി.എ ലൈറ്റ് താരതമ്യേന പുതിയ ഫീച്ചറായതിനാല്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പേയ്‌മെന്റ് ആപ്പ് കണ്ടെത്തുകയും സുരക്ഷിതമായി ഈ സേവനം ഉപയോഗിക്കുകയും വേണം.