Zero G to 5G; ഫോണ്‍വിളിയിലെ തലമുറമാറ്റം
ഇന്ന് കാണുന്ന രീതിയിലേക്ക് മൊബൈല്‍ ഫോണുകളുടെ ഉപയോഗം മാറുന്നത് 2ജിയുടെ വരവോടെയാണ്. 1996ല്‍ ആണ് കേരളത്തില്‍ മൊബൈല്‍ സേവനം എത്തുന്നത്. ഇനി 5ജിയുടെ ഊഴമാണ്
1995 ജൂലൈ 31 ബംഗാള്‍ മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബസു കൊല്‍ക്കത്തയിലെ പ്രസിദ്ധമായ റൈറ്റഴ്സ് ബില്‍ഡിംഗില്‍ ഇരുന്ന് , ഡല്‍ഹിയിലെ സഞ്ചാര്‍ ഭവിനിലേക്ക് ഒരു ഫോണ്‍ കോള്‍ ചെയ്തു. അന്നത്തെ കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി സുഖ്റാം ആണ് ആ കോള്‍ അറ്റന്റ് ചെയ്തത്. മറുതലയ്ക്കലില്‍ നിന്ന് സുഖ്റാമിന്റെ ശബ്ദം കേട്ടപ്പോള്‍ ജ്യോതി ബസുവിന് ചുറ്റും കൈയ്യടികള്‍ ഉയര്‍ന്നു. മൊബൈല്‍ ഫോണിലൂടെയുള്ള രാജ്യത്തെ ആദ്യ ഫോണ്‍ വിളിക്കുള്ള കൈയ്യടികളായിരുന്നു അത്. സീറോ ജി അഥവ പ്രീ സെല്ലുലാര്‍ സിസ്റ്റം മുതല്‍ ഫിഫ്ത്ത് ജെനറേഷന്‍ അഥവാ 5ജി വരെ എത്തി നില്‍ക്കുകയാണ് നമ്മുടെ വയര്‍ലെസ് ടെലിഫോണ്‍ ടെക്നോളജി.
കൊണ്ടുനടക്കാവുന്ന ഫോണ്‍
കൈയ്യില്‍ കൊണ്ട് നടക്കാവുന്ന ഒരു ഫോണ്‍ എന്ന ആശയത്തിന് 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ട്. ഫിന്‍ലന്‍ഡിന്റെ തോമസ് ആല്‍വ എഡിസണ്‍ എന്നറിയപ്പെട്ടിരുന്ന എറിക് തൈഗേര്‍സ്റ്റെഡ് ആണ് 1917ല്‍ ആദ്യമായി ഒരു പോക്കറ്റ് സൈസ് ഫോള്‍ഡിംഗ് ടെലിഫോണിനായുള്ള പേറ്റന്റ് നേടുന്നത്. കപ്പലുകളിലും മറ്റും ഉപയോഗിച്ചിരുന്ന അനലോഗ് റേഡിയോ കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളെ ഇന്നത്തെ മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ അനലോഗ് സിഗ്‌നലുകള്‍ തന്നെയാണ് ആദ്യ ജനറേഷന്‍ അഥവാ വണ്‍ ജി സാങ്കേതിക വിദ്യയില്‍ വരെ ഉപയോഗിച്ചിരുന്നതും.
രണ്ടാം ലോക മഹായുദ്ധ കാലത്ത് തന്നെ സീറോ ജെനറേഷന്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടായിരുന്നു. അതേ സമയം ഈ സാങ്കേതിക വിദ്യയില്‍ ആദ്യമായി ഒരു പബ്ലിക് കൊമേഴ്സ്യല്‍ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് ആരംഭിക്കുന്നത് 1971ല്‍ ഫിന്‍ലന്‍ഡിലാണ്. അപ്പോഴും കൈയ്യില്‍ കൊണ്ട് നടക്കാവുന്ന ഒരു ഫോണ്‍ ഇറങ്ങിയിരുന്നില്ല. ആദ്യമായി കൈയ്യില്‍ ഒതുങ്ങുന്ന ഒരു ഫോണ്‍ നിര്‍മിച്ചത് അതുവരെ കാറുകളില്‍ ഘടിപ്പിക്കാവുന്ന മൊബൈല്‍ ടെലിഫോണുകള്‍ നിര്‍മിച്ചിരുന്ന മോട്ടോറോളെന്ന കമ്പനിയാണ്.
മോട്ടോറോള നിര്‍മിച്ച പ്രോട്ടോടൈപ്പ് മോഡല്‍ ഉപയോഗിച്ച് മോട്ടോറോളയിലെ ജീവനക്കാരനായിരുന്ന മാര്‍ട്ടിന്‍ കൂപ്പര്‍ 1973 ഏപ്രില്‍ 3ന് മാന്‍ഹാട്ടണില്‍ നിന്ന് മൊബൈല്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ബെല്‍ ലാബ്സിന്റെ ന്യൂജേഴ്സിയിലെ ഓഫീസിലേക്കാണ് ആദ്യ ഫോണ്‍ കോള്‍ നടത്തിയത്. എന്നാല്‍ ഇ ഫോണ്‍ ഡൈന ടക്ക് 8000എക്സ് എന്ന പേരില്‍ വില്‍പ്പനയ്ക്കെത്താന്‍ പിന്നെയും 10 വര്‍ഷങ്ങള്‍ എടുത്തു. 3995 ഡോളറായിരുന്നു ഡൈന ടക്കിന്റെ വില. അതായത് ഇന്നത്തെ കണക്കില്‍ 3 ലക്ഷത്തിനും മുകളില്‍.
ഫസ്റ്റ് ജനറേഷന്‍ വയര്‍ലെസ് സെല്ലുലാര്‍ ടെക്നോളജി അതായത് 1ജി ആദ്യമായി അവതരിപ്പിക്കുന്നത് ജപ്പാനിലെ നിപ്പോണ്‍ ടെലിഫോണ്‍ ആന്‍ഡ് ടെലഗ്രാഫ് ആണ്. അഞ്ച് വര്‍ഷം കൊണ്ട് ഈ നെറ്റ് വര്‍ക്ക് രാജ്യം മുഴുവന്‍ എത്തി. അങ്ങനെ ലോകത്തെ ആദ്യ 1ജി രാജ്യമായി ജപ്പാന്‍ മാറി. ഫോണ്‍ കോളുകള്‍ മാത്രം സാധ്യമാവുന്ന അനലോഗ് സിസ്റ്റം തന്നെയാണ് 1ജിയിലും ഉപയോഗിച്ചിരുന്നത്. മറ്റ് നെറ്റ്വവര്‍ക്കുകള്‍ എത്തിയതോടെ 2000ന്റെ തുടക്കത്തില്‍ തന്നെ 1ജി നെറ്റ്വര്‍ക്കുകള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി. 2017 വരെ റഷ്യയില്‍ 1ജി നെറ്റ്വവര്‍ക്ക് ഉപയോഗിച്ചിരുന്നു.
മാറ്റം 2ജിയിലൂടെ
ഇന്ന് കാണുന്ന രീതിയിലേക്ക് മൊബൈല്‍ ഫോണുകളുടെ ഉപയോഗം മാറുന്നത് 2ജിയുടെ വരവോടെയാണ്. 1991ല്‍ ഫിന്‍ലന്‍ഡിലാണ് 2ജി നെറ്റുവര്‍ക്ക് ആദ്യം എത്തുന്നത്. എസ്എംസ് , എംഎംഎസ്, സേവനങ്ങള്‍ വരുന്നത് 2ജിയില്‍ ആണ്. 14.4 കെബി/സെക്കന്‍ഡ് ആയിരുന്നു 2ജിയുടെ വേഗത. 1995ല്‍ ഇന്ത്യയില്‍ എത്തിയതും ഈ 2ജി നെറ്റ് വര്‍ക്ക് ആണ്. അന്ന് ജ്യോതി ബസുവും സുഖ്റാമുമായി നടത്തിയ ഫോണ്‍വിളി മോദി ടെലസ്ട്ര എന്ന കമ്പനിയുടെ നെറ്റ് വര്‍ക്ക് ഉപയോഗിച്ചായിരുന്നു. ട്രാഫിക് കൂടുതലുള്ള സമയങ്ങളില്‍ ഒരു മിനിറ്റ് സംസാരിക്കാന്‍ 16.8 രൂപവരെയായിരുന്നു ചാര്‍ജ്. ഇന്‍കമിംഗ് കോളിന് 8.4 രൂപയും നല്‍കണമായിരുന്നു. അതായത് ഒരു മിനിട്ട് സംസാരിക്കാന്‍ 24 രൂപയോളം ചെലവ്. 2003ല്‍ ആണ് രാജ്യത്ത് ഇന്‍കമിംഗ് കോളുകള്‍ സൗജന്യമാക്കുന്നത്. ഇതിനൊക്കെ മുന്നോടിയായി 94ല്‍ ഇന്ത്യ ആദ്യമായി സ്പെക്ട്രം ലേലവും നടത്തിയിരുന്നു.
കേരളത്തില്‍ മൊബൈല്‍ സേവനം എത്തുന്നത് 1996ല്‍ ആണ്. വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കര പിള്ളയും ദക്ഷിണ മേഖലാ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എന്‍ആര്‍ ടാന്‍ഡനുമായി സംസാരിച്ചുകൊണ്ടാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ചരിത്രത്തിന് തുടക്കമിടുന്നത്. എസ്‌കോര്‍ട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനിയുടെയും സംയുക്ത സംരംഭമായ എസ്‌കോടെല്‍ ആയിരുന്നു കേരളത്തിലെ ആദ്യ സര്‍വീസ് പ്രൊവൈഡര്‍.
2002ല്‍ ബിപിഎല്‍ കമ്പനി ജിപിആര്‍എസ് സേവനം അവതരിപ്പിക്കുന്നതോടെയാണ് രാജ്യത്ത് മൊബൈല്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കാന്‍ തുടങ്ങിയത്. ജിപിആര്‍എസ് നല്‍കുന്ന നെറ്റ്വര്‍ക്കുകള്‍ 2.5ജി എന്നാണ് അറിയപ്പെട്ടിരുന്നത്. 115 കെബി ആയിരുന്നു സ്പീഡ്. പിന്നീട് എഡ്ജ് അഥവാ 2.75ജിയും എത്തി. 384 കെബി ആയിരുന്നു സ്പീഡ്. ഇതിനിടയില്‍ 2001ല്‍ തന്നെ എന്‍ടിടി ഡോകോമോ ജപ്പാനില്‍ 3ജി നെറ്റവര്‍ക്ക് ആരംഭിച്ചിരുന്നു. 2ജി എത്തി 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ ആണ് 3ജി നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ എത്തുന്നത്. ഡല്‍ഹിയിലും മുംബൈയിലുമൊക്കെ എത്തിയ 3ജി സേവനം ബിഎസ്എന്‍എല്‍ കേരളത്തില്‍ കൊണ്ടുവന്നത് പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞാണ്.
3ജി എത്തിയതോടെ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗം കുറേക്കൂടി വേഗത്തിലായി. വീഡിയോ കോളിംഗ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സ്മാര്‍ട്ട്ഫോണുകളും വ്യാപകമാവുന്നത് 3ജി എത്തുന്നതോടെയാണ്. 3ജിയില്‍ നിന്ന് 4ജിയിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരുന്നു. 3ജി എത്തി വെറും നാല് വര്‍ഷത്തിനുള്ളില്‍ 4ജി നെറ്റ്വര്‍ക്ക് ഇന്ത്യക്കാര്‍ ഉപയോഗിച്ചു. 2012ല്‍ എയര്‍ടെല്‍ ആണ് രാജ്യത്തെ ആദ്യ 4ജി സര്‍വീസ് ആരംഭിച്ചത്. 2015ല്‍ 4ജി സേവനം എയര്‍ടെല്‍ കേരളത്തിലും എത്തിച്ചു. 2016 സെപ്റ്റംബറില്‍ ജിയോ സൗജന്യ 4ജി സേവനവുമായി എത്തിയതോടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം സമാനതകളില്ലാത്ത മാറ്റത്തിന് വിധേയമായി. 3-4 എംബി പെര്‍ സെക്കന്‍ഡ് മാത്രം വേഗതയുണ്ടായിന്ന 3ജിയില്‍ നിന്ന് 4ജിയിലേക്ക് എത്തുമ്പോള്‍ സ്പീഡ് സെക്കന്‍ഡില്‍ 10 എംബിയായി ഉയര്‍ന്നു.
ഇനി 5ജിയുടെ ഊഴമാണ്. സെക്കന്‍ഡില്‍ 50 എംബിയ്ക്കും മുകളിലായിരിക്കും 5ജി നെറ്റ് വര്‍ക്കില്‍ ഇന്റര്‍നെറ്റിന്റെ വേഗത. 5ജി ടെക്‌നോളജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെ ആയി. കാത്തിരുപ്പുകള്‍ക്കൊടുവില്‍ ഈ വര്‍ഷം ഇന്ത്യയിലും 5ജി നെറ്റ്വവര്‍ക്ക് ആരംഭിക്കും. 5ജി നെറ്റ് വര്‍ക്കിനായുള്ള തയ്യാറെടുപ്പിനിടെ ആണ് ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6ജി അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6ജി പരീക്ഷണങ്ങള്‍ പ്രരംഭദശയിലൂടെ കടന്നു പോവുകയാണ്. നിലവില്‍ ചൈന, യുഎസ്, സൗത്ത് കൊറിയ ഉള്‍പ്പടെ പത്ത് രാജ്യങ്ങളില്‍ മാത്രമാണ് 5ജി സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
പോഡ്കാസ്റ്റ് കേൾക്കാൻ ആയി :EP12- Zero G to 5G ; ഫോൺ വിളിയിലെ തലമുറ മാറ്റം