എക്‌സ് ഫോള്‍ഡ് 3 പ്രോ ഇന്ത്യയിലെത്തി, വില കൊണ്ട് ഞെട്ടിച്ച് വിവോ

ഇന്ത്യയിലെ ഏറ്റവും കനംകുറഞ്ഞ ഫോള്‍ഡ് ഫോണ്‍

Update:2024-06-06 17:46 IST
image courtesy : www .vivo .com
ഏറെക്കാലമായി കാത്തിരുന്ന വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ വിവോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണാണിത്. നേരത്തെയും വിവോ ഫോള്‍ഡബിള്‍ ഫോണുകള്‍ ഇറക്കിയിരുന്നെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നില്ല. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രോസസറും ജര്‍മന്‍ ഒപ്റ്റിക്കല്‍ ഭീമന്മാരായ സെയ്‌സിന്റെ ബ്രാന്‍ഡിംഗിലെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും ഫോണിനെ വ്യത്യസ്തമാക്കുന്നു. ഗൂഗ്‌ളിന്റെ ജെമിനി എ.ഐ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രീ ബുക്കിംഗ് തുടങ്ങി

സെലസ്റ്റിയല്‍ ബ്ലാക്ക് എന്ന നിറത്തിലാണ് ഫോണ്‍ ലഭ്യമാകുക. ഇന്ത്യയിലെ ഏറ്റവും കനംകുറഞ്ഞ ഫോള്‍ഡ് ഫോണെന്ന വിശേഷണത്തോടെ എത്തിയ ഫോണിന്റെ വില 1,59,999 രൂപയാണ്. ഇന്ത്യയില്‍ 16 ജി.ബി റാം, 512 ജി.ബി സ്റ്റോറേജ് വേര്‍ഷന്‍ മാത്രമേ ലഭ്യമാകൂ. ജൂണ്‍ 12 മുതലാണ് ഫോണ്‍ ലഭ്യമാകുക. പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് വിവോ പ്രത്യേക ഓഫറും നല്‍കും. എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപ ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസായി കടകളില്‍ നിന്ന് 10,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും. 6666 രൂപ വച്ച് അടക്കാവുന്ന 24 മാസത്തെ നോ കോസ്റ്റ് ഇ.എം.ഐ പദ്ധതിയും വിവോ നല്‍കുന്നുണ്ട്.

ഡിസ്‌പ്ലേ


120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 8.03 ഇഞ്ച് ഫോള്‍ഡബിള്‍ എല്‍.റ്റി.പി.ഒ അമോലെഡ് ഡിസ്‌പ്ലേക്ക് 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് നല്‍കാന്‍ സാധിക്കും. 6.53 ഇഞ്ചിന്റെ കവര്‍ ഡിസ്‌പ്ലേയിലും മികച്ച ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. ഫോള്‍ഡബിള്‍ ഫോണായത് കൊണ്ട് കേടായിപോകുമെന്ന ആശങ്കയും വേണ്ടെന്ന് വിവോ വിശദീകരിച്ചിട്ടുണ്ട്. കാര്‍ബണ്‍ ഫൈബര്‍ നിര്‍മിത ഹിഞ്ചുകള്‍ ഏറെക്കാലം ഈടുനില്‍ക്കുമെന്നാണ് അവകാശവാദം.
50 പിക്‌സലിന്റെ പ്രധാന ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 64 പിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സ് മൂന്ന് മടങ്ങ് സൂം ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടാതെ 50 പിക്‌സലിന്റെ അള്‍ട്രാവൈഡ് സെന്‍സറുമുണ്ട്. കവര്‍ സ്‌ക്രീനിലും പ്രധാന സ്‌ക്രീനിലും 32 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയുമുണ്ട്. 5700 എം.എ.എച്ച് ബാറ്ററിയുള്ള ഫോണില്‍ 100 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറും 50 വാട്ടിന്റെ വയര്‍ലെസ് ചാര്‍ജറും ഉപയോഗിക്കാം.
Tags:    

Similar News