വാട്‌സാപ്പിലും എഐ ചാറ്റ്‌ബോട്ട് എത്തുന്നു; സ്വകാര്യ ചാറ്റുകളില്‍ 'ഒളിഞ്ഞു' നോക്കുമോ? ആശങ്കയ്ക്ക് മെറ്റയുടെ മറുപടി
ഉപയോക്താക്കള്‍ തമ്മില്‍ നടത്തുന്ന രഹസ്യ ചാറ്റുകള്‍ എഐ ചാറ്റ്‌ബോട്ട് വായിക്കുമോയെന്ന സംശയത്തിനും മെറ്റയ്ക്ക് ഉത്തരമുണ്ട്
സോഷ്യല്‍മീഡിയ കമ്പനികളിലെ മുന്‍നിരക്കാരായ മെറ്റയുടെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിലും എ.ഐ സംവിധാനം എത്തുന്നു. പുതിയ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാര്‍ത്ഥത്തില്‍ ചില ഉപയോക്താക്കള്‍ക്ക് എ.ഐ സംവിധാനം ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ എല്ലാവര്‍ക്കും ഇത് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മെറ്റ തന്നെ വികസിപ്പിച്ചെടുത്ത എ.ഐ സംവിധാനം ഉപയോഗിച്ച് ലോകത്തുള്ള എന്തിനേക്കുറിച്ചും ചാറ്റ് ചെയ്യാനുള്ള ഫീച്ചറാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചാറ്റ് ജി.പി.ടി മാതൃകയില്‍ തന്നെയാണ് വാട്‌സാപ്പിന്റെ എഐയും പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാട്‌സാപ്പ് ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുക, നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഇതുവഴി നടക്കും. നിലവില്‍ ഇംഗ്ലീഷ് ഭാഷ മാത്രമാകും വാട്‌സാപ്പ് എഐയില്‍ ഉപയോഗിക്കാന്‍ സാധിക്കുക.
സ്വകാര്യതയില്‍ വിട്ടുവീഴ്ച്ചയില്ല
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കിയാണ് തങ്ങള്‍ ഈ എ.ഐ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കുന്നു. മെറ്റ എ.ഐയ്ക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ മാത്രമേ ഇതു വായിക്കുകയുള്ളൂ. മറ്റ് സ്വകാര്യ ചാറ്റുകളിലൊന്നും എ.ഐയുടെ ചാരക്കണ്ണ് ഉണ്ടാകില്ലെന്ന് മെറ്റ ഉറപ്പു നല്‍കുന്നുണ്ട്.
ന്യൂ ചാറ്റ് ഐക്കണ്‍ തുറന്നാല്‍ ന്യുഗ്രൂപ്പ്, ന്യൂ കോണ്ടാക്ട്, ന്യൂ കമ്മ്യൂണിറ്റി, ന്യൂ ബ്രോഡ്കാസ്റ്റ് എന്നിവയ്ക്ക് താഴെയായിട്ടാണ് ന്യൂ എ.ഐ ചാറ്റിന്റെ സ്ഥാനം. ഇത് ക്ലിക്ക് ചെയ്താല്‍ ചാറ്റ് ചെയ്യാന്‍ സാധിക്കും. ഇതിനൊപ്പം ചാറ്റ്‌സ് ടാബിന് മുകളില്‍ ക്യാമറ ബട്ടണിന് അടുത്തായി മെറ്റ ലോഗോയില്‍ ക്ലിക്ക് ചെയ്തും ചാറ്റിംഗിന് അവസരമുണ്ട്.
നിലവില്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ ചുരുക്കം ചില ഉപയോക്താക്കളുമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ തന്നെ എല്ലാവരിലേക്കും വാട്‌സാപ്പ് എ.ഐ സംവിധാനം എത്തുമെന്നാണ് സൂചന. അധികം വൈകാതെ തന്നെ പ്രാദേശിക ഭാഷകളില്‍ ചാറ്റ് ചെയ്യാനുള്ള സൗകര്യവും അവതരിപ്പിക്കാന്‍ മെറ്റയ്ക്ക് പദ്ധതിയുണ്ട്.