3ജി സേവനം അവസാനിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയ; 5ജി ആറ് മാസത്തിനകം എത്തും

2ജി, 3ജി സേവനങ്ങള്‍ നിറുത്തലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ജിയോയും

Update: 2024-01-31 16:08 GMT

Image : Vi and Canva

കാത്തിരിപ്പ് ഇനി ഏറെ നീളില്ലെന്നും 5ജി സേവനം 6-7 മാസത്തിനകം അവതരിപ്പിക്കുമെന്നും സൂചിപ്പിച്ച് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (വീ/Vi). 2024-25 സാമ്പത്തിക വര്‍ഷത്തോടെ 3ജി സേവനം പൂര്‍ണമായി അവസാനിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

കൂടുതല്‍ ഉപയോക്താക്കളെ 5ജിയിലേക്ക് ആകര്‍ഷിക്കാനായി നിലവിലും ലഭ്യമായ 2ജി, 3ജി സേവനങ്ങള്‍ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയിലെപ്പോഴും ദശലക്ഷക്കണക്കിന് പേര്‍ 2ജി സൗകര്യമുള്ള മൊബൈല്‍ഫോണാണ് ഉപയോഗിക്കുന്നത്. യൂണിവേഴ്‌സല്‍ സര്‍വീസസ് ഒബ്ലിഗേഷന്‍ ഫണ്ടിലെ (USOF) ഉപയോഗിക്കാത്ത തുക പ്രയോജനപ്പെടുത്തി സബ്‌സിഡി പദ്ധതി അവതരിപ്പിച്ചാല്‍ ഇവരെ അതിവേഗം 4ജി, 5ജി സൗകര്യത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏകദേശം 77,000 കോടി രൂപയാണ് യു.എസ്.ഒ.എഫില്‍ ഉപയോഗിക്കാതെ കിടക്കുന്നത്.
ബഹുദൂരം മുന്നില്‍ ജിയോയും എയര്‍ടെല്ലും
കേന്ദ്രസര്‍ക്കാരില്‍ നിന്ന് 2022ല്‍ 5ജി സ്‌പെക്ട്രം സ്വന്തമാക്കിയ ഏറ്റവും വലിയ ടെലികോം കമ്പനികളായ ജിയോയും എയര്‍ടെല്ലും രാജ്യമെമ്പാടുമായി 5ജി സേവനം ലഭ്യമാക്കി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, സാമ്പത്തിക ഞെരുക്കം നേരിടുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് ഇക്കാര്യത്തില്‍ ഇനിയും സമയനിഷ്ഠ പാലിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ ടെലികോം മന്ത്രാലയത്തിന് അമര്‍ഷവുമുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, മുംബയ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ 3ജി സേവനം ഇതിനകം തന്നെ വോഡഫോണ്‍ ഐഡിയ അവസാനിപ്പിച്ചിട്ടുണ്ട്. 4ജി സേവനമാണ് ഇവിടങ്ങളില്‍ നല്‍കുന്നത്. 5ജി സേവനം ലഭ്യമാക്കാനായി ഈ രംഗത്തെ സാങ്കേതിക വികസന കമ്പനികളുമായി വോഡഫോണ്‍ ഐഡിയ സജീവ ചര്‍ച്ച നടത്തുന്നുണ്ട്.
Tags:    

Similar News