തലയിലണിഞ്ഞു നടക്കാം ആപ്പിളിന്റെ പുതിയ കംപ്യൂട്ടര്‍; 100 അടി വലുപ്പത്തില്‍ സ്‌ക്രീന്‍ കാണാം, വില വെറും 3 ലക്ഷം
തിയേറ്റര്‍ പോലെ സിനിമകള്‍ കാണാം. തൊട്ടുകൊണ്ട് സംസാരിക്കും പോലെ വീഡിയോ കോളുകള്‍ ചെയ്യാം. ഇത് സാങ്കേതികതയുടെ മായാലോകം
ഏറെ കാത്തിരുന്ന ആപ്പിള്‍ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സെറ്റ് എത്തി, 'ആപ്പിള്‍ വിഷന്‍ പ്രോ'. തിങ്കളാഴ്ചയാണ് ആപ്പിള്‍ വിഷന്‍ പ്രോ എന്ന ഏറ്റവും പുതിയ ഹെഡ്സെറ്റ് കംപ്യൂട്ടർ ആപ്പിൾ അവതരിപ്പിച്ചത്. 3,499 യു.എസ് ഡോളര്‍ അഥവാ മൂന്നു ലക്ഷം രൂപ വരുന്ന ഈ ഹെഡ്സെറ്റ് വ്യക്തിഗത ഉപയോഗങ്ങള്‍ക്കുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ലോകത്തെ തന്നെ ആദ്യത്തെ സ്‌പേഷ്യല്‍ കംപ്യൂട്ടറാണെന്നാണ് (Spatial Computer)ആപ്പിള്‍ അവകാശപ്പെടുന്നത്.
വാര്‍ഷിക സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ (WWDC - 2023) ആയിരുന്നു അവതരണം. ആപ്പിള്‍ വാച്ച് പുറത്തിറക്കി ഒമ്പത് വര്‍ഷത്തിന് ശേഷം ആപ്പിള്‍ അവതരിപ്പിക്കുന്ന ബെഞ്ച് മാര്‍ക്ക് ഉത്പന്നമാണിത്.
ഈ ഓഗ്മെന്റഡ് ഹെഡ്‌സെറ്റ് സ്‌കീ ഗോഗ്ള്‍സ് പോലെയാണ് കാഴ്ചയില്‍ എങ്കിലും ഇത് പകരുന്ന കാഴ്ചാനുഭവം മാജിക് ആണോ എന്നു തോന്നിപ്പോകുന്ന തരത്തിലാണെന്നാണ് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് വിശേഷിപ്പിച്ചത്. സംഭവം ഹെഡ്സെറ്റ് എങ്കിലും അതില്‍ ടിവി പ്രോഗ്രാമുകളും 3 ഡി സിനിമകളും ഐ.ഒ.എസ്, ഐപാഡ് ഒ.എസ്, മാക് ഒ.എസ് ആപ്പ് അനുഭവങ്ങള്‍ ലഭിക്കുന്ന 100 അടി വലുപ്പമുള്ള സ്‌ക്രീന്‍ പ്രവർത്തിപ്പിക്കാം.
കാഴ്ചയുടെ മായിക ലോകം
ഇത് വെച്ച് വീട്ടിലെ സോഫയിലിരുന്നു സ്‌പേസില്‍ (space) പോകാം, കംപ്യൂട്ടറിൽ തിരയാൻ വെറുതെ കണ്ണോടിച്ചാല്‍ മതി. സെലക്ട് ചെയ്യാണ് വിരലുകൾ ശൂന്യതയിൽ ചലിപ്പിക്കാം. സിനിമാ സ്‌ക്രീനിന്റെ വലുപ്പത്തില്‍ ശബ്ദ ദൃശ്യവിസ്മയം ഫോണിലൂടെ ആസ്വദിക്കാന്‍ ഈ ഒരൊറ്റ ഹെഡ്‌സെറ്റ് മതി.
കൂടുതൽ വ്യക്തമാക്കാം: ഇത് ഓൺ ചെയ്യുമ്പോൾ ഒരു സ്‌ക്രീന്‍ മുന്നില്‍ തെളിഞ്ഞുവരും. ഇത് 100 അടി വരെ വികസിപ്പിക്കാൻ. ഇവിടെ ബ്രൗസിംഗ് നടത്താം, ആപ്പുകൾ തുറക്കാം. നിങ്ങളുടെ ഐ. ഒ. എസുമായി ആപ്പിള്‍ വിഷന്‍ പ്രോ ബന്ധിപ്പിച്ചിരുന്നാൽ ആപ്പിൾ അക്കൗണ്ട് മാനേജ് ചെയ്യാം. ഈ ഉപകരണം നിങ്ങളുടെ ശരീരത്തിലെ സെന്‍സുകള്‍, അതായത് സ്പര്‍ശം, കൃഷ്ണമണിയുടെ സഞ്ചാരം എന്നിവ മനസ്സിലാക്കുന്നു. നിങ്ങളുടെ കണ്ണിന്റെ ചലനങ്ങൾ ആനുസരിച്ച് ആപ്പുകള്‍ സ്ക്രോൾ ചെയ്യാൻ കഴിയും. വിരലുകളുടെ ചലനങ്ങള്‍, ശബ്ദം തിരിച്ചറിഞ്ഞുള്ള പ്രതികരണം എന്നിവയും ഇതിലൂടെ സാധ്യമാകും. സെലക്ട് ചെയ്ത ആപ്പു തുറക്കാൻ വിരലുകൾ ചലിപ്പിക്കാം. ഈ ആപ്പിള്‍ ഹെഡ്‌സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് വിഷൻ ഒ.എസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്.
നിങ്ങളുടെ ആപ്പിൾ ഗാലറിയില്‍ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ യഥാര്‍ത്ഥത്തില്‍ എന്നത് പോലെ കാണാം. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി മീറ്റിംഗോ വീഡിയോ കോളോ ചെയ്യുന്നുവെന്നിരിക്കട്ടെ. അവരെ നേരില്‍ കാണുന്ന അനുഭവമാകും നിങ്ങള്‍ക്കുണ്ടാകുക. സിനിമയാണ് കാണുന്നതെങ്കില്‍ സ്‌ക്രീനിന്റെ വലുപ്പം 100 അടി വികസിപ്പിക്കാം. രാത്രി ഉറങ്ങും മുമ്പ് മെഡിറ്റേഷന്‍ ചെയ്യുന്നവരെങ്കില്‍ ശബ്ദത്തോടൊപ്പം നിങ്ങള്‍ മറ്റൊരു ഏകാന്ത ലോകത്തെത്തിയ പ്രതീതി ഉണ്ടാക്കാം.
ഈ ഹെഡ്‌സെറ്റ് ധരിച്ചിരിക്കുമ്പോള്‍ തന്നെ നിങ്ങളുടെ അടുത്തെത്തുന്നവരെ നിങ്ങള്‍ക്ക് കാണാനും അവരുടെ ശബ്ദം കേള്‍ക്കാനും കഴിയുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.
വിശദമായി വീഡിയോ കാണാം:
ഹെഡ്‌സെറ്റിലെന്തുണ്ട് ?
1. 5 സെന്‍സറുകള്‍ (മുറിയില്‍ എന്തൊക്കെ വസ്തുക്കളുണ്ടെന്നു തിരിച്ചറിയാന്‍ പ്രത്യേക സെന്‍സര്‍)
2. 4 കെ ഡിസ്‌പ്ലേ (ഓരോ കണ്ണിനും)
3 . 12 ക്യാമറകൾ
4. വിവിധ വ്യക്തികളുടെ വിവിധ ആകൃതിയിലുള്ള തലകൾക്ക് ചേര്‍ന്നുപോകുന്ന തരത്തിലുള്ള ഹെഡ്‌ബാന്‍ഡുകള്‍
5. കണ്ണടയുള്ളവര്‍ക്കായി ലെൻസ് സൗകര്യം
6. 180 ഡിഗ്രി വീഡിയോ , 3ഡി വിഷനുള്ള സജീകരണങ്ങള്‍
ഈ ഹെഡ്‌സെറ്റ് കംപ്യൂട്ടർ ഇപ്പോൾ അവതരിപ്പിച്ചെങ്കിലും അടുത്ത വര്‍ഷത്തോടെ മാത്രമായിരിക്കും ഉപയോക്താക്കളിലേക്ക് ഇത് എത്തുക. ആദ്യം അമേരിക്കന്‍ വിപണിയില്‍ ഇത് ലഭ്യമാകുമെങ്കിലും മറ്റു വിപണികളില്‍ അതിനുശേഷമേ ആപ്പിള്‍ ഈ സൂപ്പര്‍ ഡിവൈസ് അവതരിപ്പിക്കുകയുള്ളു.